Connect with us

Kerala

'എല്ലാം ചരിത്രം തീരുമാനിക്കും'; സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഇപ്പോള്‍ ഉയര്‍ന്നുവന്ന സ്പ്രിംക്ലര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ ഇപ്പോള്‍ വെറസിനെതതിരെപോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ചരിത്രം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ പോലും ഗുരുതരമായ ആരോപണങ്ങളുയര്‍ന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഭയങ്കര ഗുരുതരമല്ലേ, അതെല്ലാം വലിയ ആനക്കാര്യമാണെന്ന രീതിയിലാണ് ചിലര്‍ അവതരിപ്പിക്കുന്നതെന്നും അതെല്ലാം എല്ലാവര്‍ക്കും മനസിലാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരാറുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വം വിശദീകരണം തേടി എന്ന രീതിയില്‍ വന്ന വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ സേവ് സി പി എം ഫോറം എന്ന പേരില്‍ രൂപം കൊണ്ട് സംഘടനയെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. പണ്ടും പല വാര്‍ത്തകള്‍ ഈ രീതിയില്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും നാലോ അഞ്ചോ പേരായിരുന്നു അതിന്റെ പുറകിലെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോപണങ്ങള്‍ക്ക് മറുപടി കൊടുത്ത് നിജസ്ഥിതി അറിയിക്കേണ്ടെ എന്ന ചോദ്യത്തിന് വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള ആളുകള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് ഇപ്പോള്‍ വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോള്‍ നേരമെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest