Connect with us

Articles

കെട്ടകാലത്തെ ‘തിളങ്ങുന്ന' മാതൃകകള്‍

Published

|

Last Updated

പരമാധികാരി വിനയാന്വിതനാണ്. പ്രധാന സേവകനെന്നേ പറയൂ. പത്ത് കൊല്ലം മുമ്പത്തെ കണക്കനുസരിച്ചാണെങ്കില്‍ 130 കോടി വരുന്ന ജനങ്ങളുടെയാകെ സേവകന്‍. ആ സേവനത്തിന്റെ ഫലമായി രാജ്യത്തിന്റെ യശസ്സ് ചക്രവാളങ്ങള്‍ ഭേദിച്ച് മുന്നേറിക്കഴിഞ്ഞു. സേവനം ഇങ്ങനെയുമുണ്ടോ എന്ന അന്വേഷണം അന്യഗ്രഹങ്ങളില്‍ നിന്നുമുണ്ടായത്രേ! സംഗതി അതിന്റെ പരമകാഷ്ഠയിലാണ് ഇപ്പോള്‍. ഒരു സൂക്ഷ്മാണു ലോകത്തെയാകെ വെല്ലുവിളിക്കുമ്പോള്‍ നെഞ്ചുവിരിച്ച് നേരിടുന്നതിലെ മികവോര്‍ത്താല്‍ യശസ്സുയരുന്നതില്‍ അത്ഭുതം കൂറേണ്ടിവരില്ല. എന്നിട്ടും മികവില്‍ മികച്ചതെന്ന് ആവര്‍ത്തിക്കേണ്ടി വരുന്നുണ്ട് പ്രധാന സേവകന്. ആവര്‍ത്തന വിരസത അനുഭവപ്പെടുന്നവര്‍, സേവനമൊന്നും ചെയ്യാത്തവരുടെ വായ്ത്താരി മാത്രമാണിതെന്ന് വിമര്‍ശിക്കും. വിമര്‍ശനങ്ങളുടെ മുന്നില്‍ ചൂളിയ ചരിത്രമില്ലാത്തതുകൊണ്ടും ജാള്യം ലവലേശം തീണ്ടിയിട്ടില്ലാത്തതിനാലും “രാജ്യം ലോകത്തിനാകെ മാതൃകയായെന്ന്” ഇനിയും പറയുക തന്നെ ചെയ്യും.
മൂന്ന്കുറി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും ആഴ്ചക്കാഴ്ചക്ക് റേഡിയോയിലൂടെ പ്രഭാഷണം നടത്തിയപ്പോഴും “രാജ്യം ലോകത്തിനാകെ മാതൃക”യാണെന്ന് പറഞ്ഞിരുന്നു. ആര്‍ക്കെങ്കിലും ശങ്കയുണ്ടെങ്കില്‍ തീരാന്‍ ഇതുമതിയാകും. എന്തുകൊണ്ടിങ്ങനെ പറയുന്നുവെന്ന് ചോദിച്ചാല്‍ കേട്ടുപഴകിയ രാഷ്ട്രീയ പ്രസംഗത്തിന്റെ മട്ടില്‍ അതാ അമേരിക്കയിലേക്ക് നോക്കൂ… ബ്രിട്ടനിലേക്ക്, ഇറ്റലിയിലേക്ക്, സ്‌പെയിനിലേക്ക് എന്തിന് ബ്രസീലിലേക്ക് നോക്കൂ… എന്ന് പറഞ്ഞുതുടങ്ങാം. അവിടങ്ങളിലൊക്കെ വൈറസ് പിടികൂടിയവരുടെ എണ്ണം ലക്ഷത്തിലാണ്, സൂക്ഷ്മാണുവിന്റെ ആക്രമണത്തില്‍ ജീവനില്ലാതായവരുടെ എണ്ണം പതിനായിരങ്ങളിലും. വൈറസിനു നേര്‍ക്ക് പത്തൊമ്പതാമത്തെ അടവ് പ്രയോഗിച്ച്, ഇന്ത്യന്‍ യൂനിയനില്‍ കാര്യങ്ങള്‍ കൈവിട്ട് പോകാതെ കാത്തത് ലോകത്തിനാകെ മാതൃകയല്ലെങ്കില്‍ പിന്നെന്താണ്?

