Connect with us

Covid19

കൊവിഡ് രോഗം ഭേദമായവര്‍ വീണ്ടും പോസിറ്റീവാകുന്നു; അമ്പരന്ന് മെഡിക്കല്‍ വിദഗ്ധര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസിന്റെ ഉറവിട കേന്ദ്രമായ വുഹാനില്‍ ഉള്‍പ്പെടെ ചിലയിടങ്ങളിലെങ്കിലും രോഗ വ്യാപനത്തോത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും പുതിയ സംഭവവികാസങ്ങള്‍ മെഡിക്കല്‍ വിദഗ്ധരെ കുഴക്കുന്നു. രോഗം ഭേദമായ പലരുടെയും പരിശോധനാഫലം വീണ്ടും പോസിറ്റിവാകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ലക്ഷണങ്ങളൊന്നും പ്രകടമായി കാണാത്തവരിലാണ് വൈറസ് ബാധ വീണ്ടും സ്ഥിരീകരിക്കുന്നത്. ഇത് ഡോക്ടര്‍മാരെ അമ്പരിപ്പിച്ചിരിക്കുകയാണ്. രോഗമുക്തി നേടി കുറച്ചു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വീണ്ടും പോസ്റ്റീവായതായി വ്യക്തമായത്. അസുഖം ഭദമായി 50-60 ദിവസത്തിനിടയിലാണ് ഇവരില്‍ പലരും പോസിറ്റീവായതെങ്കില്‍ 70 ദിവസത്തിനു ശേഷം പോലും വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കൊവിഡ് ബാധിച്ച് വുഹാനിലെ മൂന്ന് ആശപത്രികളിലായി കഴിഞ്ഞതായും ഫെബ്രുവരി മൂന്നാമത്തെ ആഴ്ച വരെയുള്ള പരിശോധനകളില്‍ ചിലത് നെഗറ്റീവും ചിലത് പോസിറ്റീവും ആയതായി ചൈനക്കാരനായ ഒരാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. എന്നാല്‍, പത്ത് പരിശോധനകളില്‍ ഭൂരിഭാഗവും പോസിറ്റീവ് ആയിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി. “എനിക്ക് യാതൊരു അസ്വസ്ഥതകളും ഉണ്ടായിരുന്നില്ല. എന്നാല്‍, പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആകുന്നു. ഇതെന്തൊരു വൈറസാണ്?”- ഇദ്ദേഹം ചോദിക്കുന്നു.

കൊവിഡ് പോസിറ്റീവായി തുടരുന്ന ഇത്തരം കേസുകള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയാണുയര്‍ത്തുന്നത്. വൈറസിന്റെ ആക്രമണം മന്ദഗതിയിലായതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും ആലോചിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. 14 ദിവസമാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കൊവിഡ് ഐസോലേഷന്‍ കാലാവധി.

രോഗം ഭേദമായ ശേഷം വീണ്ടും പോസിറ്റീവാകുന്ന കേസുകളുടെ എണ്ണം ഇതുവരെ ചൈന പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇത്തരത്തില്‍ നിരവധി കേസുകളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ദക്ഷിണ കൊറിയയില്‍ ആയിരത്തോളം പേര്‍ നാലാഴ്ചയോ അതിലധികമോ കൊവിഡ് പോസിറ്റീവായിരുന്നു. കൊവിഡിന്റെ പിടിയിലായ ആദ്യ യൂറോപ്യന്‍ രാജ്യമായ ഇറ്റലിയില്‍ പല രോഗികളിലും വൈറസ് ഒരുമാസത്തോളം നിലനിന്നതായി ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോമിന്റെ (സാര്‍സ്) കാലയളവില്‍ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് വുഹാനിലെ യോങ്‌നന്‍ ആശുപത്രിയുടെ വൈസ് പ്രസിഡന്റ് യുവാന്‍ യുഫെങ് പറയുന്നു. 2003ലുണ്ടായ സാര്‍സ് രോഗം ആഗോള തലത്തില്‍ 8,098 പേര്‍ക്കാണ് ബാധിച്ചത്. ഇതില്‍ കൂടുതല്‍ പേരും ചൈനയിലായിരുന്നു.

എന്നാല്‍, ആശ്വാസകരമായ മറ്റൊരു കണ്ടെത്തലിന്റെ കാര്യമാണ് പെക്കിംഗ് യൂനിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിഭാഗം ഡയറക്ടര്‍ വാങ് ഗ്വിക്വിയാങിന് പറയാനുള്ളത്. ലക്ഷണങ്ങള്‍ കാണിക്കാതെ കൊവിഡ് പോസിറ്റീവായി തുടരുന്ന രോഗികളില്‍ ചുരുക്കം ചിലരുടെ നില മാത്രമാണ് ഗുരുതരമായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൊവിഡ് 19 ഒരു പുതിയ തരം വൈറസാണെന്നും ഇതിന്റെ കാര്യത്തില്‍ അറിഞ്ഞതിനെക്കാള്‍ കൂടുതല്‍ അറിയാത്തതായുണ്ടെന്നും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഗ്വു യാന്‍ഹോങ് പറയുന്നു.

കൊവിഡ് വൈറസ് പല ആളുകളില്‍ പല രൂപത്തില്‍ പെരുമാറുന്നതെങ്ങനെയെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് വിദഗ്ധരും ഡോക്ടര്‍മാരും. ഏതെങ്കിലും വിധത്തില്‍ വൈറസ് വീണ്ടും ബാധിച്ചതായിരിക്കാം നേരത്തെ നെഗറ്റീവ് ആയവര്‍ വീണ്ടും പോസിറ്റീവ് ആകുന്നതിന് കാരണമെന്നാണ് ചിലരുടെ അഭിപ്രായം. ഇതു ശരിയാണെങ്കില്‍ ഒരിക്കല്‍ കൊവിഡ് ബാധിച്ചവര്‍ അതിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷി ആര്‍ജിക്കുമെന്നും അതിനാല്‍ പിന്നീടവര്‍ക്ക് രോഗമുണ്ടാകില്ലെന്നുമുള്ള പ്രതീക്ഷകള്‍ അസ്ഥാനത്താകും.

വൈറസിന്റെ ശേഷിപ്പ് രോഗം ബാധിച്ചവരില്‍ നിലനില്‍ക്കുന്നതാകാം ഇത്തരമൊരവസ്ഥക്കു കാരണമെന്നും അതു അവര്‍ക്കു തന്നെ അപകടകരമോ മറ്റുള്ളവരിലേക്കു പകരുന്നതോ ആകില്ലെന്നും ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലെ മറ്റു ചില വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

---- facebook comment plugin here -----

Latest