Connect with us

National

ഫലത്തില്‍ കൃത്യതയില്ല: റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | പരിശോധനാഫലത്തിലെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ഉപയോഗിക്കുന്നത് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐ സി എം ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നിര്‍ദേശം നല്‍കി. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ചു വിലയിരുത്തി രണ്ടു ദിവസത്തിനകം മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഐ സി എം ആര്‍ വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി.

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ പരാതികളുയരുന്നുണ്ട്. പരിശോധന ഫലത്തിലെ അന്തരം സംബന്ധിച്ചാണ് പരാതി. അടുത്ത രണ്ടു ദിവസം കൊണ്ട് ഞങ്ങളുടെ സംഘങ്ങള്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് ഉറപ്പാക്കും -ഗംഗാഖേദ്കര്‍ പറഞ്ഞു

നേരത്തെ, കൃത്യത കുറവാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ റാപ്പിഡ് ടെസ്റ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരിശോധനാഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 5.4 ശതമാനമാണ്.
4,49,810 സാമ്പിളുകള്‍ ഇതിനോടകം പരിശോധിച്ചതായും ഗംഗാഖേദ്കര്‍ അറിയിച്ചു. ഇന്നലെ മാത്രം 35,852 സാമ്പിളുകളാണ് പരിശോധിച്ചത്. 29,776 സാമ്പിളുകള്‍ ഐ സി എം ആര്‍ ലാബുകളിലും 6,076 സാമ്പിളുകള്‍ സ്വകാര്യ ലാബുകളിലുമാണ് പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest