Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിനെത്തിയവര്‍ക്കെതിരെ നാട്ടുകാര്‍; കര്‍ണാടകയിലെ പദരായന്‍പുരയില്‍ 59 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലെ പദരായനപുരയില്‍ കൊവിഡ് രോഗം സംശയിക്കുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ എത്തിയ മുന്‍സിപാലിറ്റി അധികൃതരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പദരായനപുരയില്‍ 15 കൊവിഡ് രോഗികളെ കണ്ടെത്തിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. കൂടുതല്‍ പേര്‍ക്ക് അസുഖം ബാധിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനക്കായി ഇവിടെയെത്തിയ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി പ്രാദേശിക നിവാസികളില്‍ ചിലര്‍ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ 59 പേര്‍ക്കെതിരെ കേസെടുത്തു.

മുദ്രാവാക്യം മുഴക്കിയെത്തിയ സംഘം, അധികൃതര്‍ സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങള്‍ പലതും തകര്‍ത്തു. മേശകളും കസേരകളും എടുത്തെറിയുകയും ബാരിക്കേഡുകള്‍ നശിപ്പിക്കുകയും പോലീസ് പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. അക്രമത്തെ കുറിച്ച് അറിഞ്ഞയുടന്‍ ദക്ഷിണ ബെംഗളൂരു പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുമായും പോലീസുമായും ചര്‍ച്ച നടത്തി. കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബൊമ്മെ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല. പദരായന്‍പുരയില്‍ പോകുമെന്നും ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ വീടുകള്‍ക്കകത്തു തന്നെ കഴിയണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു ട്വീറ്റ് ചെയ്തു. “നിങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്നു, എന്നാല്‍ മറ്റു നിവൃത്തിയില്ല. നിങ്ങളുടെ സഹകരണം പ്രശംസനീയമാണ്.”- അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ 390 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേര്‍ മരിച്ചു.