Connect with us

Covid19

യു പിയില്‍ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളില്‍ ഇളവില്ല; കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിക്കും: ആദിത്യനാഥ്

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയില്‍ കൊവിഡ് റെഡ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള 19 ജില്ലകളില്‍ യാതൊരു ഇളവുകളും നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് മുക്തമാക്കാനും റെഡ്, ഓറഞ്ച് സോണുകളെ ഗ്രീന്‍ സോണാക്കുന്നതിനുമുള്ള പരിശ്രമമാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹോട്ട് സ്‌പോട്ടുകള്‍ക്കു പുറത്തുള്ള പ്രദേശങ്ങളില്‍ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിര്‍മാണ വസ്തുക്കള്‍, കല്ല്, ഇഷ്ടിക, സിമന്റ്. മണല്‍, ഇരുമ്പു ദണ്ഡുകള്‍, കമ്പികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഹാര്‍ഡ്‌വെയര്‍ ഷോപ്പുകള്‍, മൊബൈല്‍ റിപ്പയറിംഗ് കടകള്‍ എന്നിവക്കാണ് അനുമതി. എന്നാല്‍, സാമൂഹികമായ അകലം പാലിക്കണമെന്നതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ചീഫ് സെക്രട്ടറി ആര്‍ കെ തിവാരി പറഞ്ഞു.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തെ കൊവിഡ് വൈറസ് വ്യാപനം ഗുരുതരമായി ബാധിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിമാസം 17,000 മുതല്‍ 18000 കോടി വരെയായിരുന്നു കൊവിഡ് കാലത്തിനു മുമ്പുള്ള റവന്യൂ വരുമാനം. ഏപ്രിലില്‍ അത് 1000 കോടിയായി കുറഞ്ഞു. അതേസമയം, ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാര്‍ പരമപ്രധാനമായി കാണുന്നതെന്ന് യോഗി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലുള്ള ഉത്തര്‍ പ്രദേശുകാര്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest