Connect with us

Organisation

ഐ സി എഫിന്റെ കരുതലിൽ നാജിയ നാടണഞ്ഞു

Published

|

Last Updated

കോഴിക്കോട് | അനിശ്ചിതത്വത്തിനൊടുവിൽ ഐ സി എഫിന്റെ കരുതലിൽ നാജിയ നാടിന്റെ സ്‌നേഹത്തണലിൽ. ദുബൈയിൽ നിന്ന് കരിപ്പൂരിലേക്കുള്ള ആദ്യ വിമാനത്തിൽ ആകുലതകളില്ലാതെ അവർ നാടണഞ്ഞു. ഇനി 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ. ദുബൈയിൽ ജോലി ചെയ്യുന്ന ഭർത്താവിനടുത്തേക്ക് മാർച്ച് നാലിന് വിസിറ്റ് വിസയിൽ എത്തി ഒരു മാസം കഴിഞ്ഞ് തിരിച്ചുവരാനിരിക്കെയാണ് ഗർഭിണിയായ നാജിയയുടെ യാത്ര ലോക്ക്ഡൗണിനെ തുടർന്ന് അനിശ്ചിതത്വത്തിലായത്.

എന്നാൽ കൊവിഡിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസംസ്ഥാന സർക്കാറുകൾ തീരുമാനമെടുത്തതിനെ തുടർന്ന് എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതോടെ നാട്ടിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അപ്പോഴും യാത്രക്കുള്ള അനിശ്ചിതത്വം നീങ്ങിയിരുന്നില്ല. അതിനിടെ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ കൂടിവന്നു. കടുത്ത നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കുമിടയിലുള്ള യാത്ര സംബന്ധിച്ച് അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാതായതോടെ ഭർത്താവ് മഞ്ചേരി പൂളമണ്ണ സ്വദേശിയും ദുബൈ മലബാർ ഗോൾഡ് ജീവനക്കാരനുമായ ശഫീഖ് നെടുമ്പക്കും ആധി പെരുത്തു.
ഗർഭിണിയെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ബന്ധുക്കളും കടുത്ത ആശങ്കയിലായി. ഇതിനിടെയാണ് ഒമാനിലെ സീബിലുള്ള പിതാവ് കെ ഉമർ ഫൈസി നെല്ലിക്കുത്ത് യാത്ര സംബന്ധിച്ച വിവരങ്ങളറിയാൻ ഐ സി എഫ് നാഷനൽ ഹെൽപ് ലൈനിൽ നിസാർ സഖാഫിയുമായി ബന്ധപ്പെടുന്നത്. ഇതേത്തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട് ദുബൈ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും നാട്ടിലെ വിമാനത്താവളത്തിലെയും തുടർന്നുള്ള യാത്രാ നടപടിക്രമങ്ങളെ കുറിച്ചുമറിയാൻ കേരള മുസ്‌ലിം ജമാഅത്തിനു കീഴിൽ പ്രവാസികളുടെ യാത്രാ സേവനങ്ങൾക്കായി ഏർപ്പെടുത്തിയ വിപുലമായ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന കൺട്രോൾ ബോർഡുമായി ബന്ധപ്പെടുകയും ചെയ്തു. ചുമതല ബോർഡ് അംഗം മുഹമ്മദ് പറവൂർ ഏറ്റെടുത്തു. കരിപ്പൂരിലെ ഹെൽപ് ഡസ്‌കും സജീവമായി. തുടർന്ന് കൺട്രോൾ ബോർഡിന്റെ ഒരു പകൽ മുഴുവൻ നീണ്ട അന്വേഷണങ്ങളും ഇടപെടലുകളും. ലഭിച്ച വിവരങ്ങൾ അപ്പപ്പോൾ ഒമാനിലേക്കും ദുബൈയിലേക്കും നാട്ടിലെ ബന്ധുക്കൾക്കും നൽകിക്കൊണ്ടിരുന്നു. കൺട്രോൾ ബോഡിന്റെ ഇടപെടലിനെ തുടർന്ന് യാത്രക്കുള്ള എല്ലാ ആശങ്കകളും നീങ്ങിത്തുടങ്ങി. ആദ്യ ഗൾഫ് വാസത്തിന്റെ ദുരിത വർത്തമാനങ്ങൾ അയവിറക്കി നാജിയ വെള്ളിയാഴ്ച രാത്രി 10.33ന് കരിപ്പൂരിൽ വിമാനമിറങ്ങി.

നാട്ടിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ച് ആരോഗ്യ സംബന്ധമായ രേഖകൾ ഹാൻഡ് ബാഗിൽ തന്നെ വെച്ചത് ഏറെ സഹായകമായെന്ന് അവർ പ്രതികരിച്ചു. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങളെല്ലാം എളുപ്പമായിരുന്നെന്നും ഒരു പറ്റം മനുഷ്യസ്‌നേഹികളുടെ ഇടപെടൽ മൂലമാണ് പിരിമുറുക്കങ്ങളില്ലാതെ നാട്ടിലെത്താനായതെന്നും അവർ പറഞ്ഞു. നാട്ടിലെ ഹെൽപ്‌ലൈൻ മുഖേന ലഭിച്ച നിർദേശമനുസരിച്ച് അധികൃതർ ഏർപ്പെടുത്തിയ ടാക്‌സിയിൽ പുറപ്പെട്ടു. പുറത്ത് എയർപോർട്ട് ജംഗ്ഷനിൽ കാത്തു നിന്ന വാഹനത്തിന്റെ അകമ്പടിയിൽ രാത്രി ഒരു മണിയോടെ സ്വന്തം വീട്ടിലെത്തി. ഇവിടെയാണ് ഇവർ ക്വാറന്റൈനിൽ കഴിയുക. രണ്ട് നാൾ നീണ്ട ആശങ്കകൾക്ക് അറുതി വരുത്തി യാത്ര ലളിതമാക്കാൻ നിതാന്ത ജാഗ്രതയോടെ പ്രവർത്തിച്ച കേരള മുസ്‌ലിം ജമാഅത്ത്, ഐ സി എഫ് നേതൃത്വത്തോടും പറവൂർ മുഹമ്മദ് മാഷോടും നിസാർ സഖാഫിയോടും അതിലുപരി പടച്ച റബ്ബിനോടും ഞങ്ങൾക്കുള്ള കടപ്പാടുകൾ പറഞ്ഞറിയിക്കാനാകാത്തതാണെന്ന് നാജിയയും പിതാവ് ഉമർ ഫൈസിയും സിറാജിനോട് പറഞ്ഞു. മുസ്‌ലിം ജമാഅത്ത് കൺട്രോൾ ബോർഡിനു കീഴിൽ വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ജില്ലാതലങ്ങളിലും ഗൾഫ് രാജ്യങ്ങളിൽ നാഷനൽ, സെൻട്രൽ തലങ്ങളിലും ഹെൽപ് ലൈനുകളും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും കേരളത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും ഹെൽപ് ഡസ്‌കുകളും അനുബന്ധമായി വളണ്ടിയർ വിംഗും സജ്ജീകരിച്ചിട്ടുണ്ട്.