Connect with us

Covid19

കൊവിഡ്: ചൈനയില്‍ നിന്ന് എത്തിയത് 24 വിമാന ലോഡ് മെഡിക്കല്‍ ഉപകരണങ്ങള്‍; 20 ലോഡ് കൂടി അടുത്താഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 പ്രതിരോധത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങളുമായി ചൈനയില്‍ നിന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് 24 വിമാനങ്ങള്‍. അടുത്ത ഒരാഴ്ചക്കകം 20 വിമാന ലോഡ് കൂടി ചൈനീസ് കമ്പനികള്‍ എത്തിക്കുമെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഏപ്രില്‍ 21നും 27നും ഇടയിലാണ് രണ്ടാംഘട്ട മെഡിക്കല്‍ ഉപകരണങ്ങളുമായി വിമാനങ്ങളെത്തുകയെന്ന് ചെനീസ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ നാലിനു ശേഷമുള്ള രണ്ടാഴ്ചകളിലായി ഷാങ്ഹായ്, ഗുവാങ്ഷു, ഷെന്‍യെന്‍, ക്‌സിയാന്‍, ഹോങ് കോങ് എന്നിവിടങ്ങളില്‍ നിന്നാണ് മെഡിക്കല്‍ ഉപകരണങ്ങളുമായി 24 ഫ്‌ളൈറ്റുകള്‍ ഇന്ത്യയിലെത്തിയത്. ആര്‍ടി-പിസിആര്‍, റാപിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍, തെര്‍മോമീറ്ററുകള്‍, സ്വയംരക്ഷാ വസ്തുക്കള്‍ എന്നിവയടക്കം 390 ടണ്‍ മെഡിക്കല്‍ ഉത്പന്നങ്ങളാണ് എത്തിച്ചത്. 6,50,000 പരിശോധനാ കിറ്റുകളും രണ്ട് കാര്‍ഗോ വിമാനങ്ങളിലായി കഴിഞ്ഞാഴ്ച ചൈന എത്തിച്ചിരുന്നു.

ഏതാണ്ട് ഒന്നരക്കോടി പി പി ഇ കിറ്റുകള്‍ക്കും ഒന്നര ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകള്‍ക്കുമാണ് ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാറുമായും സ്വകാര്യ സ്ഥാപനങ്ങളുമായും കരാര്‍ രൂപവത്ക്കരിച്ചിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Latest