Connect with us

Covid19

സ്പ്രിന്‍ക്ലറില്‍ വിവര ചോര്‍ച്ച ഉണ്ടാകില്ല; കരാര്‍ നടപ്പാക്കിയത് എല്ലാ ചട്ടങ്ങളും പാലിച്ച്

Published

|

Last Updated

കൊച്ചി | കൊവിഡ് രോഗികളുടെ ഡാറ്റ ശേഖരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കരാര്‍ കുറ്റമറ്റതും എല്ലാ ചട്ടങ്ങളും പാലിച്ചുള്ളതുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കൊവിഡ് ബാധിതരില്‍നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

അസാധാരണ സാഹചര്യമാണ് മുന്നിലുണ്ടായിരുന്നത്. ജോണ്‍ ഹോപക്കിന്‍സ് യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍ 80 ലക്ഷം പേര്‍ക്ക് കേരളത്തില്‍ കൊവിഡ് ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ജൂലൈയില്‍ 48 ലക്ഷത്തിലേറെ കേസുകള്‍ ഉണ്ടാവാം. രോഗം പെട്ടെന്ന് പടരുന്ന സാഹചര്യമുണ്ടായാല്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് സ്പ്രിംക്ലറിന്റെ സഹായം തേടിയത്. സര്‍ക്കാര്‍ ഏജന്‍സിക്ക് ഇത്തരമൊരു സാഹചര്യം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്പ്രിന്‍ക്ലര്‍ കമ്പനിക്കു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനമുണ്ടായാല്‍ കമ്പനിക്കെതിരേ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണ്. കരാറുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് ന്യൂയോര്‍ക്ക് കോടതിയുടെ നിയമപരിധി ബാധകമാകുന്നത്. സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട നിയമനടപടികളുടെ അധികാരപരിധിയായി നിശ്ചയിച്ചിട്ടുള്ളത് ന്യൂയോര്‍ക്കാണ്. അതിനാല്‍ കരാറുണ്ടാക്കുമ്പോള്‍ ഇക്കാര്യംകൂടി അംഗീകരിക്കേണ്ടി വരും. തര്‍ക്കങ്ങളുണ്ടായാല്‍ ഐ ടി. ആക്ട് പ്രകാരം ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്താന്‍ സാധിക്കും. വിവര കൈമാറ്റത്തിനെതിരേ കൂടുതല്‍ ഗുണകരമായ രണ്ട്‌ േഡറ്റാ പ്രൊട്ടക്ഷന്‍ ആക്ടുകള്‍ ന്യൂയോര്‍ക്കിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പ്രിന്‍ക്ലറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. കൊവിഡുമായി ബന്ധപ്പെട്ട് 80 ലക്ഷം പേരുടെ സ്‌ക്രീനിങ് വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. വിവരശേഖരണത്തിന് ഒട്ടേറെ ഐ.ടി. കമ്പനികള്‍ സംസ്ഥാനത്തും രാജ്യത്തുമുണ്ടെങ്കിലും വലിയതോതില്‍ വിവരങ്ങള്‍ വിലയിരുത്താന്‍ ശേഷിയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലില്ല. രോഗികളില്‍നിന്നുള്ള വിവരങ്ങള്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഇത് ആവശ്യമാണ്. വിവരങ്ങള്‍ വിലയിരുത്താന്‍ സാധ്യമായ സോഫറ്റ്വേര്‍ വികസിപ്പിച്ചെടുക്കാന്‍ സമയം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിന്റെ സേവനം ഉപയോഗിച്ചത്. വിവരങ്ങളുടെ വിലയിരുത്തലിനു വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്വേറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്.

വിവരങ്ങള്‍ കൈമാറുന്നതില്‍നിന്ന് കമ്പനിയെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണു ശേഖരിക്കുന്നത്. ഇതില്‍ രണ്ടു ചോദ്യങ്ങള്‍ നിര്‍ണായകമാണെങ്കിലും ഇവകൂടി ശേഖരിക്കാതെ വിവര വിലയിരുത്തല്‍ സാധ്യമല്ല.

Latest