Connect with us

Covid19

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് അടുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് വലിയ സംസ്ഥാനങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ച് കൊവിഡ് വലിയ തോതില്‍ പടരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29,435 ആയി. 934 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇന്നലെ മാത്രം 62 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും പേര്‍ മരണപ്പെടുന്നത്. 1,543 പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

രാജ്യത്ത് ഇതിനകം 6869 പേര്‍ രോഗമുക്തരായി. ആകെ രോഗികളില്‍ 23.33 ശതമാനമാണിത്. ഇന്നലെ മാത്രം 684 പേര്‍ രോഗമുക്തി നേടി. 21,632 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ വര്‍ധനവാണ് 24 മണിക്കൂറിനിടെയുണ്ടായത്. 522 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോല്‍ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഇതിനകം 8,590 പേര്‍ക്ക് രോഗം ബാധിക്കുകയും 369 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട.് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 3,548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഇന്നലെ ഗുജറാത്തില്‍ 162 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 11 മരണവുമുണ്ടായി.

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവന്‍ നഷ്ടമായി. രാജസ്ഥാനില്‍ 2,262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. കേരളത്തില്‍ 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.

 

Latest