Connect with us

Gulf

സഊദിയില്‍ നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനം കരിപ്പൂരില്‍

Published

|

Last Updated

കരിപ്പൂര്‍ | സഊദിയിലെ റിയാദില്‍ നിന്ന് പ്രവാസികളെയും വഹിച്ചുള്ള എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തി. സഊദിയില്‍ നിന്ന് കേരളത്തിലെത്തുന്ന ആദ്യ വിമാനമാണിത്. 148 മുതിര്‍ന്നവരും നാല് കുട്ടികളുമുള്‍പ്പെടെ 152 പേരാണ് വിമാനത്തില്‍ എത്തിയത്. ഇതിനു പുറമെ നാല് ക്യാപ്റ്റന്മാരും നാല് ക്യാബിന്‍ ക്രൂവും വിമാനത്തിലുണ്ട്. ഇവരില്‍ 88 പേര്‍ ഗര്‍ഭിണികളാണ്. തൊഴില്‍ കരാര്‍ അവസാനിച്ചവര്‍, വിദഗ്ധ ചികിത്സക്കായി മടങ്ങുന്നവര്‍ എന്നിവരും ആദ്യ യാത്രാ സംഘത്തിലുണ്ട്. പരിശോധനകള്‍ക്കു ശേഷം യാത്രക്കാരെ പുറത്തിറക്കും. ബഹ്റൈന്‍-നെടുമ്പാശ്ശേരി വിമാനവും ഇന്ന് എത്തിച്ചേരും.

900 റിയാലാണ് ടിക്കറ്റ് നിരക്കായി എയര്‍ ഇന്ത്യ സഊദിയില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. നാട്ടിലേക്ക് മടങ്ങുന്നതിനായി സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇതുവരെ 60,000ത്തില്‍ പരമാളുകളാണ് രജിസ്റ്റര്‍ ചെയ്ത് യാത്രക്കായി കാത്തിരിക്കുന്നത്. സഊദിയില്‍ നിന്ന് പ്രവാസികളുമായി എത്താന്‍ അഞ്ചു വിമാന സര്‍വീസുകളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം കേരളത്തിലേക്കും രണ്ടെണ്ണം ഡല്‍ഹിയിലേക്കുമാണ് സര്‍വീസ് നടത്തുക. മെയ് പത്തിന് റിയാദ്-ഡല്‍ഹി, മെയ് 12 ന് ദമാം-കൊച്ചി, മെയ് 13 ന് ജിദ്ദ-ഡല്‍ഹി, മെയ് 14 ന് ജിദ്ദ-കൊച്ചി എന്നീ സര്‍വീസുകളാണ് ഷെഡ്യുള്‍ ചെയ്തിട്ടുള്ളത്.

അബൂദബിയില്‍ നിന്നും ദുബൈയില്‍ നിന്നും പ്രവാസികളെയും വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ഇന്നലെ കേരളത്തിലെത്തിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹത 452 എന്ന അബൂദബി-നെടുമ്പാശ്ശേരി വിമാനം രാത്രി 10.07ഓടെയും ദുബൈ-കരിപ്പൂര്‍ വിമാനം 10.32ഓടെയുമാണ് എത്തിയത്.