Connect with us

Covid19

കൊവിഡ് -19: സഊദിയില്‍ ഫീല്‍ഡ് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഫീല്‍ഡ് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രവിശ്യകളില്‍ ഇതിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവിശ്യകളില്‍ പരിശോധന ശക്തമാക്കും. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ചേര്‍ന്ന പ്രത്യേക സംഘങ്ങളാണ് പരിശോധന നടത്തുന്നത്. മക്കയില്‍ വീടുകളും ലേബര്‍ ക്യാമ്പുകളും കയറിയുള്ള പരിശോധനയിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. രോഗ സംശയമുള്ളവരുടെ സ്രവങ്ങളാണ് പരിശോധനക്കായി ശേഖരിച്ച് ലാബുകളിലെത്തിക്കുന്നത്.

തിങ്കളാഴ്ച മാത്രം മക്കയില്‍ 402 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യയും മക്കയില്‍ തന്നെയാണ് കൂടുതല്‍. 37 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. മരിച്ചവരിലും രോഗബാധിതരിലും ഏറ്റവും കൂടുതല്‍ വിദേശികളാണ്. മക്കയില്‍ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പരിശോധനക്ക് നാഷണല്‍ ഗാര്‍ഡും രംഗത്തുണ്ട്.

ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് താത്ക്കാലിക താമസ സൗകര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം ഒരുക്കുന്നത്. ഫീല്‍ഡ് വര്‍ക്കുകള്‍ ഊര്‍ജിതമാക്കുന്നതിനായി തൊഴിലുടമകള്‍ക്ക് മാനവശേഷി സാമൂഹിക മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി താമസ സ്ഥലങ്ങളുടെ ലൊക്കേഷന്‍ മാപ്പുകള്‍ അടങ്ങിയ വിവരങ്ങള്‍ “ഈജാര്‍” പ്രോഗ്രാമില്‍ ലിങ്ക് ചെയ്ത് മന്ത്രാലയത്തെ അറിയിക്കാന്‍ പത്ത് ദിവസത്തിനകം അറിയിക്കാന്‍ ലേബര്‍ ഹൗസിംഗ് റെഗുലേറ്ററി കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദീനയില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖുദ്റ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ കര്‍ശനമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പുറത്തിറങ്ങുന്നതിനുളള വിലക്കും തുടരുകയാണ്. ദമാമിലെ അല്‍ അസീര്‍, അല്‍ഹസ്സ ഗവര്‍ണറേറ്റിന് കീഴിലെ ഫൈസലിയ്യ, അല്‍ഫാദിലിയ്യ പ്രദേശങ്ങളില്‍ അനിശ്ചിതകാലത്തേക്ക് 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പുറത്തുപോകുന്നതിനും വിലക്കുണ്ട്.

Latest