Connect with us

Articles

മതം, മഹാമാരി, ഭരണകൂടം

Published

|

Last Updated

 

ഏതൊരു സംഭവവികാസത്തെയും പോലെ വ്യാപനം നടക്കും മുമ്പെ കൊവിഡിന്റെയും മതപരമായ വേര്‍ഷന്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഇതൊരു സാധാരണ സംഭവമാണ്. ഏതൊരു വിഷയത്തിന്റെയും മതം തിരിച്ചുള്ള വിദഗ്ധമായ അവതരണങ്ങള്‍ ഭരണകൂടങ്ങള്‍ മുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ വരെയുള്ളവര്‍ നടത്തിയിരിക്കും. മത, ജാതി, ഭാഷാ, സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാടാണല്ലോ ഇന്ത്യ. ഭാഷയേക്കാള്‍ മതത്തിലും ജാതിയിലുമാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍ കൂടുതലായും അഭിപ്രായപ്രകടനങ്ങളും നിര്‍മിത വിശകലനങ്ങളും അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ഇസ്്ലാമോഫോബിയ പ്രചാരണമായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളും ഹിന്ദുത്വ പ്രചാരകരും നന്നായി ചെയ്ത മത വിശകലനം. ഇസ്്ലാമോഫോബിയ അതിരുകള്‍ ഭേദിച്ചുള്ള പ്രചാരണങ്ങളിലേക്ക് കടന്നു. നാട്ടിലും വിദേശത്തുമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് മുസ്്ലിം വിരുദ്ധമായ പ്രചാരണങ്ങള്‍ കെട്ടഴിഞ്ഞു വീണു. മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് മുസ്്ലിം വിരുദ്ധത പാകം ചെയ്തു. ഈ പ്രചാരണങ്ങളുടെ ഫലമായി ഇന്ത്യയിലെ വലിയൊരു ശതമാനം മുസ്്ലിംകളെ ഈ കൊവിഡ് കാലത്ത് അകറ്റി നിര്‍ത്തി. ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു. മുസ്്ലിം യുവാക്കളെ തെരുവില്‍ കൈകാര്യം ചെയ്തു. വാടക മുറികളില്‍ നിന്ന് ഇറക്കി വിട്ടു. മദ്റസകളിലെ ഹോസ്റ്റല്‍ മുറികളില്‍ പോലീസും പ്രദേശവാസികളും ചേര്‍ന്ന് പരിശോധന നടത്തി. ആശുപത്രികള്‍ രണ്ടാക്കി മുറിച്ച് ഹിന്ദു – മുസ്‌ലിം എന്ന് വിഭജിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരു പ്രതിപക്ഷത്തെയും കണ്ടില്ല. പകരം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനും (ഒ ഐ സി) ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളുടെ ഭാഗമായി നില്‍ക്കുന്നവരും ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തി. ഇസ്്ലാമോഫോബിയ അവസാനിപ്പിക്കുന്നതിന് ഇന്ത്യ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഒ ഐ സി പ്രതികരിച്ചത്. കുവൈത്ത് ഇന്റര്‍നാഷനല്‍ ഫെയറിന്റെ സി ഇ ഒ അബ്ദുര്‍റഹ്മാന്‍ അല്‍നാസര്‍ ഈ വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചതിങ്ങനെയാണ് – “”ഓരോ വര്‍ഷവും 55 ബില്യണ്‍ യു എസ് ഡോളറില്‍ കൂടുതലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത്. മുസ്്ലിം രാഷ്ട്രങ്ങളില്‍ നിന്ന് മൊത്തത്തിലായി 120 ബില്യണിലധികവും. ഈ രാജ്യങ്ങള്‍ ഇന്ത്യക്കാരെ നന്നായി പരിചരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിംകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു?””. വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലിങ്കിഡ് ഇന്നില്‍ ഇങ്ങനെ എഴുതി- “”കൊവിഡ് അക്രമിക്കുന്നത് വംശമോ നിറമോ മതമോ ഭാഷയോ അതിര്‍ത്തിയോ നോക്കിയിട്ടല്ല. അതുകൊണ്ട് നമ്മുടെ പെരുമാറ്റവും പ്രതികരണവും ഐക്യത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയാകണം””. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നുവെങ്കില്‍ മഹാമാരിയുടെ പേരില്‍ ഇന്ത്യയുടെ മതേതര പ്രതിച്ഛായക്ക് ഒരു കോട്ടവും തട്ടില്ലായിരുന്നു. മുസ്്ലിമായതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ലായിരുന്നു. പീഡനങ്ങളനുഭവിക്കേണ്ടി വരില്ലായിരുന്നു.
യഥാര്‍ഥത്തില്‍ കൊവിഡ് എങ്ങനെയൊക്കെയാണ് ഇന്ത്യയില്‍ മതവുമായി ചേര്‍ത്തുവെക്കപ്പെട്ടത് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതം, കൊവിഡ്, ഭരണകൂടം, മീഡിയ എന്നിവയുമായി ചേര്‍ന്നു കിടക്കുന്നു അത്. കൊവിഡ് കാലത്തെ പിന്തിരിപ്പന്‍ മതപ്രചാരണത്തിന്റെ ആദ്യ ശ്രമം “പശുമൂത്ര” വക്താക്കളുടേതായിരുന്നു. കൊവിഡ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ ഈ പ്രചാരണം തുടങ്ങി. സോഷ്യല്‍ മീഡിയ ആയിരുന്നു പ്രധാനയിടം. പശുമൂത്രം ഔഷധമാണെന്നും വൈറസിനെ തുരത്താന്‍ ഇതൊന്നു മാത്രം മതിയെന്നുമായിരുന്നു അവരുടെ വേര്‍ഷന്‍. പ്രചാരണം കാടുകേറി. ഒടുവില്‍ അപകടം മനസ്സിലാക്കിയ ഭരണകൂടം നടപടികളുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയതോടെ ഇതിന്റെ സാധ്യത അവസാനിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ, സാമൂഹിക അകലം പാലിക്കലാണ് കൊവിഡ് പ്രതിരോധത്തിന്റെ ആദ്യപടിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതോടെ, മുസ്‌ലിംകളുടെ അസ്സലാമു അലൈക്കുമല്ല ഹിന്ദുക്കളുടെ നമസ്തെയാണ് ശാസ്ത്രീയമെന്നായി. തൊട്ടുകൂടായ്മയും ജാതി വേര്‍തിരിവുകളും ഇത്രമേല്‍ ശാസ്ത്രീയമായിരുന്നല്ലേ എന്നുകൂടി വ്യാഖ്യാനങ്ങളുണ്ടായി. ഭാരതീയ സംസ്‌കാരമെത്ര ശാസ്ത്രീയമായിരുന്നുവെന്ന നെടുവീര്‍പ്പുകളുമായി സോഷ്യല്‍ മീഡിയയില്‍ കറുപ്പു മഷികള്‍ മിന്നി.

ഏറ്റവും ഒടുവിലാണ് കൊവിഡ് വൈറസ് പരമത വിദ്വേഷം വളര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗമാണെന്ന് സംഘ്പരിവാര്‍ തിരിച്ചറിയുന്നതും ആ വഴിക്കുള്ള ശ്രമങ്ങളാരംഭിക്കുന്നതും. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇസ്‌ലാമോ ഫോബിയ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍. ഇതിലേക്കുള്ള വാതില്‍ പഴുതായി ഡല്‍ഹി തബ്്ലീഗ് കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തിനെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തബ്്ലീഗ് നേതാക്കളുടെ മാത്രമല്ല ഭരണകൂടത്തിന്റെ കൂടി അശ്രദ്ധ ഡല്‍ഹിയിലെ ഈ കേസുകളില്‍ സംഭവിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. എന്നാല്‍ ഭരണകൂടവും മാധ്യമങ്ങളും അതൊരു മതത്തിന്റെ പ്രശ്നമാക്കി അവതരിപ്പിച്ചു. ഇസ്‌ലാമോഫോബിയക്ക് ആക്കം കൂട്ടി. ലോകവ്യാപകമായി മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഒരു വിഭാഗം ഇത് നന്നായി ചൂഷണം ചെയ്തു.

പിന്നീട് കേട്ടത് ഭരണകൂടം നടത്തുന്ന കൊവിഡിന്റെ മത വേര്‍ഷനുകളായിരുന്നു. ഗുജറാത്ത് സര്‍ക്കാറിനു കീഴിലുള്ള ഒരു ആശുപത്രിയില്‍ കൊവിഡ് ബാധിതരായവര്‍ക്ക് മത വിശ്വാസം അനുസരിച്ചുള്ള വാര്‍ഡുകള്‍ തയ്യാറാക്കി എന്നതായിരുന്നു സംഭവം. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് ഹിന്ദു- മുസ്‌ലിം എന്നിങ്ങനെ വേര്‍തിരിച്ച് കൊവിഡ് ബാധിതര്‍ക്ക് പ്രത്യേകം വാര്‍ഡുകള്‍ തയ്യാറാക്കിയത്. 1,200 കിടക്കയാണ് ആശുപത്രിയിലുള്ളത്. ഇക്കാര്യം സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അങ്ങനെ വേര്‍തിരിവുണ്ടെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗുണവന്ദ് എച്ച് റത്തോഡ് പറയുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി പ്രത്യേകം വാര്‍ഡ് തയ്യാറാക്കാറുണ്ട്. അതുപോലെ മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം വാര്‍ഡ് തയ്യാറാക്കുകയായിരുന്നെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ആശുപത്രിയിലുള്ള 186 പേരില്‍ 150 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40 പേര്‍ മുസ്‌ലിംകളാണ്.
കഴിഞ്ഞ ദിവസം യു പിയില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്തുവന്നിരുന്നു. കൊവിഡ് പരിശോധന നടത്താത്ത മുസ്്ലിംകള്‍ ചികിത്സക്ക് വരേണ്ടതില്ലെന്ന വാലന്റിസ് ക്യാന്‍സര്‍ ആശുപത്രിയുടെ പത്രപരസ്യമായിരുന്നുവത്. രാജസ്ഥാനിലെ ഭരത്പൂരില്‍ ഗര്‍ഭിണിയായ പര്‍വീണ എന്നു പേരുള്ള മുസ്‌ലിം യുവതിക്ക് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതും കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചതും ഈ മാസം തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഭരത്പൂരില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സിലാണ് പര്‍വീണ പ്രസവിച്ചത്. കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. പിന്നീടും മുസ്‌ലിംകള്‍ക്ക് ആംബുലന്‍സുകള്‍ നിഷേധിച്ച സംഭവങ്ങള്‍ അരങ്ങേറി. യു പിയില്‍ അടക്കമുള്ള മദ്റസകളിലേക്ക് പ്രദേശവാസികളും പോലീസും ഇരച്ചു കയറി. ന്യൂഡല്‍ഹിയില്‍ കൊവിഡ് പരത്തുന്നുവെന്ന പ്രചാരണം നടത്തി മുസ്‌ലിം യുവാവിനു നേരെ ക്രൂരമായ മര്‍ദനം അരങ്ങേറി. ഡല്‍ഹിയിലെ ബവാന മേഖലയില്‍ 22 വയസ്സുകാരനായ മെഹ്ബൂബ് അലിയെയാണ് ക്രൂരമായ മര്‍ദനത്തിനു ഇരയാക്കിയത്. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനായി മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് പോയ ഇയാള്‍ 45 ദിവസത്തിന് ശേഷം പച്ചക്കറി കയറ്റിവന്ന ട്രക്കില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് പൂര്‍ണ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കൊവിഡ് ഇല്ലെന്നു സ്ഥിരീകരിക്കപ്പെട്ടിരുന്നു. കൊറോണ വൈറസ് പടര്‍ത്താന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന് കിംവദന്തികള്‍ പ്രചരിപ്പിച്ചാണ് അക്രമം അഴിച്ചുവിട്ടത്. ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളുടെ കൂടി അനന്തരഫലമായിരുന്നു ഈ വിദ്വേഷ പ്രചാരണങ്ങളും അക്രമങ്ങളും. ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തിന് എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം സര്‍ക്കാറിന്റെ ഭാഗമായിരിക്കുന്നവര്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലെ പരാമര്‍ശങ്ങള്‍ വരെ ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു. തബ്്ലീഗ് കേന്ദ്രം സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഭരണകൂടം ഇത് കൈകാര്യം ചെയ്യുമ്പോള്‍ ഒരു മത വിഭാഗത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വഴിയൊരുക്കി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കണമായിരുന്നു.

Latest