Connect with us

Covid19

ലോക്ക് ഡൗണ്‍: ദുരിതബാധിതര്‍ക്ക് കേന്ദ്രം അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കും അടിയന്തര സാമ്പത്തിക സഹായം എത്തിക്കണമെന്ന് കോണ്‍ഗ്രസ്. എല്ലാ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും വയോധികരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപ വീതം ഉടന്‍ നിക്ഷേപിക്കണമെന്നാണ് ആവശ്യം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയിലുള്ള പാര്‍ട്ടി കൂടിയാലോചനാ സമിതി യോഗം ചേര്‍ന്നാണ് ആവശ്യം മുന്നോട്ടുവച്ചത്.

സര്‍ക്കാറിന് നിലവില്‍ യാതൊരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്നും ദുരിതബാധിതര്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാകണമെന്നും സമിതിയംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും സുസ്ഥിരതക്കായി സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വൈറസ് വ്യാപനമുണ്ടായപ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന് കൂടിയാലോചനാ സമിതി യോഗം വിലയിരുത്തി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള തിരക്കിലായിരുന്നു കേന്ദ്രം. എന്നാല്‍ ഏറ്റുമുട്ടുന്നതിനല്ല, ക്രിയാത്മക നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വെക്കാനുള്ള സമയമാണിതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞ കാര്യവും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.

Latest