Connect with us

Covid19

കുടുംബ പ്രശ്‌നങ്ങളുടെ 'ലോക്കഴിച്ച്' മുപ്പത് ദിനങ്ങള്‍; ഖലീല്‍ ബുഖാരി തങ്ങളുടെ 'സ്‌നേഹകുടുംബം' എപ്പിസോഡ് ശ്രദ്ധേയമാകുന്നു

Published

|

Last Updated

 “സ്‌നേഹ കുടുംബം” പരിപാടിയില്‍ മുപ്പതാമത് ക്ലാസ് നയിക്കുന്ന മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം| കുടുംബ പ്രശ്‌നങ്ങളുടെ “ലോക്കഴിച്ച്” മുപ്പത് എപ്പിസോഡുകള്‍ പിന്നിട്ട് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഖലീല്‍ ബുഖാരി തങ്ങളുടെ “സ്‌നേഹ കുടുംബം” ഓണ്‍ലൈന്‍ പഠന ക്ലാസ് ശ്രദ്ധേയമാകുന്നു. ചെറിയ പ്രശ്‌നങ്ങള്‍ കാരണം കുടുംബ ബന്ധം ശിഥിലമാകുന്ന നവകാലത്ത് ലോക്ക്ഡൗണിനെ ഫലപ്രദമായി കുടുംബങ്ങളില്‍ എത്തിക്കുകയാണ് ഈ കുടുംബ ക്ലാസിലൂടെ. ലോക്ക്ഡൗണും നോമ്പും ഒരുമിച്ച് വന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് ക്ലാസില്‍ പങ്കെടുക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമായി. മഅദിന്‍ അക്കാദമിയില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോയില്‍ വെച്ചാണ് പ്രഭാഷണം നടത്തുന്നത്.
മാതാപിതാക്കളോടുള്ള കടമകള്‍, അമ്മായുമ്മയും മരുമകളും, മക്കളോടുള്ള വിവേചനങ്ങള്‍, നാതൂന്‍ പോര്, കുടുംബത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍, സത്‌സ്വഭാവം, കോപ നിയന്ത്രണം, കുടുംബ ബന്ധം മുറിയുന്ന കാരണങ്ങള്‍, കലഹങ്ങളില്ലാത്ത ദാമ്പത്യ ജീവിതം, വിവാഹ മോചനം, സന്താന പരിപാലനം, പുതിയ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കുടുംബ ബജറ്റ് തുടങ്ങി കുടുംബത്തില്‍ ഐക്യവും കെട്ടുറപ്പും ഭദ്രതയും ഉറപ്പു വരുത്താനുതകുന്ന വിഷയങ്ങളാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ ചര്‍ച്ച ചെയ്തത്.

എല്ലാ ദിവസവും കൃത്യം 1.30 ന് തുടങ്ങി 2.00 മണിക്ക് അവസാനിക്കുന്നത് കൊണ്ട് തന്നെ ക്ലാസിനു വേണ്ടി എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കി ആയിരക്കണക്കിന് പ്രേക്ഷകരാണ് ഓണ്‍ലൈനിലെത്തുന്നത്. നാട്ടിലെ പ്രേക്ഷകര്‍ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ മലയാളി കുടുംബങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്.
കുടുംബ പ്രശ്‌നങ്ങളിലെ പരിഹാരങ്ങള്‍ക്കായി നിരവധി കുടുംബങ്ങള്‍ തന്നെ സമീപിക്കാറുണ്ടെന്നും ഈ ലോക്ക്ഡൗണ്‍ കാലത്ത്് കുടുംബ ജീവിതം സമാധാന പൂര്‍ണമാക്കാന്‍ ഈ ക്ലാസ് ഉപകരിക്കുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. പല കാരണങ്ങളാല്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ക്ലാസിനെ ആസ്പദമാക്കി സമഗ്രമായ ഗ്രന്ഥം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കുടുംബ വിഷയങ്ങളെ പ്രതിപാദിച്ച് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച 304 പേജുള്ള ഓര്‍മക്കൂട്ട് കുടുംബിനികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മുഴുവന്‍ അധ്യായങ്ങളും ക്യൂ ആര്‍ കോഡ് സിസ്റ്റത്തില്‍ സംവിധാനിച്ച ഈ പുസ്തകം കുറഞ്ഞ സമയത്തിനുള്ളില്‍ എട്ട് എഡിഷനുകളിലായി പതിനയ്യായിരത്തോളം കോപ്പികള്‍ വായനാലോകത്തെത്തിയിട്ടുണ്ട്
സ്‌നേഹ കുടുംബം പരിപാടി റമളാന്‍ കഴിയുന്നത് വരെ തുടരും. മഅ്ദിന്‍ അക്കാദമി യൂട്യൂബ്, ഫെയ്‌സ്ബുക്ക് ഒഫീഷ്യല്‍ പേജുകളിലാണ് സംപ്രേഷണം. ഓരോ ദിവസത്തെ ക്ലാസിനെ ആസ്പദമാക്കി വിജ്ഞാന പരീക്ഷയും സംഘടിപ്പിച്ച് വരുന്നുണ്ട്. ക്ലാസുകള്‍ വീക്ഷിക്കുന്നതിനായി:www.youtube.com/MadinAcademy

 

Latest