Connect with us

Covid19

ഡോക്ടര്‍മാര്‍ അടക്കം 44 ജീവനക്കാര്‍ക്ക് കൊവിഡ്; ഡല്‍ഹിയില്‍ രണ്ടാമതൊരു ആശുപത്രികൂടി അടച്ചുപൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ഡോക്ടര്‍മാര്‍ അടക്കം 44 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രികൂടി സീല്‍ ചെയ്തു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലാണ് സീല്‍ ചെയ്തത്.

നേരത്തെ ഹിന്ദു റാവു ഹോസ്പിറ്റലിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികള്‍ക്ക് ചികിത്സ തുടരുമെന്നും എന്നാല്‍, പുതിയ രോഗികളെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് രണ്ട് ആശുപത്രികളും സീല്‍ ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിിനിടെ, ജഹാംഗീര്‍പുരിയില്‍നിന്ന് നിരവധി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രണ്ട് ആശുപത്രികളിലെയും മറ്റു ജീവനക്കാരുടെ പരിശോധനാ ഫലം വരാനുണ്ടെന്നാണ് ഡല്‍ഹി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ 2625 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഇതുവരെ 54 പേരാണ് മരിച്ചത്.

Latest