Connect with us

National

ബാബ്‌രി കേസ്: അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ വിചാരണ ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസിന്റെ വിചാരണ ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി. ലഖ്നൗവിലെ പ്രത്യേക സി ബി ഐ കോടതിക്കാണ് പരമോന്നത കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നടപടികള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം 2017 ഏപ്രില്‍ 19 ന് സുപ്രീം കോടതി പുനഃസ്ഥാപിച്ചിരുന്നു.

ഒമ്പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സമയപരിധി ഏപ്രിലില്‍ അവസാനിക്കാനിരിക്കുകയാണ്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന് പ്രത്യേക സി ബി ഐ കോടതി ജഡ്ജി സുപ്രീം കോടതി മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നു.

Latest