Connect with us

Kozhikode

അമ്മയെ കാണാനായി സ്നേഹസമരം; സാഷിക്ക് മുന്നിൽ ലോക്ക്ഡൗൺ വിലക്ക് വഴിമാറി

Published

|

Last Updated

സാഷി മാതാപിതാക്കളായ സുബീഷിന്റെയും നീതുവിന്റെയും ഒപ്പം

തൃശൂർ | കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ വിലക്കുകൾ രണ്ട് വയസ്സുകാരിയുടെ അമ്മയെ കാണാനുള്ള ശാഠ്യത്തിന് മുന്നിൽ വഴിമാറി. വിലക്കുകൾക്കുമപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ മൂല്യം കൂടിയാണ് ലോക്ക്ഡൗൺ കാലം ചൂണ്ടിക്കാണിക്കുന്നത്. ചാവക്കാട് പേരകം തയ്യിൽ സുബീഷിന്റെയും നീതുവിന്റെയും മകളായ സാഷിയാണ് അമ്മയെ കാണാനുള്ള സ്‌നേഹ സമരത്തിൽ വിജയിച്ചത്.
പാലക്കാട്ടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജീവനക്കാരിയായ നീതുവിന്റെ മകളായ സാഷിക്കാണ് അമ്മയെ കാണാതെ 24 ദിവസം കഴിയേണ്ടി വന്നത്. ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ് നീതുവിന്റെ അമ്മ തലശ്ശേരിയിലെ തറവാട്ട് വീട്ടിലേക്ക് സാഷിയെ കൂട്ടിക്കൊണ്ടുപോയി.
പാലക്കാട്ട് നിന്ന് നീതു തലശ്ശേരിയിലേക്ക് പോകാനായിരുന്നു പരിപാടി. പക്ഷേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം അതു നടന്നില്ല.

ഒരാഴ്ച കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് കുട്ടി അമ്മയെ കാണണമെന്ന് പറഞ്ഞ് കരച്ചിലായി. യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ വീട്ടുകാർ നിസ്സഹായരായിരുന്നു. കുഞ്ഞ് പിന്നീട് ഭക്ഷണം കഴിക്കാതെയായി. ലോക്ക്ഡൗൺ നീട്ടിയതോടെ പ്രശ്‌നം രൂക്ഷമായി. തുടർന്ന് സാഷിയുടെ അച്ഛൻ കെ വി അബ്ദുൽ ഖാദർ എം എൽ എയെ സമീപിക്കുകയും അദ്ദേഹം രണ്ട് വയസ്സുകാരിയെ അമ്മയുടെ അടുത്ത് എത്തിക്കാൻ അച്ഛന് യാത്രാനുമതി നൽകണം എന്ന കത്ത് സുബീഷിന് നൽകുകയും ചെയ്തു.

ചാവക്കാട് നിന്ന് കോഴിക്കോട് വടകര വഴിയുള്ള യാത്രയിൽ നിരവധി തവണ പോലീസ് കാർ തടഞ്ഞു. എല്ലായിടത്തും കത്ത് കാണിച്ചതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ പരസ്പരം ചർച്ച ചെയ്ത് യാത്രാനുമതി നൽകി.
ഇതോടെ അമ്മയെ കാണാനുള്ള സാഷിയുടെ ആഗ്രഹം സഫലമായി. പോലീസിന്റെ സഹായത്തോടെയാണ് തലശ്ശേരിയിൽ നിന്ന് ചാവക്കാട് പേരകത്തെ വീട്ടിലേക്ക് കുട്ടിയെ എത്തിച്ചത്.
കെ വി അബ്ദുൽഖാദർ എം എൽ എ സാഷിയുടെ വീട് സന്ദർശിച്ചു. എ വി അഭിലാഷ്, എറിൻ ആന്റണി, വാർഡ് കൗൺസിലർ പ്രസീത മുരളീധരൻ എന്നിവർ എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.

Latest