രോഗം പടരുമ്പോഴും സമ്പത്തുണ്ടെന്ന ധാര്‍ഷ്ട്യമുണ്ട് ഈ രാജ്യങ്ങള്‍ക്കൊക്കെ. പത്ത് ലക്ഷം പേരില്‍ 26,943 പേരെ പരിശോധിക്കുന്നുണ്ട് അമേരിക്ക. സ്‌പെയിന്‍ പരിശോധിക്കുന്നത് അമ്പതിനായിരം പേരെ, ഇറ്റലി നാല്‍പ്പതിനായിരത്തെയും. മടിയില്‍ കനമില്ലാത്ത ബ്രസീലിന് പോലുമുണ്ട് അഹംഭാവം. പത്ത് ലക്ഷത്തില്‍ ആയിരത്തി അഞ്ഞൂറ്റിപ്പതിനേഴ് പേരെയാണ് പരിശോധിക്കുന്നത്. വിനയാന്വിതമാകയാല്‍ പത്ത് ലക്ഷം പേരില്‍ ആയിരത്തി ഒരുനൂറ്റിപ്പതിനാറ് പേരെ മാത്രമേ ഇന്ത്യന്‍ യൂനിയന്‍ പരിശോധിക്കുന്നുള്ളൂ. കൂടുതല്‍ പേരെ പരിശോധിച്ച്, കൂടുതല്‍ പേരെ രോഗബാധിതരാക്കാനും ആ രോഗം കൊണ്ട് കൂടുതല്‍ പേര്‍ മരിക്കുന്നുണ്ടെന്ന് വരുത്താനും രാജ്യത്തിന്റെ യശസ്സിനെക്കുറിച്ച് വേവലാതിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ല. അതിനാലാണ് പരിശോധനാ കിറ്റുകളടക്കമുള്ള സാമഗ്രികള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. കേന്ദ്രാധികാരം വാങ്ങിനല്‍കുന്നവ ഉപയോഗിച്ചാല്‍ മതി. വാങ്ങി നല്‍കുന്നത് മുഴുവനായി ഉപയോഗിച്ച് തീര്‍ത്ത്, വീണ്ടും ആവശ്യപ്പെട്ടാല്‍ ഗതിയുണ്ടാകില്ല. അതുകൊണ്ട് വാങ്ങി നല്‍കുന്നത് തന്നെ സൂക്ഷിച്ച് ഉപയോഗിക്കണം. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗികളുടെ എണ്ണം കൂട്ടാന്‍ ഒരു സംസ്ഥാനവും ശ്രമിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇതല്ലാതെ മറ്റെന്തുവഴി?

മുന്നൊരുക്കമൊന്നും കൂടാതെ രാജ്യമാകെ അടച്ചിട്ടു എന്നതിനേക്കാള്‍ വലിയൊരു മാതൃകയില്ല. തൊഴില്‍ നഷ്ടപ്പെട്ട്, പട്ടിണി മുന്നില്‍ക്കണ്ടവര്‍ ഉടുതുണിക്ക് മറുതുണി വേണ്ടെന്നുവെച്ച് സ്വന്തം നാടുകളിലേക്ക് പദയാത്ര നടത്തിയ കാഴ്ച മറ്റേതെങ്കിലും രാജ്യത്തുണ്ടോ? അടച്ചിട്ടതിന്റെ നാല്‍പ്പത് കഴിഞ്ഞിട്ടും ആ യാത്ര തുടരുന്നത് വേറെവിടെങ്കിലും കാണാനാകുമോ? നടന്നു കുഴഞ്ഞവര്‍ക്കു മേല്‍ ട്രെയിന്‍ കയറിയിറങ്ങിയ കാഴ്ച ഏതെങ്കിലും നാട്ടിലുണ്ടോ? രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയെയാകെ രോഗം തകര്‍ക്കുമെന്നോ തകര്‍ത്തുവെന്നോ ഉള്ള മിഥ്യാ ധാരണയില്‍ ലക്ഷം കോടികളുടെ ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ച രാജ്യങ്ങളുണ്ട്. കൂടുതല്‍ പരിശോധന നടത്തി കൂടുതല്‍ രോഗികളെ സൃഷ്ടിച്ച രാജ്യങ്ങള്‍ തന്നെയാണ് ഇതിലും മുമ്പന്തിയില്‍. തകര്‍ച്ചകളെക്കുറിച്ചുള്ള ചിന്ത തന്നെ മോശം. അഥവാ തകര്‍ച്ചയുണ്ടായാല്‍ അതനുഭവിക്കേണ്ടത് ജനങ്ങളാണ്. അതനുഭവിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിന് പകരം, സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച് ജനത്തെ മടിയന്‍മാരാക്കുക എന്നത് നല്ല രീതിയല്ല. അതുകൊണ്ടാണ് പാക്കേജ് പേരിന് മാത്രമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയാല്‍, അവരത് വിതരണം ചെയ്യും, എന്തുവന്നാലും സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടും. ദുരിതങ്ങളെ നേരിടാനുള്ള മനോധൈര്യം ജനങ്ങള്‍ക്ക് ഇല്ലാതാകും. അതുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഇതിലും വലിയൊരു മാതൃക ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുണ്ടോ?

