Connect with us

Palakkad

കെ ടി ജലീലിനെതിരെ മത്സരിക്കുമെന്ന വാർത്ത തെറ്റ്; ചാരിറ്റിയിൽ സജീവമായി ഫിറോസ് കുന്നംപറമ്പിൽ

Published

|

Last Updated

വടക്കഞ്ചേരി | നവ മാധ്യമങ്ങളിലൂടെ നിരവധി രോഗികൾക്ക് സാന്ത്വനമായി മാറിയ ഫിറോസ് കുന്നംപറമ്പിൽ ഒരിടവേളക്ക് ശേഷം വീണ്ടും ചാരിറ്റിയിലേക്ക് തിരിച്ചെത്തി. വലിയ പ്രതീക്ഷയോടെയാണ് സമൂഹം ഫിറോസിന്റെ തിരിച്ച് വരവിനെ നോക്കിക്കാണുന്നത്. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളിലും, സൈബർ ആക്രമണങ്ങളിലും മനം മടുത്താണ് ആറ് മാസം മുമ്പ് ഫിറോസ് രോഗികൾക്കായി വീഡിയോ ചെയ്ത് പണം സ്വരൂപിച്ച് നൽകുന്നത് അവസാനിപ്പിച്ചത്.

എന്നാൽ ഫിറോസ് കുന്നംപറമ്പിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി മുന്നിൽ തന്നേ ഉണ്ടായിരുന്നു. ഈ കാലയളവിൽ ഇരുപത് യുവതികൾക്കായി സമൂഹ വിവാഹവും സംഘടിപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പാണ് ഫിറോസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണം നൽകിയായിരുന്നു തുടക്കം. ഇത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ സമൂഹം ഫിറോസിന്റെ വാക്കുകളെ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രോഗികൾക്കായി 60 കോടിയോളം രൂപയാണ് വീഡിയോകളിലൂടെ ഫിറോസ് സ്വരൂപിച്ച് നൽകിയത്. ഇതിന് പുറമെയാണ് ട്രസ്റ്റിന്റെ പേരിലുള്ള മറ്റ് പ്രവർത്തനങ്ങൾ നടത്തിയത്.
കൊറോണ എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ലോക്ക്ഡൗൺ കൂടി ആയതോടെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന സംസ്ഥാനത്തെ 10,000 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ച് നൽകിയത്. ആറ് മാസത്തിന് ശേഷമുള്ള തിരിച്ചുവരവിൽ മലപ്പുറം ജില്ലയിലെ വേങ്ങര അബ്ദുർറഹ്്മാമാൻ നഗറിൽ വൃക്കരോഗിയായ സ്വാലിഹ് എന്ന യുവാവിന് വേണ്ടിയുള്ള അഭ്യർഥനയുമായാണ് വീഡിയോ ചെയ്തത്.

22 മണിക്കൂറിനുകളിൽ 25 ലക്ഷം രൂപയോളമാണ് സ്വാലിഹിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇനി ആരും അയക്കരുത്, അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് എന്ന് ഫിറോസ്അറിയിച്ചിട്ടും 32 ലക്ഷത്തോളം രൂപ സ്വാലിഹിന് ലഭിച്ചു. തന്റെ പ്രവർത്തനങ്ങളെയെല്ലാം ശത്രുതയോടെ കണ്ട വരാണ് കഴിഞ്ഞ രണ്ട് വർഷക്കാലമായി സൈബർ അക്രമണങ്ങളും, അപവാദ പ്രചരണങ്ങളും നടത്തുന്നത്.

ഇതിന്റെ പേരിൽ ആറ് മാസം രോഗികൾക്കായി വീഡിയോ ചെയ്യൽ നിർത്തിവെച്ചങ്കിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് അറുതി ഉണ്ടായിട്ടില്ല. അതാണ് വീണ്ടും തിരിച്ചുവരവിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഫിറോസ് കുന്നം പറമ്പിൽ സിറാജിനോട് പറഞ്ഞു.

ഒരു പ്രവർത്തനങ്ങളിലും ഞാൻ ഇതുവരേ രാഷ്ട്രീയം കലർത്തിയിട്ടില്ല. ഒരു രാഷ്ട്രീയക്കാരനാവാൻ വേണ്ടിയല്ല എന്റെ പ്രവർത്തനങ്ങൾ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിൽ മന്ത്രി കെ ടി ജലീലിനെതിരെ മുസ്്ലിം ലീഗിന്റെ സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന രീതിയിൽ ചില ഓൺലൈൻ പത്രങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ കഴിയുന്ന കൊറോണ രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി ഒരു കോടിയോളം രൂപയുടെ മരുന്നും മറ്റ് ഉത്്പന്നങ്ങളുമാണ് വിവിധ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ഫിറോസ് കുന്നംപറമ്പിൽ ഫൗണ്ടേഷൻ എത്തിച്ചുനൽകിയത്.

കൂടാതെ ഇവിടങ്ങളിൽ റൂമുകളിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. തനിക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ വന്നാലും സമൂഹത്തിന് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇനി എന്നും മുന്നിൽ ഉണ്ടാകുമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

---- facebook comment plugin here -----

Latest