Connect with us

Covid19

ആശ്വാസ തീരത്ത് അവര്‍; മാലിദ്വീപില്‍ നിന്നുള്ള ആദ്യ സംഘം പ്രവാസികളുമായി ഐ എന്‍ എസ് ജലാശ്വ കൊച്ചിയില്‍

Published

|

Last Updated

കൊച്ചി | മാലിദ്വീപില്‍ കുടുങ്ങിയ പ്രവാസികളില്‍ ആദ്യ സംഘത്തെയും വഹിച്ച് നാവികസേനാ കപ്പലായ ജലാശ്വ കൊച്ചി തീരത്തെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് മാലിദ്വീപില്‍ നിന്ന് തിരിച്ച കപ്പലില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പെടെ 698 പേരാണുള്ളത്. ഇതില്‍ 440 പേര്‍ മലയാളികളാണ്. ആദ്യം 732 പേരെയാണ് യാത്രക്ക് തിരഞ്ഞെടുത്തിരുന്നതെങ്കിലും ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കുകയായിരുന്നു. സാമുദ്രിക ടെര്‍മിനലില്‍ നിന്ന് പോയ പൈലറ്റ് ബോട്ടാണ് കപ്പലിനെ തീരത്തേക്ക് ആനയിച്ചത്.

കപ്പലിനെ തുറമുഖത്തെത്തിക്കാനുള്ള മാലിദ്വീപില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് ജലാശ്വ. നാവികസേനയുടെ മറ്റൊരു കപ്പലായ ഐ എന്‍ എസ് മഗര്‍ അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ “സമുദ്രസേതു”വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്. 50 പേരടങ്ങുന്ന സംഘങ്ങളായാണ് കപ്പലില്‍ നിന്ന് ആളുകളെ ഇറക്കുക. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ തുറമുഖത്ത് എത്തുമ്പോള്‍ത്തന്നെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും തുടര്‍ നിരീക്ഷണത്തിനായി എത്തിക്കും.
കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധനക്കു വിധേയരാക്കി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവര്‍ക്കും പി പി ഇ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപില്‍ നിന്നുള്ള കപ്പല്‍ നേരത്തെ കൊച്ചിയിലെത്തിയിരുന്നു. 121 എം വി അറേബ്യന്‍ സീ എന്ന കപ്പലാണ് തീരത്തെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.