Connect with us

Covid19

കൊവിഡ് പ്രതിരോധം; കുറഞ്ഞ ചെലവില്‍, വൈദ്യുതി ആവശ്യമില്ലാത്ത വെന്റിലേറ്റര്‍ നിര്‍മിച്ച് ബെംഗളൂരു കമ്പനി

Published

|

Last Updated

ബെംഗളൂരു | കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ആവശ്യമില്ലാത്ത വെന്റിലേറ്റര്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി. 2,500 രൂപ മാത്രമാണ് നിര്‍മാതാക്കളായ ഡയനാമിക് ടെക് എന്ന കമ്പനി ഇതിന് വിലയിട്ടിട്ടുള്ളത്. ലോകത്തെ തന്നെ ഏറ്റവും വില കുറഞ്ഞ വെന്റിലേറ്റര്‍ ആണിത്. വിമാനമുള്‍പ്പെടെയുള്ള വാഹനങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും ഉയര്‍ന്ന സാങ്കേതിക വിദ്യയുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഡയനാമിക് ടെക്.

“ഇന്ത്യന്‍ കണ്ടുപിടിത്ത”ത്തെ നീതി അയോഗ് സി ഇ ഒ. അമിതാഭ് കാന്ത് പ്രശംസിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും പ്രാദേശിക ആശുപത്രികളെയും മറ്റും സംബന്ധിച്ച് ഇത്തരം കണ്ടുപിടിത്തങ്ങള്‍ നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒട്ടും വൈദ്യുതി ആവശ്യമില്ലെന്നു മാത്രമല്ല, ഇറക്കുമതി ചെയ്ത ഘടക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നതും പുതിയ വെന്റിലേറ്ററിന്റെ പ്രത്യേകതയാണ്. മര്‍ദം നിലനിര്‍ത്തുന്ന ഉപകരണം ഓക്‌സിജന്‍ ക്രമീകരിച്ച് ശ്വസനക്രമം ശരിയാക്കുന്നു.

“വിലക്കുറവും അനായാസം നിര്‍മിക്കാന്‍ കഴിയുമെന്നതും രാജ്യത്തെ ഉള്‍നാടുകളിലെ ആരോഗ്യ ശുശ്രൂഷയില്‍ ഉത്പന്നത്തിന്റെ പ്രാധാന്യമേറ്റും. ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കാം, ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു മാറ്റാം, എളുപ്പത്തില്‍ ഉപയോഗിക്കാം എന്നുള്ളതെല്ലാം ഉത്പന്നത്തിന്റെ പ്രത്യേകതകളാണ്. ജീവനുകള്‍ രക്ഷപ്പെടുത്താന്‍ ഇന്ത്യക്ക് ഇത്തരമൊരു ഉത്പന്നം ആവശ്യമായിരുന്നു.”- അമിതാഭ് കാന്ത് ട്വിറ്ററില്‍ കുറിച്ചു. എയര്‍ ബസുകള്‍ക്കും ബോയിങ് വിമാനങ്ങള്‍ക്കും മറ്റുമുള്ള ഘടക വസ്തുക്കള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന ഡയനാമിക് ടെക് രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള ഓട്ടോമൊബൈല്‍ ഘടക വസ്തു നിര്‍മാതാക്കളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന എന്‍ജിനീയറിംഗ് കമ്പനിയുമാണ്.- ട്വീറ്റില്‍ പറഞ്ഞു.

അതിനിടെ, കൊവിഡ് വൈറസിനോടുള്ള പോരാട്ടത്തില്‍ യൂസ്ഡ് കാറുകളുടെ ഭാഗങ്ങളും മറ്റും ഉപയോഗിച്ച് വെന്റിലേറ്റര്‍ നിര്‍മിക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തങ്ങളെന്ന് സംഘര്‍ഷബാധിതമായ അഫ്ഗാനിസ്ഥാനിലെ റോബോട്ടിക് സംഘം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എ എഫ് പി പുറത്തുവിട്ടതാണ് ഇക്കാര്യം. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സംഘമാണിത്. വെന്റിലേറ്റര്‍ നിര്‍മിച്ച ശേഷം ടെസ്റ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിനു കൈമാറുമെന്ന് സംഘത്തിന്റെ വക്താവ് വാഹിദ് മായര്‍ പറഞ്ഞു.