Connect with us

Editorial

വിപണിക്കു വേണ്ടിയാകരുത് മരുന്ന് ഗവേഷണം

Published

|

Last Updated

കൊവിഡ് 19നെതിരെ വാക്‌സിനോ ഫലപ്രദമായ മരുന്നോ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഗവേഷണങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി നടക്കുന്നുണ്ട്. ഗവേഷകര്‍ പരസ്പരം വിവരങ്ങള്‍ കൈമാറുന്നുമുണ്ട്. അത് ആശ്വാസകരമാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്വമോ വലിപ്പത്തരമോ അല്ല ഇത്തരം ഗവേഷണങ്ങള്‍. അത് മാനവരാശിക്ക് വേണ്ടിയുള്ളതാണ്. ആ അര്‍ഥത്തില്‍ എല്ലാവരും കൈകോര്‍ക്കുക തന്നെയാണ് വേണ്ടത്. കൊറോണ വൈറസിനെതിരായ പോരാട്ടം ഇത്തവണത്തെ ആക്രമണത്തോടെ തുടങ്ങിയ ഒന്നല്ല. 40 കൊല്ലമായി ശാസ്ത്ര ലോകം അതിന്റെ പിറകേയുണ്ട്. ഓരോ തവണയും വൈറസ് പുതിയ ജനിതകമാറ്റങ്ങളോടെ പ്രത്യക്ഷപ്പെടുകയാണ്. അതോടെ എല്ലാ അന്വേഷണവും ആ വഴിക്ക് തിരിക്കേണ്ടി വരുന്നു. വൈറസുകളുടെ ഈ സ്വഭാവം മരുന്നിന്റെയും വാക്‌സിനുകളുടെയും ഫലപ്രാപ്തിയെ വെല്ലുവിളിക്കുകയാണ്. 2002ല്‍ വൈറസ് കൂടുതല്‍ ശക്തിയാര്‍ജിച്ചു. സിവിയര്‍ അക്യൂട്ട് റസ്പറേറ്ററി സിന്‍ഡ്രോം അഥവാ സാര്‍സ് മാനവരാശിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. പത്ത് വര്‍ഷം കഴിഞ്ഞ് 2012ല്‍ ഈ വൈറസ് മധ്യപൂര്‍വേഷ്യയില്‍ താണ്ഡവമാടി. അന്ന് നാമതിനെ മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോം എന്ന് വിളിച്ചു. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പ്രത്യക്ഷപ്പെട്ട വൈറസിന്റെ പുതുപതിപ്പിന് കൊവിഡ് 19 എന്ന് പേരിട്ടു. മുന്‍ വരവുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം അതിഭീകരമായ വ്യാപന ശേഷിയാണ്. നിയന്ത്രണ നടപടികള്‍ എന്തെന്ന് വിശകലനം ചെയ്യും മുമ്പേ പരന്നിരിക്കും. ലോകത്തെ മിക്ക രാജ്യങ്ങളെയും ലോക്ക്ഡൗണാക്കാന്‍ വൈറസിന് സാധിച്ചു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തികാഘാതമാണ് ഈ വൈറസ് ഉണ്ടാക്കാന്‍ പോകുന്നത്. രോഗം ഭേദമായവര്‍ ഇനിയൊരിക്കലും വൈറസ് ബാധയുണ്ടാകാത്തവിധം പ്രതിരോധ ശേഷി കൈവരിച്ചുവെന്ന് പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഘാതം ഇത്ര വലുതായത് കൊണ്ട് ഗവേഷകര്‍ സമയവുമായുള്ള മല്‍പ്പിടിത്തത്തിലാണ്. എത്രയും വേഗം ഏറ്റവും ഫലപ്രദമായ മരുന്ന് അല്ലെങ്കില്‍ വാക്‌സിന്‍ കണ്ടെത്തിയേ തീരൂ. എവിടെ നിന്ന് മനുഷ്യനിലെത്തി, വൈറസ് എങ്ങനെ വ്യാപിക്കുന്നു, നേരത്തേ കണ്ടെത്തിയ മരുന്നുകള്‍ മനുഷ്യന്റെ പ്രതിരോധ ശേഷിയെ കുറച്ച് കളഞ്ഞത് കൊണ്ടാണോ ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് ഇത്ര വേഗത്തില്‍ പടരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം കണ്ടെത്താനായിട്ടില്ല. എങ്കിലും ചില തലങ്ങളില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജനിതക ഘടന കണ്ടെത്താന്‍ സാധിച്ചു. സാര്‍സിന്റെയും മെര്‍സിന്റെയും വസൂരി, പോളിയോ വൈറസുകളുടെയും കാര്യത്തില്‍ ആര്‍ജിച്ച അനുഭവ സമ്പത്ത് കരുത്താണ്. ഗിലിയാഡ് സയന്‍സസിന്റെ ആന്റി വൈറല്‍ ഔഷധമായ റെംഡെസിവിര്‍ ഉപയോഗിച്ച് കൊവിഡ് 19 ഗുരുതരമായി ബാധിച്ച രോഗികള്‍ക്ക് ഷിക്കാഗോ ആശുപത്രിയില്‍ ചികിത്സ നല്‍കിയത് ഒരു മുന്നേറ്റമാണ്. ഈ ചികിത്സ തേടിയവര്‍ പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടിയതായി കണ്ടെത്തി. റെംഡെസിവിര്‍ എന്ന മരുന്ന് കൊവിഡ് 19ന് എതിരായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം.

