Connect with us

Covid19

കണ്ണൂരില്‍ കടുത്ത നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റെന്ന് പോലീസ്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി കൊവിഡ് പോസീറ്റീവ് കേസുകള്‍ വരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണവുമായി പോലീസ്. ലോക്ക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നും ഐ ജി അശോക് യാദവ് വ്യക്തമാക്കി.

ജില്ലയില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരിക്കുകയാണ് പോലീസ് . സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂര്‍ മാറിയിരിക്കുകയാണ്. 54 പേരാണ് ഇവിടെ രോഗികളായുള്ളത്. ഇന്നലെ മാത്രം പത്ത് പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി രോഗലക്ഷണങ്ങള്‍ ഇല്ലാഞ്ഞിട്ടും വിദേശത്ത് നിന്ന് വന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായത്.

മെയ് മൂന്ന് വരെ ജില്ലയില്‍ പൊലീസിന്റെ ട്രിപ്പിള്‍ ലോക്ക് സുരക്ഷയായിരിക്കും. ഗ്രാമങ്ങളെല്ലാ ഇതിനോടകം അടച്ചു കഴിഞ്ഞു. ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും. മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കൂ.

ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കി എസ്പിമാരെ ചുമതലയേല്‍പിച്ചു. ഐജി അശോക് യാദവിനാണ് മേല്‍നോട്ട ചുമതല. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ന്യൂമാഹിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ നാല് പേരെ പിടികൂടി കൊവിഡ് നീരീക്ഷണ കേന്ദ്രത്തിലേക്കയച്ചു. എട്ട് പേരുണ്ടായിരുന്ന സംഘത്തില്‍ നാല് പേര്‍ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു. ജില്ലയില്‍ ഇന്ന് അനാവശ്യമായി പുറത്തിറങ്ങിയ 266 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Latest