Connect with us

Ongoing News

ഓട്ടുപാറ: ബീരാൻ ഔലിയക്ക് തണലേകിയ സ്ഥലം

Published

|

Last Updated

വെള്ളില ഓട്ടുപാറ

ആത്മീയ തണലൊരുക്കിയ വെള്ളില ഓട്ടുപാറ ഓർമയാകുന്നു. ഏറനാട്-വള്ളുവനാട് അതിർത്തിയിൽ അഞ്ച് ഏക്കറിലധികം പരന്ന് കിടന്നിരുന്ന ഓട്ടുപാറ പ്രശസ്ത സൂഫിവര്യൻ ബീരാൻ ഔലിയക്ക് ധ്യാന നിരതക്ക് തണലേകിയ സ്ഥലമായിരുന്നു. വിശാലമായി പരന്ന് കിടക്കുന്ന പാറയുടെ നടുവിലായി പടർന്ന് പന്തലിച്ച നിൽക്കുന്ന ആൽമരം ഇവിടെ സന്ദർശിക്കുന്നവർക്ക് എറെ അനുഭൂതി നൽകും. തണുപ്പ്മുറ്റിയ ഈ ആൽമരത്തിന് താഴെയായിരുന്നു സൂഫിയുടെ താവളമെന്ന് പഴമക്കാർ പറയുന്നു. ഇതിന് തൊട്ടടുത്തുള്ള അരുവിയിൽ നിന്ന് അംഗസ്‌നാനം ചെയ്ത് എപ്പോഴും ഇവിടെ പ്രാർഥനാനിരതനായി കഴിയുകയായിരുന്നു ബീരാൻ ഔലിയ.

ഇടക്ക് പൊതുസമൂഹത്തിലേക്കിറങ്ങുന്ന ഇദ്ദേഹം ജനങ്ങൾക്ക് വേണ്ട ആത്മീയ ഉപദേശങ്ങളും സാന്ത്വനവും നൽകിയിരുന്നു. ഈ പ്രദേശത്ത് കൃഷിനാശം നേരിട്ട സമയത്ത് കർഷകർ പരാതി പറഞ്ഞപ്പോൾ കൃഷി ഇറക്കിയതിന് ശേഷം ഓട്ടുപാറയിൽ കയറി മൻ ഖൂസ് മൗലിദ് നടത്താൻ നിർദേശിച്ചിരുന്നു. 1940 മുതൽ 90 വരെ ഇവിടം മൗലിദ് നടന്നിരുന്നു. വെള്ളിലക്കാരും വള്ളിക്കാപ്പറ്റക്കാരുമായി രണ്ട് ദേശക്കാർ എല്ലാ വർഷവും രണ്ട് തവണയായി നേർച്ച നടന്നിരുന്നുവെന്നതും ഓട്ടുപാറ നേർച്ചയുടെ സവിശേഷതയാണ്.
എന്നാൽ തൊണ്ണുറുകൾക്ക് ശേഷം ക്വാറി-ക്രഷർ മാഫിയകൾ ഈ പാറ വിഴുങ്ങാൻ തുടങ്ങിയതോടെ പാറ മുകളിലേക്കുള്ള വഴി അടഞ്ഞത് നേർച്ച നിലക്കാനും സന്ദർശനം ഇല്ലാതാകാനും കാരണമായി. ആദ്യഘട്ടങ്ങളിൽ വിശ്വാസികളും പ്രകൃതി സ്‌നേഹികളും എല്ലാം മാഫിയകൾക്കെതിരെ ചെറുത്തുനിന്നെങ്കിലും പണത്തിന്റെയും അധികാരത്തിന്റെയും മറവിൽ ഇവർ പ്രകൃതിയെ കാർന്ന് തിന്ന് കൊണ്ടിരിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി ആറിലധികം ക്വാറികളും 24 മണിക്കൂറും പ്രവൃത്തിക്കുന്ന രണ്ട് വൻ ക്രഷറുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് പരിസരപ്രദേശങ്ങളെ വീക്ഷിക്കാൻ ബ്രിട്ടീഷുകാർ ഓടുപാറയെ ഉപയോഗപ്പെടുത്തിയിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് 1500ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓട്ടുപാറ പന്തല്ലർ മലയുടെ തെക്കേ അറ്റത്തേ വലിയ ആണിക്കല്ലായാണ് സ്ഥിതി ചെയ്യുന്നത്. വടക്കേ അറ്റം എറനാട്ടിലെ ആനക്കയം പഞ്ചായത്തിലും തെക്കേ അറ്റം വള്ളുവനാട്ടിലെ മങ്കട ഗ്രാമപഞ്ചായത്തിലുമായി പരന്ന് കിടക്കുന്നത്. ഭൂമി ശാസ്ത്രപരമായി പല പ്രത്യേകതകളുള്ള ഇവിടെ കഴിഞ്ഞ കാലങ്ങളിൽ സഞ്ചാരികളുടെ പറുദീസയായിരുന്നു. വെള്ളിലയിലെയും പരിസരങ്ങളിലെയും വീടുകളിൽ അഥിതികൾ വന്നാൽ ഓട്ടുപാറ സന്ദർശിക്കാതെ മടങ്ങാറുണ്ടായിരുന്നില്ല. റവന്യൂ വകുപ്പിന്റെ സർവേയുമായി ബന്ധപ്പെട്ട ഒട്ടനേകം അടയാളപ്പെടുത്തലുകൾ വിവിധ ഭാഗങ്ങളിൽ കാണാമായിരന്നു.
മലപ്പുറത്ത് നിന്ന് കൂട്ടിലങ്ങാടി വഴി വെള്ളിലയിലെത്തുന്ന പട്ടാളക്കാർ കുതിരകളെ മെയിൻ റോഡിൽ തളച്ച് കാട്ടുപാതയിലൂടെ നടന്നാണ് ഓട്ടുപാറയിലെത്തിയിരുന്നത്. അതിനാൽ ഈ കുതിരകളെ തളച്ചിരുന്ന സ്ഥലം കുതിരപ്പന്തി എന്ന് പേരിലാണ് അറിയപ്പെട്ടിരുന്നത്. ഖിലാഫത്ത് സമരവുമായി വെള്ളിലക്ക് വലിയ ചരിത്രപ്രധാന്യമുണ്ട്. സമരത്തിൽ വീരമൃത്യു വരിച്ചവരുടെ ഖബറിടങ്ങൾ വെള്ളിലയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

ആദ്യകാലത്ത് ആരും ഏറ്റെടുക്കാതെ കിടന്നിരുന്ന പാറ പിന്നിട് റവന്യൂ വിഭാഗത്തെ സ്വധീനിച്ച് പലരും സ്വന്തം പേരിലാക്കിയതാണെന്നാന്ന് പറയപ്പെടുന്നത്. ഇത് പിന്നീട് ക്വാറി മാഫിയ കൈയടക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി പാറയുടെ പകുതിയിലധികം മാഫിയ കാർന്ന് തിന്നുകഴിഞ്ഞു. ഓട്ടുപാറയുടെ നശീകരണത്തോടെ വൻ ദുരന്തം ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം.