Connect with us

Kerala

അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സ്പ്രിന്‍ക്ലറുമായി ചര്‍ച്ച നടത്തിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: ചെന്നിത്തല

Published

|

Last Updated

തിരുവന്തപുരം |  സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട കരാറുകളെല്ലാം നടന്നത് ദുരൂഹമാണെന്നും അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ഈ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനിയുമായി രണ്ട് വര്‍ഷം എവിടെയൊക്കെ വെച്ച് ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും ഐ ടി സെക്രട്ടറിയും നല്‍കിയ മറുപടി പരിശോധിച്ചാല്‍ പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യമാകും. മുഖ്യമന്ത്രിക്ക് തട്ടിപ്പ് കണ്ടുപിടിച്ചതിന്റെ ജാള്യതയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

25 ദിവസമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കരാര്‍ സംബന്ധിച്ച് ഒരു സൂചന പോലും നല്‍കിയില്ല. കരാര്‍ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാരുടെ അഭിപ്രായം ഒന്നും ചോദിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ആരും ഒന്നും അറിഞ്ഞില്ല. റന്യൂമന്ത്രി ചന്ദ്രശേഖര്‍ ഇക്കാര്യ അറിഞ്ഞിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.

അസാധാരണ സാഹചര്യത്തിലെ അസാധാരണ കരാറെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയായാണ് താന്‍ ഇതിനെ കാണുന്നത്. മുഖ്യമന്ത്രിക്ക് വിഷയത്തില്‍ ഒഴിഞ്ഞുമാറാനാകില്ല. മാധ്യമങ്ങളോടും ജനങ്ങളോടും മറുപടി പറയാന്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. സത്യം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ച് അപമാനിച്ചു. ഇത് നേരത്തെ മുതലുള്ളതാണ്. മാധ്യമങ്ങള്‍ തനിക്ക് ഇഷ്ടമുള്ള ചോദ്യം മാത്രമേ ചോദിക്കാന്‍ പാടുള്ളുവെന്നത് എവിടത്തെ ന്യായമാണ്. എല്ലാ ഏകാധിപതികളും തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യത്തോട് കാണിക്കുന്ന അസഹിഷ്ണുതയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിക്കുന്നത്.

 

Latest