ഗിലിയാഡ് നടത്തുന്ന ക്ലിനിക്കല്‍ പരിശോധനാ ഫലത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയോടെയാണ് മെഡിക്കല്‍ രംഗം കാത്തിരിക്കുന്നത്. ക്ലിനിക്കല്‍ പരിശോധനയുടെ ഫലം പോസിറ്റീവ് ആയാല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെയും മറ്റ് റഗുലേറ്ററി ഏജന്‍സികളുടെയും അംഗീകാരം ലഭിക്കണം. ഈ ചികിത്സാ രീതി ഫലപ്രദവും സുരക്ഷിതവുമാണെങ്കില്‍ കൊവിഡ് 19ന് എതിരെയുള്ള ആദ്യ അംഗീകൃത ചികിത്സ ഇതായി മാറും.
കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ കൊറോണ വൈറസ് പ്രതിരോധത്തിന് സഹായകരമാകുമോ എന്ന അന്വേഷണത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. കുഷ്ഠരോഗത്തിന് എതിരായ എം ഡബ്ല്യൂ വാക്‌സിനാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈറസിന്റെ ഉത്ഭവവും വ്യാപനവും കണ്ടെത്താന്‍ സഹായിക്കുന്ന, ജനിതക ശ്രേണി (ജീനോം സീക്വന്‍സിംഗ്) പരിശോധനക്ക് ഇന്ത്യ ശ്രമം തുടങ്ങിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി എസ് ഐ ആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മുണ്ടെ പറയുന്നു. വൈറസ് പരിവര്‍ത്തനം ചെയ്യുന്നുണ്ടോ എന്നും അതിനെതിരെ ഉപയോഗിക്കുന്ന മരുന്നുകളോട് പ്രതിരോധിക്കുന്നുണ്ടോ എന്നും ഇതിലൂടെ മനസ്സിലാക്കാനാകും. വരുന്ന രണ്ടാഴ്ചക്കുള്ളില്‍ 500 മുതല്‍ 1,000 വരെ ജനിതക ശ്രേണി പരിശോധനകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന് ഇതിനിടക്ക് അമിത പ്രാധാന്യം കൈവന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. ഈ മരുന്ന് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇവിടെ നിന്ന് അത് ഇറക്കുമതി ചെയ്യാന്‍ ക്യൂ നില്‍ക്കുകയാണ് മറ്റ് രാജ്യങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി വന്നത് അങ്ങനെയാണ്. എന്നാല്‍ ഈ മരുന്ന് കൊവിഡ് ചികിത്സയില്‍ നിര്‍ണായകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നാണ് ഐ സി എം ആര്‍ വ്യക്തമാക്കുന്നത്. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മഹാരാഷ്ട്രയില്‍ വ്യാപകമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ മരുന്ന് കൊവിഡിന്റെ ചില ലക്ഷണങ്ങളെ സുഖപ്പെടുത്തുന്നുണ്ടാകാം. അതിലപ്പുറത്തേക്ക് പോകാനാകുമെന്ന് തെളിയിക്കാന്‍ പരിശോധനാഫലങ്ങളൊന്നുമില്ല.

മരുന്നിലും ചികിത്സയിലും രോഗശമന പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയം കലര്‍ത്താതിരിക്കുകയാണ് ഇപ്പോള്‍ ഭരണാധികാരികള്‍ ചെയ്യേണ്ടത്. കൂട്ടായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. വിപണിക്ക് വേണ്ടിയല്ല, മനുഷ്യരാശിയെ രക്ഷിക്കാന്‍ വേണ്ടിയാകണം പരീക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമം തീകൊണ്ടുള്ള കളിയാണ്. ഇത്തരം നയതന്ത്ര യുദ്ധങ്ങള്‍ക്കുള്ള സമയമല്ല ഇത്.

Latest