കേന്ദ്ര ആരോഗ്യ മന്ത്രാലയം പട്ടിക പുറത്തിറക്കി: കണ്ണൂരും കോട്ടയവും റെഡ് സോണ്‍; എറണാകുളവും വയനാടും ഗ്രീന്‍ സോണ്‍

Posted on: May 1, 2020 10:16 am | Last updated: May 2, 2020 at 8:06 am

ന്യൂഡല്‍ഹി | രണ്ടാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 3നു ശേഷവും രാജ്യത്തെ റെഡ് സോണ്‍ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ആകെ 130 ജില്ലകളാണ് കേന്ദ്രം റെഡ് സോണില്‍ ഉള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തില്‍ കണ്ണൂരും കോട്ടയവുമാണ് കേന്ദ്രത്തിന്റെ റെഡ് സോണ്‍ പട്ടികയിലുള്ള ജില്ലകള്‍. ഇതേ സമയം എറണാകുളത്തേയും വയനാടിനേയും ഗ്രീന്‍ സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്.

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്‌നാട് 12ഉം ഡല്‍ഹിയില്‍ 11 ജില്ലകളും ‘നോ ആക്റ്റിവിറ്റി’ സോണുകളുമാണ്. രാജ്യത്താകെയുള്ള 733 ജില്ലകളില്‍ 284 എണ്ണമാണ് ഓറഞ്ച് സോണില്‍ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകള്‍ അനുവദിക്കും.

ഗ്രീന്‍ സോണില്‍ ഈ മാസം 4 മുതല്‍ പരമാവധി ഇളവുകള്‍ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീന്‍ സോണുകളാണ് ഉള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ചു കത്തയച്ചു. ആഴ്ചതോറും പട്ടിക പുതുക്കുമെന്നും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു നിര്‍ദേശം നല്‍കുമെന്നും കത്തില്‍ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ഡൗണ്‍ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ആക്ടീവ് കോവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലകളില്‍ വ്യവസായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ മെയ് 3ന് ഉണ്ടായേക്കും.