Connect with us

Covid19

രോഗികളുടെ എണ്ണത്തിലും മരണത്തിലുമുള്ള വര്‍ധനവ് ഇന്ത്യയിലും ആശങ്കയേറ്റുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയും ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് ഏര്‍പ്പെടുത്തിയും രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോഴും ആശങ്കക്ക് കുറവില്ല. ദിനംപ്രതി പുതിയ രോഗികളുടെ എണ്ണവും മരണ നിരക്കും വര്‍ധിച്ചുവരുന്നതാണ് സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പല വലിയ നഗരങ്ങളും കൊവിഡിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ 48 മണിക്കൂറില്‍ അയ്യായിരത്തോളം പുതിയ കേസുകളും 180ന് മുകളില്‍ മരണങ്ങളുമാണ് രാജ്യത്തഉണ്ടായത്. കഴിഞ്ഞ 25 മണിക്കൂറിനിടെ മാത്രം 2553 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 73 മരണങ്ങളുമുണ്ടായി. ഇതിനകം 42553 പേര്‍ രോഗബാധിതരായപ്പോള്‍ 1373 മരണവുമുണ്ടായി. രണ്ടാം ലോക്ക്ഡൗണ്‍ തുടങ്ങിയ ഏപ്രില്‍ 14ന് രാജ്യത്ത് ആകെ 10,815 രോഗബാധിതരും, 353 മരണവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് നാലിരട്ടി വര്‍ധനവുണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രിലും ഗുജറാത്തിലും ഏഴ് മടങ്ങാണ് രണ്ടാം ലോക്ക്ഡൗണിന് ശേഷമുണ്ടായത്. മഹാരാഷ്ട്രയില്‍ 12974 കേസും 548 മരണവുമുണ്ടായി. 24 മണിക്കൂറിനിടെ 678 പുതിയ കേസുകളും 27 മരണവുമുണ്ടായി. ഗുജറാത്തില്‍ ഇന്നലെ മാത്രം 374 പുതിയ രോഗികളും 28 മരണവുമാണുണ്ടായത്. ഇവിടെ ഇതിനകം 5428 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 290 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് ഗുജറാത്തിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളും മരണസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കിയാല്‍ ഗുജറാത്തില്‍ വലിയ ജാഗ്രത അനിവര്യമാണ്.
ഡല്‍ഹിയില്‍ 4549 കേസും 64 മരണവും തമിഴ്‌നാട്ടില്‍ 3023 കേസും 30 മരണവും രാജസ്ഥാനില്‍ 2886 കേസും 71 മരണവും മധ്യപ്രദേശില്‍ 2846 കേസും 156 മരണവുമുണ്ടായി. ഈ സംസ്ഥാനങ്ങളിലെല്ലാം ദിനംപ്രതി നൂറ്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

രാജ്യത്തെ മൂന്നില്‍ രണ്ട് ജനസംഖ്യയും ഇളവുകള്‍ ഉള്ള ഓറഞ്ച്, ഗ്രീന്‍ സോണിലാണ് എന്നത് ജാഗ്രതയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ്. ഇവിടങ്ങളില്‍ രോഗവ്യാപനം വരാതിരിക്കാന്‍ കനത്ത ജാഗ്രത ഉണ്ടായേ തീരൂ. എന്നാല്‍ പ്രധാന തൊഴില്‍മേഖലകളും വ്യാവസായികമേഖലകളും അടങ്ങിയ പല മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. ഇവിടെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.

 

 

---- facebook comment plugin here -----

Latest