Connect with us

Editorial

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച

Published

|

Last Updated

എൽ ജി പോളിമര്‍ കമ്പനി അധികൃതരുടെ അനാസ്ഥയുടെ അനന്തരഫലമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം. കമ്പനിയിലെ രാസവസ്തുക്കള്‍ അശാസ്ത്രീയമായി സൂക്ഷിച്ചതാണ് 11 പേരുടെ മരണത്തിനും നൂറുകണക്കിനാളുകള്‍ക്ക് മാരകമായ വിഷ ബാധയേല്‍ക്കാനും ഇടയാക്കിയതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ വിശദീകരണം. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്‌റ്റൈറീന്റെ ചോര്‍ച്ചയാണ് പ്രദേശത്ത് ദുരന്തം സൃഷ്ടിച്ചത്. 5,000 ടണ്ണോളം സ്‌റ്റൈറീന്‍ കമ്പനിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇരുപത് ഡിഗ്രി സെല്‍ഷ്യസില്‍ കുറവ് താപനിലയില്‍ സൂക്ഷിക്കേണ്ട ഈ അസംസ്‌കൃത വസ്തു ശീതീകരണ സംവിധാനത്തിലെ പിഴവ് കാരണം താപനില കൂടിയതോടെ രാസപ്രവര്‍ത്തനം സംഭവിച്ചാണ് ചോര്‍ച്ചയുണ്ടായത്. മര്‍ദവ്യത്യാസവും താപനിലയിലെ വ്യതിയാനവും രാസവസ്തുക്കളുടെ ഘടനയില്‍ മാറ്റങ്ങളുണ്ടാക്കുകയും അവ കൃത്യമായി കണ്ടെത്താതിരുന്നാല്‍ ഗുരുതരമായ കുഴപ്പങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
213 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നതാണ് തെക്കന്‍ കൊറിയന്‍ സ്ഥാപനമായ വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽ ജി പോളിമര്‍ കമ്പനി. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഈ സ്ഥാപനം 23 വര്‍ഷമായി പ്രവര്‍ത്തനം തുടങ്ങിയിട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയായിരുന്നു കമ്പനി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. ദിവസങ്ങളോളം അടച്ചിട്ട ഫാക്ടറികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും മുമ്പ് വായുസഞ്ചാരം ഉറപ്പുവരുത്തുകയും യന്ത്രങ്ങളും സുരക്ഷാ കവചങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് നിബന്ധനയുണ്ട്. എൽ ജി പോളിമര്‍ കമ്പനി ഇക്കാര്യങ്ങള്‍ പാലിച്ചിരുന്നോ എന്നും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

വ്യാഴാഴ്ച രണ്ട് തവണ വാതക ചോര്‍ച്ചയുണ്ടായി കമ്പനിയില്‍. പുലര്‍ച്ചെ 2.30നായിരുന്നു ആദ്യ ചോര്‍ച്ച. സമീപ പ്രദേശങ്ങളിലെ ആളുകള്‍ ഉറക്കത്തിലായിരുന്നു അന്നേരം. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കിയത്. വിവരമറിഞ്ഞ് രക്ഷപ്പെടാനായി വീടുകളില്‍ നിന്ന് ഇറങ്ങിയോടിയവര്‍ തെരുവുകളില്‍ കുഴഞ്ഞു വീണു. പലര്‍ക്കും പൊള്ളലേറ്റു. ചിലര്‍ കിണറ്റില്‍ വീണു. ബോധരഹിതരായി ആളുകള്‍ തെരുവുകളിലും വീടുകളിലും വീഴുകയും ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് വാതക ചോര്‍ച്ച പുറംലോകം അറിഞ്ഞത്. വഴിയരികിലും വീടുകളിലും റോഡുകളിലും ഓവുചാലുകളിലുമടക്കം ആളുകള്‍ ബോധരഹിതരായി വീണുകിടക്കുന്നതും ബോധരഹിതരായ കുട്ടികളുമായി അമ്മമാര്‍ നിലവിളിച്ചു കൊണ്ട് ഓടുന്നതുമായ കാഴ്ച ഹൃദയഭേദകമാണ്. 1984 ഡിസംബറില്‍ ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് പ്ലാന്റില്‍ നിന്നുണ്ടായ വിഷവാതക ചോര്‍ച്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ രംഗങ്ങള്‍.
ചോര്‍ച്ച നടന്ന് ഏറെ കഴിയുന്നതിനു മുമ്പേ രക്ഷാപ്രവര്‍ത്തനത്തിനായി പോലീസും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ ഡി ആര്‍ എഫ്) സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രദേശത്ത് പുക നിറഞ്ഞതിനാല്‍ അവര്‍ക്ക് പെട്ടെന്ന് വീടുകളിലേക്ക് കയറി ജനങ്ങളെ ഒഴിപ്പിക്കാനായില്ല. പുക നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. വീടുകളുടെ വാതില്‍ പൊളിച്ചു കടന്നാണ് പലരെയും ആശുപത്രിയിലെത്തിച്ചത്. 20ഓളം ഗ്രാമങ്ങളിലെ ആയിരക്കണക്കിനു പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. രാസവസ്തു വലിയ കണ്ടെയ്‌നറില്‍ നിന്ന് ചെറുതിലേക്ക് മാറ്റുന്നതിനിടെയായിരുന്നു രണ്ടാമത്തെ ചോര്‍ച്ച. വാതക ചോര്‍ച്ച നടക്കുന്ന ഘട്ടത്തില്‍ 20 ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചതു കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.

പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയ പല വ്യവസായങ്ങള്‍ക്കും ആവശ്യമായ രാസവസ്തുവാണ് സ്റ്റൈറീന്‍. പാക്കിംഗ് മെറ്റീരിയലുകള്‍, ഇലക്ട്രിക്കല്‍ ഇന്‍സുലേഷന്‍, ഫൈബര്‍ ഗ്ലാസ്, ഭക്ഷണാവശ്യത്തിനുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍, കാര്‍പെറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ചോര്‍ച്ച സംഭവിച്ചാല്‍ കണ്ണുകളിലൂടെയും ത്വക്കിലൂടെയുമാണ് ഈ വാതകം ജീവികളില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെത്തിയാല്‍ ഇത് സ്റ്റൈറീന്‍ ഓക്‌സൈഡ് ആയി മാറുകയും അതോടെ കോശങ്ങളുടെ എന്‍ ഡി എയെ വരെ ക്രമരഹിതമാക്കുന്ന അത്യന്തം വിഷമയമായ വസ്തുവായി മാറുകയും ചെയ്യുന്നു. സ്റ്റൈറീനുമായുള്ള കൂടിയ സമ്പര്‍ക്കം മനുഷ്യരുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നാഡീവ്യൂഹത്തെ തന്നെ ബാധിക്കും. ക്യാന്‍സറിനു കാരണമാകും.
അശ്രദ്ധമായും അശാസ്ത്രീയമായുമുള്ള രാസവസ്തുക്കളുടെ ഉപയോഗം രാജ്യത്ത് പലപ്പോഴും വാതക ചോര്‍ച്ചയും ദുരന്തങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അന്നൊക്കെയും രാസവസ്തുക്കള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇത്തരം സ്ഥാപനങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ചുരുക്കം ചില കമ്പനികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടെങ്കിലും മിക്കതും കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്. വിഷവാതക ചോര്‍ച്ചയുടെ പ്രത്യാഘാതം ദൂരവ്യാപകമാണ്. ദശകങ്ങളോളം നീണ്ടുനില്‍ക്കും പലപ്പോഴും അതിന്റെ ദുരിതങ്ങള്‍. മൂന്നര പതിറ്റാണ്ടിനു മുമ്പത്തെ ഭോപ്പാല്‍ വിഷവാതക ദുരന്തം ഇപ്പോഴും പ്രദേശത്തുകാരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വിഷബാധയേറ്റ പതിനായിരങ്ങള്‍ ഇപ്പോഴും മാരക രോഗങ്ങള്‍ക്കിരയായും ജീവച്ഛവങ്ങളായും നരക ജീവിതം അനുഭവിക്കുകയാണ്. ഇവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിലും നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിലും ഭരണസംവിധാനം പരാജയപ്പെടുകയും ചെയ്തു. കൊവിഡ് വൈറസ് ബാധ രാജ്യമെമ്പാടുമുള്ള മനുഷ്യജീവിതം ദുരിതത്തിലാക്കിയ ഈ ഘട്ടത്തില്‍ സംഭവിച്ച വാതക ചോര്‍ച്ച വലിയ ആഘാതമാണ് വരുത്തിവെച്ചത്. ഈ ദുരന്തത്തിന്റെ ആഴം ദിവസങ്ങള്‍ കൊണ്ടേ തിട്ടപ്പെടുത്താനാകൂ.

Latest