Connect with us

Covid19

കഥ പറയുന്നു ആ മീസാൻ കല്ലുകൾ; രണ്ട് മഹാമാരികളെക്കുറിച്ച്

Published

|

Last Updated

കോഴിക്കോട് | ആയിരക്കണക്കിന് മീസാൻ കല്ലുകൾ അണിതെറ്റാതെ പാകിവെച്ച നഗരഹൃദയത്തിലെ ആ ഭൂമികക്ക് പറയാനുണ്ട് ഒന്നര നൂറ്റാണ്ടിനപ്പുറത്തെ രണ്ട് മഹാമാരികളുടെ കഥ. കണ്ണംപറമ്പ് ഖബർസ്ഥാൻ എന്നറിയപ്പെടുന്ന 13 ഏക്കർ സ്ഥലം 1858ലുണ്ടായ കോളറയെന്ന നടപ്പുദീനത്തിന്റെ അനുഭവസാക്ഷ്യത്തിൽ നിന്ന് രൂപമെടുത്തതാണ്.

കോഴിക്കോട് പട്ടണത്തിലെ ഏതാണ്ട് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മുസ്‌ലിംകളുടെ പൊതുശ്മശാനം എന്ന നിലക്ക് ഏത് സമയവും ആളൊഴിയാതെ ഖബർ സന്ദർശനം നടക്കാറുള്ള ഇവിടുത്തെ ഗേറ്റുകൾ പുതിയ മഹാമാരിയിൽ അടഞ്ഞുകിടക്കുമ്പോൾ മിഴിതുറക്കുന്നത് കൃത്യം 162 വർഷം മുമ്പത്തെ ചരിത്രത്തിലേക്ക്. 1858ൽ ഇതുപോലൊരു ഏപ്രിൽ മാസം നാലിനായിരുന്നു മുസ്‌ലിംകൾക്കുള്ള പൊതു ശ്മശാന ഭൂമിയെക്കുറിച്ച് പഠിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ മലബാർ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടത്.

നടപ്പുദീനം എന്ന് ബ്രീട്ടീഷ് രേഖകളിൽ കാണുന്ന കോളറയെന്ന മഹാമാരി 1858ൽ കോഴിക്കോട് നഗരത്തെ പിടിച്ചുകുലുക്കി. ആളുകൾ മരിച്ചുവീഴുന്നതിന് കണക്കില്ലാത്ത അവസ്ഥ. പരിസരത്തെ അടുത്തടുത്തുള്ള 48 ഓളം ശ്മശാനങ്ങളിൽ മരിച്ചവരെ ദിവസേനയെന്നോണം ഖബറടക്കുന്നു. എന്നാൽ, ഇത് വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ കണ്ടെത്തി. ഇക്കാര്യത്തിന് ഒരു പരിഹാരം കാണുന്നതിനായി മലബാർ മജിസ്‌ട്രേറ്റായിരുന്ന റോബിൻസണെ നിയോഗിച്ചു. മാപ്പിളമാരെ മുഷിപ്പിക്കാതെ കാര്യം പറഞ്ഞ് ബോധിപ്പിക്കണമെന്നാണ് റോബിൻസന് ബ്രിട്ടീഷ് സർക്കാർ നൽകിയ നിർദേശം.

എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് റോബിൻസൺ നൽകിയ റിപ്പോർട്ട് പ്രകാരം നഗരത്തിൽ സൗത്ത് ബീച്ചിനപ്പുറം കണ്ണംപറമ്പിൽ ഭൂമി വിലക്കെടുത്ത് സർക്കാർ ചുറ്റുമതിൽ കെട്ടി. തുടർന്ന് മറ്റ് ശ്മശാനങ്ങളിൽ ഖബറടക്കുന്നത് നിരോധിച്ച് നഗരത്തിലെ നിശ്ചിത ഏരിയകളിലുള്ള മയ്യിത്തുകൾ കണ്ണംപറമ്പിൽ നിർബന്ധമായും അടക്കം ചെയ്യാനുള്ള ഉത്തരവ് ഉണ്ടാകണമെന്ന റോബിൻസന്റെ നിർദേശം സർക്കാർ ഒറ്റയടിക്ക് അംഗീകരിച്ചില്ല. കോളറ രോഗം മെല്ലെ നാടുനീങ്ങി. എന്നാൽ, മുസ്‌ലിം കമ്മിറ്റിക്ക് കണ്ണംപറമ്പ് ഭൂമി ബ്രിട്ടീഷ് അധികൃതർ കൈമാറി. ഇതിന് ശേഷം നഗരത്തിൽ നിന്നെത്തുന്ന അനാഥ മയ്യിത്തുകൾ അവിടെ ഖബറടക്കി തുടങ്ങി.1890ൽ കോളറ നഗരത്തെ വീണ്ടും പിടിച്ചുകുലുക്കി. 900 മയ്യിത്തുകളോളം ചെറിയ ശ്മശാനങ്ങളിൽ അടക്കേണ്ടി വന്നു.

പൊതുശ്മശാനം എന്ന ആശയം വീണ്ടും പൊങ്ങി വന്നു. ബ്രിട്ടീഷ് സർക്കാർ കരുതലോടെ കാര്യങ്ങൾ നീക്കി. ഇതു സംബന്ധിച്ച് അന്നത്തെ കലക്ടർ ഇൻ ചാർജായിരുന്ന ഡബ്ല്യു ഡ്യുമഗ് മാപ്പിളമാരിലെ പ്രമുഖരുമായി അനൗദ്യോ ഗിക ചർച്ചകളും എഴുത്തുകുത്തുകളും നടത്തി. അവസാനം 1890 ജൂലൈ ഏഴിന് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ തൊപ്പിലകത്ത് കോയട്ടിഹാജി എന്നയാൾ മാപ്പിളമാർക്ക് ഒരു പൊതു ശ്മശാനം എന്ന ആശയത്തെ അനുകൂലിച്ചതായും ജമാഅത്ത് പള്ളിയിലെ ഖാസി ഇമ്പിച്ചിക്കോയ തങ്ങൾ ഇതിനെ പിന്താങ്ങിയതായും ബ്രിട്ടീഷ് രേഖയായ മലബാർ ഗസറ്റിൽ കാണുന്നുണ്ട്. കൂടാതെ, പുതിയങ്ങാടി തങ്ങളും മാളിയേക്കൽ മുത്തുക്കോയ തങ്ങളും ഈ നിർദേശത്തോട് അനുകൂല നിലപാട് സ്വീകരിച്ചതായും മലബാർ ഗസറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, കണ്ണംപറമ്പ് ശ്മശാനം അംഗീകരിക്കാൻ അപ്പോഴും നേതാക്കൾ തയ്യാറായില്ല. ബ്രിട്ടീഷ് സർക്കാർ നിർബന്ധിച്ചതുമില്ല. തക്കതായ സ്ഥലം കണ്ടെത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു.

ബേപ്പൂർ റോഡിലെ ടോൾഗേറ്റിന് സമീപത്തെ സ്ഥലം കമ്മിറ്റി പരിഗണിച്ചു. പള്ളിപ്പറമ്പ്, മിതപ്പറമ്പ് എന്നീ സ്ഥലങ്ങളും കൂട്ടത്തിൽ കണ്ണംപറമ്പും പരിഗണനയിൽ വെച്ചു. എന്നാൽ, ബേപ്പൂർ ടോൾഗേറ്റിന് സമീപത്തേക്ക് ശ്മശാനം മാറ്റുന്നതിനോട് നഗരത്തിലെ മുസ്‌ലിംകൾ അനുകൂല നിലപാട് സ്വീകരിച്ചില്ല. ദൂരം കൂടുതലായതു കൊണ്ട് മയ്യിത്തിനെ അനുഗമിക്കുകയെന്ന പാവനമായ പ്രവൃത്തി ഇല്ലാതെയായിപ്പോകുമെന്ന ഭയമായിരുന്നു അവർക്ക്. അവസാനം കണ്ണംപറമ്പ് ശ്മശാനം എന്ന ആശയത്തിലേക്ക് എല്ലാവരും എത്തിപ്പെട്ടു. അപ്പോഴേക്കും പത്ത് വർഷം പിന്നിട്ടിരുന്നു. 1901 നവംബർ മാസം കൂടിയ നഗരസഭാ യോഗത്തിൽ നഗരത്തിലെ നിശ്ചിത ഏരിയയിലുള്ള മയ്യിത്തുകൾ കണ്ണംപറമ്പിൽ മാത്രമേ ഖബറടക്കാൻ പാടുള്ളൂവെന്ന് ഉത്തരവിറക്കി.

കിഴക്ക് -മൂരിയാട് പുഴ, വടക്ക് – ജയിൽ നിരത്തും വലിയങ്ങാടി നിരത്തും , പടിഞ്ഞാറ് – സമുദ്രം, തെക്ക് -കല്ലായിപ്പുഴ എന്നിങ്ങനെയാണ് അതിർത്തി തിരിച്ചത്. നിർദേശം ലംഘിക്കുന്നവരോട് പിഴയീടാക്കുമെന്നും ഉത്തരവിലുണ്ട്. ഇന്ന് കോഴിക്കോട് നഗരത്തിലെ പ്രമുഖമായ ഖബർസ്ഥാനുകളിൽ ഒന്നാണ് കണ്ണംപറമ്പ്. സ്വാതന്ത്ര്യ സമര സേനാനികളായ മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ്, ഇ മൊയ്തു മൗലവി, മുൻ മന്ത്രിമാരായ പി എം അബൂബക്കർ, പി പി ഉമർകോയ, ബി വി അബ്ദുല്ലക്കോയ എം പി, ഒളിമ്പ്യൻ റഹ്‌മാൻ, മുൻ മേയർ കുന്നത്ത് ആലിക്കോയ എന്നിവരും ശൈഖ് മുഹമ്മദ് നഖ്ശബന്തി അടക്കമുള്ള ആത്മീയ നേതാക്കളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

Latest