Connect with us

Kerala

സംസ്ഥാനത്ത് ആറ് പേര്‍ക്ക്കൂടി കൊവിഡ്; 21 പേര്‍ രോഗമുക്തി നേടി

Published

|

Last Updated

തിരുവനന്തപുരം  |സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര്‍ വിദേശത്തുനിന്നും വന്നവരാണ് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് 21 പേര്‍ രോഗമുക്തി നേടി.

കാസര്‍കോട് ജില്ലയില്‍നിന്നുള്ള 19 പേരും ആലപ്പുഴയില്‍ നിന്നുള്ള രണ്ട് പേരുമാണ് രോഗത്തില്‍നിന്നും മോചിതരായത്. സംസ്ഥാനത്ത് ഇതുവരെ 408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നത് 46323 പേരാണ്. ഇതില്‍ 398 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

ഇതുവരെ 19756 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19074 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

ആശുപത്രികളില്‍ ക്വാറന്റീനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും. ഇത് 2,3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിനങ്ങളില്‍ കാണാം എന്നു പറഞ്ഞാണ്. വാര്‍ത്താ സമ്മേളനത്തില്‍ അതത് ദിവസത്തെ പ്രധാന സംഭവങ്ങളാണു പറഞ്ഞത്. നമ്മുടെ പ്രവര്‍ത്തനത്തിന്റെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നില്ല. ഇവിടെ ചില കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കും. ജനുവരി 30നാണ് ആദ്യത്തെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ അതിനു ശേഷം സംസ്ഥാനം മുള്‍മുനയില്‍ നില്‍ക്കുന്ന നിലയായിരുന്നു. രാജ്യത്തെ ആദ്യ കോവിഡ് ബാധ നമ്മുടെ സംസ്ഥാനത്തായിരുന്നു.

എല്ലാവര്‍ക്കും അറിയാവുന്നതു പോലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിയെ തൃശൂരിലെ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടീമുകളുണ്ടാക്കി. എല്ലാ ജില്ലകളിലും ഐസലേഷന്‍ കേന്ദ്രങ്ങള്‍ കൊണ്ടുവന്നു. ഫെബ്രുവരി 2ന് ആലപ്പുഴയിലും 3ന് കാസര്‍കോട്ടും രോഗം സ്ഥിരീകരിച്ചു. 3 പേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞു. പിന്നീട് രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇത് ആദ്യ ഘട്ടമായിരുന്നു.

എന്നാല്‍ ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് വന്ന കുടുംബത്തിലെ 5 പേര്‍ക്ക് രോഗബാധയുണ്ടായി. എന്നാല്‍ അതിനു മുന്‍പ് തന്നെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനാ സംവിധാനം ഏര്‍പെടുത്തി. യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കി. എന്നിട്ടും രണ്ടാംഘട്ട വൈറസ് വ്യാപനത്തിന്റെ ഭീഷണിയായിരുന്നു 5 പേരുടെ രോഗം. അതോടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടിവന്നു. സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം കണ്ടെത്തി പരിശോധിച്ചു. ശാസ്ത്രീയമായി റൂട്ട് മാപ്പ് തയാറാക്കി. വിമാനത്താവളങ്ങളില്‍ പരിശോധന നിര്‍ബന്ധമാക്കി. വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നിരീക്ഷണത്തില്‍ കഴിയാന്‍ അയച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ആള്‍ക്കൂട്ടം, ഉത്സവം, കൂടിച്ചേരലുകള്‍ എല്ലാം വിലക്കി.

പൊതുപരിപാടികള്‍ ആകെ റദ്ദാക്കി. തിയേറ്ററുകള്‍ നിര്‍ത്തിവച്ചു. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ദസേവകരും ഒറ്റക്കെട്ടായി പ്രതിരോധത്തിന് രംഗത്തിറങ്ങി. ഒരു ഭേദചിന്തയും ഇല്ലാതെ ഒറ്റലക്ഷ്യത്തിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. വ്യക്തിശുചീകരണം, സാനിറ്റൈസര്‍ ഉപയോഗം, ശാരീരിക അകലം പാലിക്കല്‍ എന്നിവ നടപ്പക്കി. ലോക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കും മുന്‍പേ കേരളത്തില്‍ അടച്ചിടല്‍ നടപ്പാക്കി. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ധിച്ച ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പാക്കി. സ്തംഭിച്ച നാടിനെ തിരികെ പിടിക്കാന്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. പ്രവാസികള്‍ തിരിച്ചെത്താന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയ്‌ക്കെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

പഴുതടച്ചുള്ള ഇടപെടലുകള്‍ നടത്തി. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാമതായിരുന്നു കേരളം. കേരളം കോവിഡിന്റെ നാട് എന്നു പറഞ്ഞാണ് അയല്‍ സംസ്ഥാനം റോഡ് മണ്ണിട്ട് മൂടിയത്. ഫെബ്രുവരി 1ന് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവര്‍ 1471 ആയിരുന്നു. മാര്‍ച്ച് 26 ആയപ്പോള്‍ ഇത് 1 ലക്ഷം കവിഞ്ഞു. അത് ഏപ്രില്‍ നാല് ആകുമ്പോള്‍ 171355 വരെയെത്തി. ഏപ്രില്‍ നാലിന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 174 പേരെയാണ്. അന്ന് ആശുപത്രിയില്‍ 734 പേര്‍ ഉണ്ടായിരുന്നു. ആശുപത്രികളില്‍ കിടക്കുന്നവരുടെ എണ്ണം ഏപ്രില്‍ 11ന് 814 ആയി ഉയര്‍ന്നു. അന്ന് ആശുപത്രിയിലെത്തിയത് 124 പേരാണ്. കൈവിട്ട് പോകും എന്നു കരുതിയ അവസ്ഥ ഒരു ഘട്ടത്തിലുണ്ടായി. ഒരു രോഗി 23 പേര്‍ക്കാണ് രോഗം പകര്‍ന്നത്. അവരില്‍നിന്ന് 12 പേര്‍ക്കും രോഗം വന്നു.

ഓരോ രോഗിയെയും കണ്ടെത്തുകയും സഞ്ചരിച്ച വഴികളിലൂടെ ചെന്ന് പകരാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ഐസലേഷനിലാക്കി. ഇപ്പോള്‍ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വകയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 171355 ല്‍നിന്ന് 46323 ആയി കുറഞ്!ഞു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോകശരാശരി 5.75 ശതമാനം. ഇന്ത്യയിലെ നില 2.83 ശതമാനം. കേരളത്തില്‍ .58 ശതമാനം മാത്രമാണ്. ജനസംഖ്യാ അടിസ്ഥാനത്തില്‍ കൂടുതല്‍ കോവിഡ് പരിശോധന സംവിധാനമുള്ളത് കേരളത്തിലാണ്. കോവിഡ് ടെസ്റ്റിങ് കിയോസ്‌ക്, പ്ലാസ്മ തെറപി എല്ലാം ആരംഭിച്ചത് കേരളമാണ്. 33 കോവിഡ് സ്‌പെഷല്‍ ആശുപത്രികളാണ്. കേരളമാണ് കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.