Connect with us

Ramzan

പ്രതിഫലങ്ങളുടെ പെരുമഴക്കാലം

Published

|

Last Updated

പരസഹസ്രം വിശ്വാസി സമൂഹങ്ങള്‍ക്ക് സന്തോഷ ദൂതുമായി വീണ്ടും വിശുദ്ധിയുടെ മാസം റമസാന്‍ കടന്നുവന്നിരിക്കുന്നു. പാപങ്ങള്‍ കഴുകിക്കളഞ്ഞ് പൈശാചികതയില്‍ നിന്നും തെറ്റുകളില്‍ നിന്നും രക്ഷപ്രാപിക്കാന്‍ ഈ റമസാന്‍ ഒരു നിദാനമാകട്ടെ.
പുതിയ സാഹചര്യത്തില്‍ നാമെല്ലാം വീടുകളിലിരുന്നാണല്ലോ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. സമൂഹ ഇഫ്താറുകളും റമസാനിലെ മറ്റു സകല സംഘടിത കര്‍മങ്ങളും നിന്നുപോയ ഈ സാഹചര്യം ഒരിക്കലും നമുക്ക് പ്രതികൂലമായി ഭവിക്കരുത്. അതിന് നാം നമ്മുടെ വീടകങ്ങളെ ഇലാഹീ സ്മരണകളിലും ഖുര്‍ആന്‍ പാരായണങ്ങളിലുമൊക്കെയായി തീര്‍ത്തും ധന്യമാക്കേണ്ടതുണ്ട്.

വിശുദ്ധ റമസാന് ഇത്രയും പവിത്രത കരസ്ഥമായത് പരിശുദ്ധ ഖുര്‍ആനിന്റെ അവതരണം മൂലമാണല്ലോ. വ്രതം എന്ന മഹത്തായ അനുഷ്ഠാന കര്‍മം കൂടിച്ചേരുമ്പോള്‍ റമസാനിന്റെ പവിത്രതക്ക് പിന്നെയും മാറ്റുകൂടുന്നു. പൂര്‍വ വേദങ്ങളും വിശുദ്ധ റമസാനിലാണ് അവതരിപ്പിക്കപ്പെട്ടത് എന്ന് ഹദീസില്‍ നമുക്ക് കാണാന്‍ സാധിക്കും. റമസാനിലെ ആദ്യ രാവിലാണ് ഇബ്‌റാഹീം നബിക്ക് ഏടുകള്‍ അവതരിച്ചത്. റമസാനിലെ ആദ്യ ആറ് നാളുകള്‍ കഴിഞ്ഞാണ് മൂസാ നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടത്. 13 ദിനങ്ങള്‍ കഴിഞ്ഞാണ് ഈസാ നബി ക്ക് ഇഞ്ചീല്‍ ഇറങ്ങുന്നത്. 18 നാളുകള്‍ കഴിഞ്ഞാണ് ദാവൂദ് നബിക്ക് സബൂര്‍ നല്‍കപ്പെടുന്നത്. പൂര്‍വ വേദങ്ങളോടൊപ്പം ഇവയെക്കാളേറെ പവിത്രമായ വിശുദ്ധ ഖുര്‍ആന്‍ കൂടി അവതീര്‍ണമായതോടെ റമസാന്‍ മാസത്തിന്റെ സ്ഥാനവും പവിത്രതയും ഏറെ മഹത്തരമായിത്തീര്‍ന്നു. നബി (സ) തങ്ങള്‍ റമസാനിനെ സഹകരണത്തിന്റെ മാസം എന്ന് വിശേഷിപ്പിച്ചതായി ഹദീസില്‍ കാണാം. അത് തീര്‍ത്തും വ്യക്തമായി നമുക്ക് ബോധ്യപ്പെട്ടതു കൂടിയാണല്ലോ. ദാനശീലര്‍ കൂടുതല്‍ ഉദാരത കാണിക്കുന്ന മാസമാണ് റമസാന്‍. മാത്രമല്ല, സ്വല്‍പ്പം പിശുക്ക് കൂടെയുള്ളവര്‍ പോലും നോമ്പു തുറപ്പിച്ചും സ്വദഖ നല്‍കിയും അല്‍പ്പമൊക്കെ ചെലവഴിച്ചെന്നിരിക്കും. റിലീഫുകളും സാന്ത്വന പ്രവര്‍ത്തനങ്ങളും റമസാനില്‍ സജീവമാകാറുണ്ട്. നിലവില്‍ ലോക്ക്ഡൗണ്‍ മൂലം അഷ്ടിക്കു വകയില്ലാതെ കഴിയുന്ന ഏറെ പേരുണ്ട്. അവരിലേക്ക് പൂര്‍വോപരി റിലീഫുകളും മറ്റ് സഹായ സഹകരണങ്ങളും ഒഴുകട്ടെ. തിരുനബി (സ) വലിയ ഉദാരമനസ്‌കരായിരുന്നു. വിശുദ്ധ റമസാനില്‍ അവിടുന്ന് ധാരാളമായി ദാനം ചെയ്തിരുന്നുവെന്ന് ഹദീസില്‍ നിന്ന് നമുക്ക് വ്യക്തമാണല്ലോ.

വിശ്വാസിയുടെ ആയുധമാണ് പ്രാര്‍ഥന. അദ്ദുആഉ സ്വിലാഹുല്‍ മുഅ്മിന്‍ എന്നാണല്ലോ ഹദീസ്. അതായത്, രക്ഷാമാര്‍ഗമാണ് വിശ്വാസിക്ക് പ്രാര്‍ഥന എന്നര്‍ഥം. തന്നെ സൃഷ്ടിച്ച നാഥനു മുന്നില്‍ തന്റെ പരിപൂര്‍ണ വിധേയത്വം പ്രകടമാക്കുകയാണല്ലോ പ്രാര്‍ഥനയിലൂടെ ചെയ്യുന്നത്. പ്രാര്‍ഥന പ്രധാനമായും സ്വന്തത്തിന്റെ ആവശ്യ നിവൃത്തിക്കു വേണ്ടിയാണ് നിര്‍വഹിക്കുന്നത്. അത് വിശുദ്ധ റമസാനിലാകുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തിയും സംതൃപ്തിയും ലഭിക്കുന്നു. പ്രതിഫലങ്ങളുടെ പെരുമഴക്കാലം കൂടിയാണ് റമസാന്‍. സുന്നത്തിന് ഫര്‍ളിന്റെ പ്രതിഫലം, ഫര്‍ളിന് എഴുപതിരട്ടി പ്രതിഫലം, ഒരു തസ്ബീഹിന് ആയിരം തസ്ബീഹിന്റെ ഫലം, ഉംറക്ക് ഒരു ഹജ്ജിന്റെ ഫലം. ഈ സുവര്‍ണ കാലം ശരിക്കും ആസ്വദിക്കാന്‍ നാം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. ഓഫറുകള്‍ ഒന്നുമൊഴിവാക്കാതെ, പാപപങ്കിലമായ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരാന്‍ ഈ റമസാന്‍ ഹേതുവായിത്തീരട്ടെ.

---- facebook comment plugin here -----

Latest