Connect with us

Covid19

കൊവിഡ് 19: മൃഗങ്ങളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് ചൈന

Published

|

Last Updated

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കെട്ടിടം. ഈ പരീക്ഷണ ശാലയില്‍ നിന്നാണ് കൊവിഡിന് കാരണമായ വൈറസ് പുറത്തുവിട്ടതെന്ന് അമേരിക്ക ആരോപിക്കുന്നു

ബീജിംഗ് | കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈന മൃഗങ്ങളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാലത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് വിജയം കൈവരിക്കാനായത്. ബീജിംഗ് ആസ്ഥാനമായുള്ള സിനോവാക് ബയോടെക് ലബോറട്ടറിയില്‍ വികസിപ്പിച്ച പൈക്കോവാക് ഇനത്തില്‍ പെട്ട വാക്‌സിന്‍ ഉപയോഗിച്ചാണ് മൃഗങ്ങളില്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ കുത്തിവച്ച ശേഷം രോഗപ്രതിരോധ ശേഷിയുള്ള ആന്റിബോഡികള്‍ നിര്‍മിക്കുന്നതോടെ സാധാരണ വൈറസുകളെ നശിപ്പിക്കാനുള്ള കഴിവുകള്‍ മൃഗങ്ങള്‍ ആര്‍ജിക്കുന്നതായി കണ്ടെത്തി.

ഇന്ത്യന്‍ വംശത്തില്‍ പെട്ട റിസസ് മക്കാക്കു കുരങ്ങുകളെയാണ് പരീക്ഷണത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ആദ്യ ആഴ്ചയില്‍ കുത്തിവെപ്പിലൂടെ വാക്‌സിന്‍ കുരങ്ങുകളുടെ ശരീത്തിലെത്തുകയും രണ്ടാം വാരത്തില്‍ വാക്‌സിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയുമായിരുന്നു. അതേസമയം തന്നെ മൃഗങ്ങളില്‍ ന്യൂമോണിയ പരീക്ഷണവും പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ മൂന്നാഴ്ച സമയമാണ് നിരീക്ഷണത്തിനായി വേണ്ടി വന്നത്. പരീക്ഷണം വിജയകരമായതോടെ മനുഷ്യരില്‍ പ്രയോഗിക്കുന്നതിനുള്ള കൊവിഡ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.

2020 ഏപ്രില്‍ മുതല്‍ ചൈനയില്‍ മനുഷ്യര്‍ക്കായുള്ള വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചതായി പേരു വെളിപ്പെടുത്താത്ത ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വാക്‌സിന്‍ കാന്‍ഡിഡേറ്റ് “പൈക്കോവാക്” ഉപയോഗിച്ച് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വാക്‌സിന്‍ കാന്‍ഡിഡേറ്റ് “പൈക്കോവാക്” ഇനത്തില്‍ പെട്ട മരുന്നുകള്‍ രോഗ വ്യാപനം തടയുന്നതിന് കൂടുതല്‍ സഹായകമാണെന്നും ഇന്‍ഫ്‌ളുവന്‍സ്, പോളിയോ പോലുള്ള വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിന് സുരക്ഷിതവും ഫലപ്രദവുമാണെന്നുമാണ് ചൈന അവകാശപ്പെടുന്നത്.

നേരത്തെ, ആസ്‌ത്രേലിയന്‍ ബയോസെക്യൂരിറ്റി ലബോറട്ടറിയും കൊവിഡ് 19 വാക്‌സിനുകള്‍ മൃഗങ്ങളില്‍ പരീക്ഷിച്ചിരുന്നു. പരീക്ഷണം വിജയിച്ചതോടെ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനികളായ മോഡേണ, നോവാവാക്‌സ്, ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ് ക്യൂര്‍വാക്, ഹോങ്കോംഗ് സര്‍വകലാശാല, ഫ്രാന്‍സ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്ചര്‍, ഓസ്ട്രിയന്‍ ബയോടെക്‌നോളജി കമ്പനിയായ തെമിസ്, യു എസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ കൊവിഡ് പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആസ്‌ത്രേലിയ.

Latest