കടല്‍ കടന്ന് പണമുണ്ടാക്കാന്‍ പോയവരെ കൈകാര്യം ചെയ്ത രീതിയോ? കടല്‍ കടക്കുന്നത് ബ്രാഹ്മണോചിതമല്ലെന്ന് പണ്ട് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി (വിനയത്താല്‍ പ്രധാന സേവകന്‍ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്നേ പറയൂ) കടല്‍ കടക്കാന്‍ തീരുമാനിച്ച കാലം മുതല്‍ പറയുന്നതാണ്. എന്നിട്ടും കടല്‍ കടന്നവര്‍ക്ക് പണമുണ്ടാക്കുക എന്നതിനപ്പുറമൊന്നില്ല. അങ്ങനെയുണ്ടാക്കിയ പണം മറ്റെവിടേക്കും അയക്കാന്‍ കഴിയാത്തതിനാല്‍ നാട്ടിലേക്ക് അയച്ചിട്ട്, സമ്പദ് വ്യവസ്ഥക്ക് കരുത്തായി എന്നൊക്കെയുള്ള വീരവാദം സഹിക്കാവതല്ല. അങ്ങനെ, സ്വന്തം കാര്യം നോക്കാന്‍ പോയവര്‍ രോഗകാലത്ത് മടങ്ങിവരാന്‍ തിടുക്കം കൂട്ടിയാല്‍ അനുവദിക്കാവതാണോ? അവര്‍ക്ക് സൗകര്യമൊരുക്കാന്‍ ഏതെങ്കിലും സംസ്ഥാനം ഔത്സുക്യം കാട്ടിയാല്‍ അത് പൊടുന്നനെ അംഗീകരിക്കാവുന്നതാണോ? ഇത്രയും കാലം ഇവരുടെ അധ്വാനത്തിന്റെ ഫലമനുഭവിച്ച രാജ്യങ്ങള്‍ രോഗകാലത്ത് ഉടന്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാല്‍ സ്വീകരിക്കാവുന്നതാണോ? ഇല്ലെന്നതില്‍ മൂന്നാണ് കട്ടായം.
ഒടുവിലൊരു ഔദാര്യത്തിന് മുതിരുമ്പോള്‍ അതിലും വേണം രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ പാകത്തില്‍ ചിലത്. “വന്ദേ ഭാരത്” എന്ന് പേരിട്ട് സംഗതി രക്ഷാദൗത്യമാക്കി. രക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിന് കൂലി മുടങ്ങാത്ത ഔദാര്യം. രണ്ട് കൊല്ലം മുമ്പൊരു പ്രളയകാലത്ത് രക്ഷാ ദൗത്യം നടത്തിയ ശേഷം ബില്‍ നല്‍കിയപ്പോള്‍ ആകെ പുകിലായിരുന്നു. ജീവന്‍ രക്ഷിച്ചതിന് കൂലി ചോദിച്ചുവെന്ന് കണ്ണില്‍ച്ചോരയില്ലാതെ ആക്ഷേപിച്ചു. ബില്ലടച്ചതിന് ശേഷം മതി ഇക്കുറി രക്ഷിക്കലെന്ന് നിശ്ചയിച്ചതിന് അനുഭവമാണ് പാഠം. വിവേചനം കാട്ടിയെന്ന് ദുഷിക്കരുത്. കിലോമീറ്ററുകള്‍ നടക്കാന്‍ മടിച്ച, അന്നന്നത്തെ അന്നത്തിന് അധ്വാനിക്കുന്നവരെ ട്രെയിനില്‍ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചപ്പോഴും കൂലി മുന്‍കൂര്‍ അടപ്പിച്ചിട്ടുണ്ട്. നാട്ടിലേക്ക് നടന്നും പോകാമെന്ന് തെളിയിച്ചവരുടെ പാത പിന്തുടരാത്ത അഹങ്കാരികള്‍ക്ക് സൗജന്യമോ?
ആകെ അടക്കാന്‍ തുടങ്ങിയപ്പോള്‍ എണ്ണ വാങ്ങാന്‍ ആളില്ലാതായി. വാങ്ങാന്‍ ആളില്ലെങ്കിലും ഉത്പാദനം കൂട്ടാതെ പറ്റില്ലെന്ന് ചില രാജ്യങ്ങള്‍ നിശ്ചയിച്ചു. ഫലമോ പ്രധാന ചന്തയില്‍ എണ്ണക്ക് വിലയില്ലാതായി. വീപ്പയില്‍ കൊണ്ടുവരുന്നത് സൂക്ഷിച്ചുവെക്കണമെങ്കില്‍ അങ്ങോട്ട് പണം നല്‍കണമെന്ന സ്ഥിതി. വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കി, ദുശ്ശീലങ്ങള്‍ പഠിപ്പിക്കുന്നത് നന്നല്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചാല്‍, രാജ്യം അടച്ചിട്ടതൊന്നും കണക്കിലെടുക്കാതെ ആളുകള്‍ വാഹനങ്ങളുമായി പുറത്തിറങ്ങാന്‍ ഇടയുണ്ട്. ലോകത്തിന് മാതൃകയായ അടച്ചിടല്‍ ഇതുകൊണ്ട് പൊളിയാന്‍ പാടില്ല. ചുങ്കം കൂട്ടി, പെട്രോളിന്റെയും ഡീസലിന്റെയും ഒക്കെ വില ഉയരത്തില്‍ തന്നെ നിര്‍ത്തി, രണ്ട് വട്ടം. ആകമാന പ്രതിസന്ധിക്കാലത്ത്, മറ്റേതെങ്കിലും രാജ്യത്തിന് ഇവ്വിധം വിലകൂട്ടാനായോ? ഈ കെട്ടകാലത്ത് ഇതിലും വലിയൊരു മാതൃക ലോകത്തിന് സംഭാവന ചെയ്യാനാകുമോ!

