Connect with us

Ongoing News

നല്ല പ്രതിജ്ഞക്കുമുണ്ട് നല്ല പ്രതിഫലം

Published

|

Last Updated

നന്‍മയും പുണ്യങ്ങളും നിറഞ്ഞ വിശുദ്ധ റമസാന്‍ ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു. ഇനിയുള്ള നാളുകള്‍ വിശ്വാസി ഹൃദയങ്ങള്‍ ആത്മീയ ചൈതന്യം കൊണ്ട് പ്രഭാപൂരിതമാകും. ഓര്‍ക്കുമ്പോള്‍ കഴിഞ്ഞ റമസാന്‍ ഈയടുത്ത് കഴിഞ്ഞ് പോയത് പോലെ തോന്നുന്നു. എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത്. വിശുദ്ധ മാസത്തെ വരവേല്‍ക്കുന്നതിനായി പള്ളികളും താമസ സ്ഥലങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാം നല്ലത് തന്നെ. പക്ഷെ ബാഹ്യമായ തയ്യാറെടുപ്പുകളില്‍ മാത്രം വിശുദ്ധ ദിനരാത്രങ്ങളെ സ്വീകരിക്കല്‍ ഒതുങ്ങിപ്പോകരുത്. മറിച്ച് മാനസികമായ തയ്യാറെടുപ്പുകള്‍ കൂടി വേണം.

മനസ്സിലെ ദുഷ്ചിന്തകളും കറകളും കളഞ്ഞ് ശുദ്ധ ഹൃദയത്തോടെയായിരിക്കണം റമസാനിനെ സ്വീകരിക്കേണ്ടത്. പിണങ്ങിക്കഴിയുന്നവര്‍ നന്നാവുക, നഷ്ടപ്പെട്ട നിസ്‌കാരങ്ങള്‍ വീട്ടുക, ബാധ്യതകള്‍ തീര്‍ക്കുക, വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ദ്രോഹിച്ചവരോട് പൊരുത്തം വാങ്ങുക ഇതൊക്കെയാണ് നോമ്പിനുള്ള മാനസികമായ ഒരുക്കങ്ങള്‍.

രണ്ട് മാസം മുമ്പ് തന്നെ വിശ്വാസി ലോകം പ്രാര്‍ഥന തുടങ്ങിയതാണ്; വിശുദ്ധ മാസത്തെ ഞങ്ങളിലെത്തിക്കണേയെന്ന്. ആ റമസാനാണ് വന്നണഞ്ഞിരിക്കുന്നത്. പുണ്യം കൊതിക്കുന്നവര്‍ക്കിനി വിശ്രമമില്ലാത്ത നാളുകള്‍. സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടുകയും നരക വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

നബി (സ) തങ്ങള്‍ പറയുന്നു: റമസാനിന്റെ മഹത്വങ്ങള്‍ നിങ്ങള്‍ ശരിക്കും മനസ്സിലാക്കുന്ന പക്ഷം വര്‍ഷം മുഴുവന്‍ റമസാനായിരുന്നുവെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിച്ചു പോകുമായിരുന്നു.

റമസാനിനെ ബഹുമാനിച്ചവര്‍ക്ക് അനുകൂലമായും അവഗണിച്ചവര്‍ക്ക് പ്രതികൂലമായും ഈ വിശുദ്ധ മാസം പരലോകത്ത് സാക്ഷി പറയും. അനുകൂലമായി സാക്ഷി പറയുന്നവരാണ് ഭാഗ്യവാന്‍മാര്‍. അതിനായി നമുക്ക് പ്രാര്‍ഥിക്കാം…അല്ലാഹുമ്മജ്അല്‍ ഹാദ ശ്ശഹ്‌റ ശ്ശരീഫ ശാഹിദന്‍ ലനാ.

റമസാനെ നല്ല നിലക്ക് ഉപയോഗപ്പെടുത്തുമെന്നുള്ള ദൃഢനിശ്ചയം, അതായിരിക്കട്ടെ റമസാനെ സ്വീകരിക്കാനുള്ള നമ്മുടെ കൈമുതല്‍. ഈ റമസാനില്‍ ഒരൊറ്റ ജമാഅത്ത് നിസ്‌കാരം പോലും എനിക്ക് നഷ്ടപ്പെടാന്‍ പാടില്ല, ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യും, ദിക്‌റുകളും സ്വലാത്തുകളും വര്‍ധിപ്പിക്കും, അശരണരെ സഹായിക്കും, അഗതികള്‍ക്കും അനാഥകള്‍ക്കും ആശ്രയമാകും, ഒരു രാത്രി പോലും തറാവീഹ് ഒഴിവാക്കില്ല എന്നിങ്ങനെയെല്ലാം മനസ്സ് കൊണ്ട് പ്രതിജ്ഞയെടുക്കുക. പിന്നീട് ആ പ്രതിജ്ഞ നിറവേറ്റാന്‍ കഠിനയത്‌നം നടത്തുക. അങ്ങനെയെങ്കില്‍ പ്രയത്‌നത്തിന് മാത്രമല്ല, പ്രതിജ്ഞക്കുമുണ്ട് അല്ലാഹുവിന്റെയടുക്കല്‍ മഹത്തായ പ്രതിഫലം; പ്രതിബന്ധങ്ങള്‍ കാരണം പ്രതിജ്ഞ പൂര്‍ണമായി നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ പോലും. നബി(സ്വ) തങ്ങള്‍ പറയുന്നു: ഒരാള്‍ ഒരു നന്മ ചെയ്യണമെന്ന് ഉറച്ച തീരുമാനമെടുത്തു. പക്ഷെ, പ്രതിബന്ധങ്ങള്‍ കാരണം അവനത് ചെയ്യാന്‍ സാധിച്ചില്ല. എങ്കിലവന് ആ നന്മ ചെയ്തതിന്റെ പൂര്‍ണമായ പ്രതിഫലമുണ്ട്(മുസ്‌ലിം).

അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ മാത്രം പരിമിതമല്ല നോമ്പ്. മറിച്ച് ഓരോ അവയവത്തെയും നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് തടഞ്ഞ് നിര്‍ത്തുകയും വികാര വിചാരങ്ങളെ നിയന്ത്രിക്കുകയും വേണം. അപ്പോഴേ നോമ്പ് പൂര്‍ണമാകൂ. ഓരോ അവയവത്തിനും നോമ്പുണ്ട്. നിഷിദ്ധ കാര്യങ്ങള്‍ക്ക് അവ ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണത്. അവയവങ്ങളെ തിന്മയില്‍ വ്യാപരിക്കാന്‍ വിട്ട് കേവലം അന്നപാനീയങ്ങള്‍ മാത്രം ഉപേക്ഷിക്കുന്നതിലര്‍ഥമില്ല. അവന് നോമ്പിന്റെ പ്രതിഫലവുമില്ല. നബി(സ്വ) തങ്ങള്‍ പറയുന്നു: അനാവശ്യ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല.

Latest