Connect with us

National

ലോക്ക് ഡൗണ്‍ ലംഘനം; യു പിയില്‍ 71,782 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 71,782 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 24,446 എഫ് ഐ ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമ (ഐ പി സി) ത്തിലെ 188 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ജയിലുകളിലെ തിരക്ക് ഒഴിവാക്കാനായി ഇവര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗണ്‍ ലംഘകരില്‍ നിന്ന് ഒമ്പതര കോടിയോളം രൂപ പിഴ ഈടാക്കിയതായും അവസ്തി അറിയിച്ചു. അതിനിടെ, യു പിയില്‍ ഇതുവരെ 1,184 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 18 പേര്‍ മരിച്ചു. 140 പേര്‍ക്ക് അസുഖം ഭേദമായി.

യു പിയില്‍ സിമന്റ്, ടെക്‌സ്റ്റൈല്‍, പേപ്പര്‍ വിഭാഗങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയില്‍ ഉത്പാദനം തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം ജീവനക്കാര്‍ മാത്രമെ ഒരു സ്ഥാപനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. മാത്രമല്ല സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും വേണം.