ലോകത്തിന് മാതൃകയാകാന്‍ പാകത്തില്‍ മറ്റ് പലതും ചെയ്തിട്ടുണ്ട്. രാജ്യമാകെ അടച്ചിടുമ്പോഴും പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചവരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്, ലോകത്തിനാകെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കേന്ദ്രാധികാരത്തെ വിമര്‍ശിക്കാന്‍ മടിക്കാതിരുന്ന സാമൂഹിക പ്രവര്‍ത്തകരെ തുറുങ്കിലാക്കിയത്…അങ്ങനെ പലത്. വിസ്താര ഭയത്താലല്ല, വിനയം കൊണ്ട് എല്ലാം പറയാനാകില്ല. പന്ത്രണ്ട് കൊല്ലത്തെ ഭരണംകൊണ്ട് കടഞ്ഞെടുത്ത ഗുജറാത്ത് മാതൃക മുമ്പേ പ്രസിദ്ധം. അടച്ചിട്ടിട്ടും കൊവിഡ് പടരുമ്പോള്‍ ആ മാതൃക ഇപ്പോഴും തിളങ്ങുന്നു. അതുപോലെ പില്‍ക്കാലം തിളങ്ങും, ഇപ്പോള്‍ ലോകത്തിന് സമര്‍പ്പിച്ച ഈ മാതൃകകള്‍. കൊറോണയേയും പട്ടിണിയേയും അതിജീവിക്കുന്നവര്‍ക്ക് ആ തിളക്കം കാണാം, രാജ്യത്തിന്റെ യശസ്സ് ചക്രവാളങ്ങള്‍ ഭേദിച്ചതില്‍ അഭിമാനം കൊള്ളാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്