Connect with us

Covid19

കൊവിഡ് 19 അവസാനത്തെ മഹാമാരിയാകില്ല; ലോകം അതീവ ജാഗ്രതയോടെയിരിക്കണമെന്ന് വിദഗ്ധര്‍

Published

|

Last Updated

ജനീവ | കൊവിഡ് 19 മഹാമാരി പോലുള്ള വൈറസ് രോഗങ്ങള്‍ ലോകത്ത് ആദ്യത്തെതല്ലെന്നും അവസാനത്തേതാകില്ലെന്നും വിദഗ്ധര്‍. സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥക്കുമെല്ലാം വിനാശകരമായ വൈറസ് രോഗങ്ങള്‍ ലോകത്തെ ഇനിയും പിടിച്ചുകുലുക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. ശക്തിയാര്‍ജിച്ചു കൊണ്ടേയിരിക്കുന്ന സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുക കൂടുതല്‍ പ്രയാസകരമാകും. ജനസംഖ്യാ വര്‍ധന, നഗരവത്ക്കരണം, സാമ്പത്തിക ഉദ്ഗ്രഥനം, യാത്രാ സംവിധാനങ്ങളുടെ പെരുപ്പം, കുടിയേറ്റം, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയടക്കമുള്ള കാര്യങ്ങളാണ് ഇതില്‍ പ്രധാന ഘടകങ്ങളാവുക.

സ്പാനിഷ് ഫ്‌ളൂവിന് ശേഷം മാരകമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്ന രണ്ടാമത്തെ വൈറസ് രോഗമാണ് കൊവിഡ് 19. കൊവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ 1,65,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗത്തിന്റെ പിടിയില്‍ പെട്ടവരുടെ എണ്ണമാണെങ്കില്‍ 25 ലക്ഷത്തോടടുക്കുകയാണ്. 1918നും 19നും ഇടയിലെ 11 മാസങ്ങളില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ അഞ്ചുകോടിയോളം പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ഇന്ത്യയെയും ഗുരുതരമായ രീതിയിലാണ് സ്പാനിഷ് ഫ്‌ളൂ ബാധിച്ചത്. 1911നും 1921നും ഇടയിലെ 10 വര്‍ഷങ്ങളില്‍ ദശവര്‍ഷ ജനസംഖ്യാ വര്‍ധനയുടെ നിരക്ക് 0.31 ശതമാനം കുറഞ്ഞതായി കണക്കുകള്‍ തെളിയിക്കുന്നു. 1901 നു ശേഷം ഇതാദ്യമായാണ് ദശവര്‍ഷ കണക്കെടുപ്പില്‍ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയുടെ തോത് ഇത്രയും കുറഞ്ഞതെന്നാണ് ഇന്ത്യന്‍ സെന്‍സസ് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുക. സ്പാനിഷ് ഫ്‌ളൂവാണ് ഇതില്‍ പ്രധാന ഘടകമായത്.

“ഇതുവരെ കണ്ടെത്തിയതും നിയന്ത്രിക്കാന്‍ ഏറെ പ്രയാസമേറിയതുമാണ് ഇന്‍ഫ്‌ളുവന്‍സ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), എബോള, സിക്ക, പ്ലേഗ്, യെല്ലോ ഫീവര്‍ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതുമാണ് ഇവ.”- ഗ്ലോബല്‍ പ്രിപ്പയേഡ്‌നെസ് മോണിറ്ററിംഗ് ബോര്‍ഡിന്റെ (ജി പി എം ബി) 2019ലെ വേള്‍ഡ് അറ്റ് റിസ്‌ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ വിജയ് രാഘവന്‍ ഉള്‍പ്പെടെ ആഗോള തലത്തിലെ 15 ശാസ്ത്രജ്ഞര്‍, ആരോഗ്യ മേധാവികള്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

2011നും 2018നും ഇടയിലും 2019ലും 172 രാഷ്ട്രങ്ങളിലായി 1,483 സാംക്രമിക രോഗങ്ങളാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) സ്ഥിരീകരിച്ചിട്ടുള്ളത്. 2009-10ലെ ഇന്‍ഫ്‌ളുവന്‍സക്കു സമാനമായ എച്ച് വണ്‍ എന്‍ വണ്‍ രോഗവും ഇനിയും ഉണ്ടായേക്കാമെന്ന് ഡബ്ല്യു എച്ച് ഒ മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, കഴിഞ്ഞ കാലത്ത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കു മാത്രം പടര്‍ന്നിരുന്ന നോവല്‍ കൊറോണ വൈറസ് കൂടുതല്‍ ഗുരുതരമായ തലങ്ങളിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്നത് ഭീതിജനകമായ അവസ്ഥയാണെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, ആയിരത്തോളം സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ (എച്ച്1 എന്‍1, എച്ച്3 എന്‍2), അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം, ചിക്കുന്‍ഗുനിയ, ഡെങ്കു, മീസില്‍സ് തുടങ്ങി വര്‍ഷം തോറും കണ്ടുവരുന്ന രോഗങ്ങളും ക്രിമിയന്‍-കോംഗോ ഹീമോര്‍ഹാഗിക് ഫീവര്‍, ക്യാസനുര്‍ ഫോറസ്റ്റ് ഡിസീസ് (കുരങ്ങു പനി), നിപ, സ്‌ക്രബ് ടൈഫസ്, സിക്ക തുടങ്ങി അപൂര്‍വമായി കാണപ്പെടുന്നവയും ഇക്കൂട്ടത്തിലുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം വെളിപ്പെടുത്തിയ കണക്കുകളാണ് ഇത് വെളിപ്പെടുത്തിയത്.

പരിശോധനക്കുള്ള അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണ രീതികളും ചികിത്സാ സംവിധാനങ്ങളും വികസിപ്പിക്കുകയുമാണ് ആരോഗ്യ അടിയന്തരാവസ്ഥകളില്‍ ചെയ്യാനുള്ളതെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Latest