Connect with us

Covid19

സ്പ്രിന്‍ക്ലറില്‍ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി; 24ന് കേസ് വീണ്ടും പരിഗണിക്കും

Published

|

Last Updated

കൊച്ചി |  സ്പ്രിന്‍ക്ലറില്‍ ഡാറ്റ അപ് ലോഡ് ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട കോടതി കേസ് 24ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. നിരവധി ചോദ്യങ്ങളും കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഈ ചോദ്യങ്ങളിലെല്ലാം ഇനി കേസ് പരിഗണിക്കുന്ന 24ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണം. അതുവരെ സ്പ്രിന്‍ക്ലറിന് ഡാറ്റ നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധത്തെ അഭിന്ദിക്കുമ്പോള്‍ തന്നെ ഈ ഡാറ്റ സുരക്ഷിതത്വത്തില്‍ കോടതിക്ക് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. സര്‍ക്കാറിന് എതിരല്ല കോടതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തിന് സ്വന്തമായി ഐ ടി വിഭാഗമില്ലേയെന്നും ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്നും കോടതി ചോദിച്ചു. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന രേഖകള്‍ ചോര്‍ന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം വഹിക്കുമോ?. ഇതുമായി ബന്ധപ്പെട്ട വ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന് എന്തുകൊണ്ട് വ്യവസ്ഥ ചെയ്‌തെന്നും കോടതി ചോദിച്ചു.

സ്പ്രിന്‍ക്ലറിന്റെ കൈകളിലുള്ള ഡാറ്റ സുരക്ഷിതമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അതേസമയം വ്യക്തി സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഡാറ്റ കൈകാര്യം ചെയ്യുന്നത് സി ഡിറ്റാണ്. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു. കരാര്‍ സംബന്ധിച്ച് നാളെ വിശദമായ മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

 

Latest