Connect with us

Covid19

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 1,64,263 മലയാളികള്‍; പിന്തുണ തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വിവിധ സംസ്ഥാനങ്ങളിലെ 1,64,263 മലയാളികള്‍ നോര്‍ക്ക വഴി നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ നിന്നെല്ലാം മലയാളികള്‍ നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു.

ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടിയെടുത്തു. 28222 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5470 പാസുകള്‍ വിതരണം ചെയ്തു. ഇന്നു ഉച്ച വരെ 515 പേര്‍ വിവിധ ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ പ്രവേശിച്ചു. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പാസ് നല്‍കും. അതിര്‍ത്തിയില്‍ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചിലൊന്ന് ശതമാനം പേര്‍ക്കേ സ്വന്തം വാഹനത്തിലോ, വാടകക്ക് വാഹനം എടുത്തോ വരാനാവൂ. മറ്റുള്ളവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണയും ഇടപെടലും ആവശ്യമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഇന്ന് കത്തയച്ചു. കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ഈ ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് വരേണ്ടവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ശാരീരിക അകലവും സുരക്ഷയും പാലിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാന്‍ അത്യാവശ്യമുള്ളവരെയും തിരിച്ചെത്തിക്കാന്‍ ആവശ്യമായ ക്രമീകരണം വരുത്തി. നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍, കിട്ടുന്ന നമ്പര്‍ ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി കളക്ടര്‍മാരില്‍ നിന്ന് അനുമതി വാങ്ങണം. സംഘമായും പാസ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും സൗകര്യമുണ്ട്. ചെക്‌പോസ്റ്റ്, എത്തുന്ന തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. കളക്ടര്‍മാരുടെ പാസ് മൊബൈല്‍, ഇമെയില്‍ വഴി നല്‍കും.

യാത്ര പുറപ്പെടുന്ന സംസ്ഥാനത്തെ അനുമതി പുറപ്പെടും മുന്‍പ് ഉറപ്പാക്കണം. ചെക്‌പോസ്റ്റില്‍ വൈദ്യപരിശോധന കഴിഞ്ഞ് സംസ്ഥാനത്തേക്ക് കടക്കാം. വാഹനങ്ങളില്‍ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമീകരിച്ചിട്ടുണ്ട്. അതിര്‍ത്തി വരെ ഒരു വാഹനത്തില്‍ വന്ന് തുടര്‍ന്ന് വാഹനം മാറുന്നവര്‍ സ്വന്തം നിലയ്ക്ക് യാത്ര സൗകര്യം ഒരുക്കണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് വീട്ടില്‍ പോകാം. രോഗലക്ഷണം ഉള്ളവരെ സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യുന്നെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി വേണം. അവിടുത്തെ കളക്ടര്‍മാരില്‍ നിന്ന് അനുമതി വാങ്ങണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ പാസ് നല്‍കണം.

മുന്‍ഗണന പട്ടികയില്‍ പെട്ടവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ യാത്രാനുമതി. വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ മുന്‍ഗണനാ പട്ടികയില്‍ പെടും. ഇവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൊവിഡ് ബാധ നിയന്ത്രിച്ച് നിര്‍ത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ്. ആളുകള്‍ കൂട്ടത്തോടെ വരുന്നത് അപകടത്തിന് വഴിയൊരുക്കും. ഘട്ടംഘട്ടമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കും. പ്രവാസി മലയാളികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ആശയ കുഴപ്പം ഉണ്ടാക്കുന്ന ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴതില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest