Connect with us

Kerala

തമിഴ്‌നാട്ടില്‍ പോയിവന്ന യുവാവിന് കൊവിഡ്; കൊല്ലത്ത് മൂന്ന് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

Published

|

Last Updated

കൊല്ലം | തെക്കന്‍ കേരളത്തിലെ തമിഴ്‌നാടന്‍ അതിര്‍ത്തി മേഖലകളില്‍ അതീവജാഗ്രതയില്‍.
കഴിഞ്ഞ ആഴ്ച അതിര്‍ത്തി പ്രദേശമായ കുളത്തൂപ്പുഴയില്‍ നിന്നും തമിഴ്‌നാട്ടിലെ പുളിയന്‍ക്കുടിയിലെ മരണാനന്തരചടങ്ങില്‍ പോയി പങ്കെടുത്ത് മടങ്ങി വന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചോടെ പ്രദേശമാകെ കൊവിഡ് ഭീതിയിലാണ്. കൊവിഡ് വ്യാപനം ശക്തമായ തമിഴ്‌നാട്ടില്‍ പോയി വന്ന കാര്യം മറച്ചു വച്ച യുവാവ് എല്ലാവരുമായി അടുത്ത് ഇടപഴകിയിരുന്നു എന്നാണ് വിവരം.

ഇയാള്‍ സമീപത്തെ ചായക്കടകളില്‍ പോകുകയും ആളുകളുമായി അടുത്ത് ഇടപഴകുകയും അമ്പലക്കുളത്തില്‍ കുളിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇയാളുമായി അടുത്ത് ഇടപഴകിയ അന്‍പതോളം പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ തദ്ദേശസ്വയംഭരണ പ്രതിനിധികളും ഉള്‍പ്പെടും.

രോഗവിവരം മറച്ചു വച്ച് ഇയാള്‍ ഇറങ്ങി നടന്നത് മൂലം മൂന്ന് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ നിരവധി ഊടുവഴികളും വനപാതകളുമുണ്ട്. ഇതു കൂടാതെ ചരക്കുവാഹനങ്ങളിലും ആംബുലന്‍സിലുമായി പലരും തമിഴ്‌നാട്ടിലേക്ക് പോകുകയും വരുകയും ചെയ്യുന്നുണ്ട് എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പോലീസും വനംവകുപ്പും ഇവിടെ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊല്ലത്തോട് അതിര്‍ത്തി പങ്കിടുന്ന തെങ്കാശിയില്‍ 31 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 28 പേരും പുളിയന്‍കുടിയില്‍ ഉള്ളവരാണ്. ഇവിടെ നടന്ന ഒരു ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്ത നിരവധിയാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേക്കുറിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കുളത്തൂപ്പുഴയില്‍ നിന്നുമുള്ള യുവാവും സംസ്‌കാര ചടങ്ങിന് എത്തിയവിവരം പുറത്തറിയുന്നത്.

Latest