Connect with us

National

മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ഭോപാല്‍ | ബി ജെ പി അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മധ്യപ്രദേശില്‍ അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നരോത്തം മിശ്ര, മീനാ സിംഗ്, കമല്‍ പട്ടേല്‍, തുളസീറാം സിലാവത്, ഗോവിന്ദ് സിംഗ് രജ്പുത്
എന്നീ എം എല്‍ എമാരാണ് ഇന്ന് ഉച്ചക്കു ശേഷം ഭോപ്പാലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ മുമ്പാകെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഓരോ മന്ത്രിമാര്‍ക്കും രണ്ടു വീതം വകുപ്പുകള്‍ നല്‍കിയെങ്കിലും മഹാമാരി പിടിമുറുക്കിയ സാഹചര്യത്തില്‍ നിര്‍ണായകമായ ആരോഗ്യ വകുപ്പ് ആര്‍ക്കും നല്‍കിയിട്ടില്ല. 1,485 പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 74 മരണവും സംഭവിച്ചു. ഗുരുതരമായ ഈ സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ ചുതമല ആരെയും ഏല്‍പ്പിക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഒരുമാസത്തോളമായി മുഖ്യമന്ത്രി മാത്രമാണ് മധ്യപ്രദേശില്‍ അധികാരത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ കാരണമാണ് മന്ത്രിസഭ വികസിപ്പിക്കാത്തതെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിക്കു മാത്രമായി കഴിയില്ലെന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് അഞ്ച്മന്ത്രിമാര്‍ കൂടി അധികാരമേറ്റതെന്നാണ് റിപ്പോര്‍ട്ട്.
ബുന്ദേല്‍ഖണ്ഡ്, സെന്‍ട്രല്‍ മധ്യപ്രദേശ്, മാള്‍വാ-നിമാര്‍, മഹാകോശാല്‍, ഗ്വാളിയോര്‍-ചമ്പല്‍ എന്നീ മേഖലകളില്‍ നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.

കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെ 22 എം എല്‍ എമാര്‍ രാജിവച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലംപതിച്ചത്. പിടിച്ചുനില്‍ക്കാന്‍ കമല്‍നാഥ് ശ്രമിച്ചെങ്കിലും എം എല്‍ എമാരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയാതിരുന്നതോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

Latest