Connect with us

Malappuram

ലോക്ക്ഡൗൺ നീളുന്നു: ഫുട്‌ബോൾ ക്ലബുകൾക്കിത് നഷ്ടങ്ങളുടെ സീസൺ

Published

|

Last Updated

ആഫ്രിക്കൻ താരങ്ങളായ ബോട്ടെങ്, മോറിസ്, ലൂയിസ് എന്നിവർ ഉദയ ടീം മാനേജർ എം കെ മുനീർ, പ്രസിഡന്റ് എൻ കെ ശരീഫ് എന്നിവർക്കൊപ്പം

മലപ്പുറം | കഴിഞ്ഞ സീസണുകളിൽ അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിൽ ആവേശമായി മാറിയിരുന്ന സെവൻസ് ഫുട്‌ബോൾ അസോസിയേഷന് കീഴിലുള്ള ടീമുകളിലെ വിദേശ താരങ്ങൾ കടുത്ത പ്രതിസന്ധിയിൽ. കൊവിഡ് കാരണം സീസണിലെ ടൂർണമെന്റുകളെല്ലാം മുടങ്ങിയതിനെ തുടർന്നാണ് വിദേശ താരങ്ങൾ പ്രയാസത്തിലായത്.

വിസ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ നാട്ടിലേക്കുള്ള മടക്കം താരങ്ങൾക്ക് മുമ്പിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ജില്ലയിലെ ആഫ്രിക്കൻ താരങ്ങളായ സെവൻസ് ഫുട്‌ബോൾ ടീം അംഗങ്ങൾ ഇനിയും കേരളത്തിൽ തുടർന്നാൽ ഇതുവരെ സമ്പാദിച്ചതിൽ നല്ലൊരു ഭാഗം ഇവിടെ തന്നെ ചെലവഴിക്കേണ്ടിവരും.

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള 32 ടീമുകളിലും ആഫ്രിക്കൻ താരങ്ങളുണ്ട്. ഒരു കളിക്ക് 4000 മുതൽ 8000 വരെയാണ് പ്രതിഫലം. അഖിലേന്ത്യ സെവൻസ് ഫുട്‌ബോളിന് മികച്ച ജനപ്രിയ ക്ലബുകളെ സംഭാവന ചെയ്ത മണ്ണാണ് പെരുവള്ളൂർ. ഉദയ പറമ്പിൽ പീടിക, ഓസ്‌ക്കാർ കാക്കത്തടം, ലയൺസ് പറമ്പിൽപീടിക ക്ലബുകൾ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബുകളാണ്.
ഉദയ-അൽ മിൻഹാൻ താരങ്ങളായ മൂന്ന് വിദേശ താരങ്ങൾക്ക് പറമ്പിൽപീടികയിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നോൺ വെജ് ഭക്ഷണങ്ങളോട് ഇഷ്ടമുള്ള ഇവർക്ക് വേണ്ട ഭക്ഷണങ്ങളും മറ്റ് ആവശ്യങ്ങളും ഉദയ ടീം മാനേജർ മുനീർ പീച്ചുവിന്റെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. ലൈബീരിയൻ താരം ആർക്കുമോറിസ്, ഐവറി കോസ്റ്റ് താരം ജീൻ ലൂയിസ് ദിദിയർ, ഘാനയിൽ നിന്നുള്ള ജസ് ബോട്ടൻ എന്നിവരാണ് ഇവിടെയുള്ളത്.

പരിശീലനത്തിന് പോലും പുറത്തിറങ്ങാൻ പറ്റാതായതോടെ പാചക പരീക്ഷണവും ടി വി കാണലും ഒക്കെയായി ദിനങ്ങൾ തള്ളിനീക്കുകയാണ് ഇവർ. ക്ലബും സെവൻസ് ഫുട്‌ബോൾ അസോസിയേഷനും സഹായധനം അനുവദിച്ചാൽ അതുമായി നാട്ടിലേക്ക് തിരിച്ചുപോകാമെന്നാണ് ഇവരുടെ പ്രതീക്ഷ.