Connect with us

National

മൂല്യവര്‍ധിത നികുതിയില്‍ വര്‍ധന; ഡല്‍ഹിയില്‍ ഇന്ധന വില കൂടി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിവാസികള്‍ പെട്രോളിനു ഡീസലിനും ഇന്നു മുതല്‍ അധിക വില നല്‍കണം. പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) നിലവിലെ 27 ശതമാനത്തില്‍ നിന്ന് 30ഉം ഡീസലിന്റെത് 16.75 ശതമാനത്തില്‍ നിന്ന് 30ഉം ആക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ 67 പൈസ വര്‍ധിച്ച് 71 രൂപ 26 പൈസയും ഡീസലിന് ഏഴു രൂപ പത്ത് പൈസ വര്‍ധിച്ച് 69 രൂപ 39 പൈസയുമായി. നേരത്തെ യഥാക്രമം 69.59, 62.29 എന്നിങ്ങനെയായിരുന്നു നിരക്ക്.

ഇന്ധന വിലയിലെ വര്‍ധന റവന്യൂ വരുമാനം കൂട്ടാന്‍ സഹായിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ലോക്ക് ഡൗണ്‍ കടുത്ത പ്രത്യാഘാതമാണ് റവന്യൂ വരുമാനത്തില്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് അവര്‍ വ്യക്തമാക്കി. പ്രകാശവും മഴവില്ലുകളും നിറഞ്ഞത് മാത്രമല്ല ജീവിതമെന്നും പ്രയാസകരമായ സാഹചര്യങ്ങളില്‍ കഠിനമായ പരിഹാര നടപടികള്‍ വേണ്ടിവരുമെന്നാണ് ധനകാര്യ മന്ത്രിയെന്ന നിലയില്‍ താന്‍ പഠിച്ചിട്ടുള്ള പാഠമെന്നും വകുപ്പിന്റെ കൂടി ചുമതലയുള്ള ഡെപ്യൂട്ടി മുഖ്യമന്ത്രി മനിഷ് സിസോദിയ ട്വീറ്റ് ചെയ്തു. മദ്യത്തിന് 70 ശതമാനം “പ്രത്യേക കൊറോണ ഫീ” ഏര്‍പ്പെടുത്തുമെന്ന് തിങ്കളാഴ്ച ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ധന വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്.

ചെന്നൈയിലും ഇന്ധന വില വര്‍ധിച്ചിട്ടുണ്ട്. പെട്രോളിന് മൂന്നു രൂപ 26 പൈസ വര്‍ധിച്ച് ലിറ്ററിന് 75.54ഉം ഡീസലിന് 68.22ഉം രൂപയായി. അതത് സര്‍ക്കാറുകള്‍ മൂല്യവര്‍ധിത നികുതിയില്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് അസം, ഹരിയാന, നാഗാലാന്‍ഡ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഇന്ധന വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മുംബൈയില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.31ഉം ഡീസലിന് 66.21ഉം രൂപയാണ് വില. കൊല്‍ക്കത്തയില്‍ ഇത് യഥാക്രമം 73.30ഉം 65.62ഉം ആണ്.

Latest