Connect with us

Covid19

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധന ഫലം നെഗറ്റീവ്

Published

|

Last Updated

ഇടുക്കി | ഗ്രീന്‍സോണില്‍ നിന്ന് റെഡ്‌സോണിലേക്ക് പോയ ഇടുക്കിക്ക് വലിയ ആശ്വസ വാര്‍ത്ത. കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച ആറ് പേരുടെ തുടര്‍ പരിശോധന ഫലം നെഗറ്റീവായി. ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ വീട്ടമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

ഗ്രീന്‍സോണിലായിരുന്ന ഇടുക്കിയില്‍ ലോക്ക്ഡൗണില്‍ വലിയ ഇളവുകളും വരുത്തിയിരുന്നു. ഇതിനിടെയാണ് ഇവര്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ജില്ലാ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് നീരീക്ഷണം തുടരുകയാണ്.തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി ജില്ലയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് ഇതുവരെ 25 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇടുക്കിയെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ-സംസ്ഥാന അതിര്‍ത്തികളിലടക്കം ഇടുക്കിയില്‍ വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചു.

ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ സഹകരണത്തോടെ പഴുതടച്ച പരിശോധന തുടരുകയാണ്. അതിര്‍ത്തി ജില്ലയില്‍ നിന്നുള്ള കടന്നുകയറ്റം തടയുന്നതോടൊപ്പം അതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ സുരക്ഷ, വന്യജീവികളിലേക്ക് രോഗബാധ ഉണ്ടാകാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.

 

 

Latest