Connect with us

Covid19

ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളി; ബംഗാളില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ ടി എം സി

Published

|

Last Updated

കൊല്‍ക്കത്ത | കൊവിഡ് വൈറസിനെതിരെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളോടുള്ള പോരാട്ടത്തിലാണ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്ത ജില്ലകളില്‍ 70 മുതല്‍ 80 ശതമാനം വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേതാണെന്ന് ടി എം സി ദേശീയ വക്താവും രാജ്യസഭാംഗവുമായ ഡെറെക്‌ ഒബ്രിയന്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ജില്ലകളൊന്നും പട്ടികയില്‍ ഉള്‍പ്പെടാത്തതെന്ന് അദ്ദേഹം ചോദിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ രണ്ടു മന്ത്രിതല സംഘങ്ങളാണ് തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊവിഡ് വ്യാപനമുള്ള ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ വീഴ്ചകളുണ്ടായോ എന്ന് നിരീക്ഷിക്കുന്നതിനായാണ് സംഘങ്ങള്‍ എത്തിയത്. സംസ്ഥാന ആരോഗ്യ മന്ത്രാലയം കൈക്കൊണ്ടിട്ടുള്ള നടപടികളും സംഘം വിലയിരുത്തും.

സംസ്ഥാനങ്ങളെല്ലാം കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെ, ചില സംസ്ഥാനങ്ങള്‍ക്കെതിരായ പോരാട്ടത്തിലാണ് കേന്ദ്രമെന്നു പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട. സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെ കേന്ദ്ര സംഘങ്ങളെ അയക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്- ഒബ്രിയന്‍ വ്യക്തമാക്കി.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തില്‍ ബംഗാളിനെ പോലെത്തന്നെ കേരള സര്‍ക്കാറും നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പറയാന്‍ ഞങ്ങള്‍ക്കു മടിയില്ല. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ബംഗാളില്‍ ഇനിയും പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ സ്വമേധയാ നിയന്ത്രണം പാലിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ വൃത്തിയാക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഗിമ്മിക്ക് കാണിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍, കേന്ദ്രം വൈകിയുണര്‍ന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ പാര്‍ട്ടി മെനക്കെട്ടില്ല. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ നിര്‍ദേശിച്ചിരുന്നതു കൊണ്ടായിരുന്നു ഇതെന്നും ഒബ്രിയന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് ഒബ്രിയനൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട ലോക്‌സഭയിലെ ടി എം സി നേതാവ് സുദിപ് ബന്ദ്യോപാധ്യായ് യും പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളെ സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സുദിപ് ആവശ്യപ്പെട്ടു. ബംഗാളില്‍ കൊവിഡ് പരിശോധന പ്രതിദിനം 400 എണ്ണമാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇന്ന് മുതല്‍ അത് 600 ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജി ശക്തമായി രംഗത്തു വന്നിരുന്നു. ഏകപക്ഷീയവും അംഗീകരിക്കാനാകാത്തതുമാണ് നടപടിയെന്ന് അവര്‍ ആരോപിച്ചു.

Latest