പി പി ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണം; മുഖ്യമന്ത്രിക്ക് കെ ജി എം ഒ എയുടെ കത്ത്

Posted on: April 29, 2020 3:00 pm | Last updated: April 29, 2020 at 6:25 pm

തിരുവനന്തപുരം |  സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുന്ന പി പി ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന (കെ ജി എം ഒ എ). ഇക്കാര്യം ആവശ്യപ്പെട്ട് കെ ജി എം ഒ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഡോക്ടരും നഴ്‌സുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ ജി എം ഒ എ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.പല ആശുപത്രികളും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പി പി ഇ കിറ്റുകളല്ല വിതരണം ചെയ്യുന്നത്. ത്രി ലെയര്‍ മാസ്‌ക് എന്ന പേരില്‍ വിതരണം ചെയ്യുന്നത് ടു ലെയര്‍ മാസ്‌കുകളാണ്. സുരക്ഷാ ഉപകണങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നായി ശേഖരിക്കുന്നതാണ്. ഇവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.