Connect with us

Editorial

നിയന്ത്രണം കാറ്റില്‍ പറത്തി ആഘോഷങ്ങള്‍

Published

|

Last Updated

കൊറോണ വൈറസ് വ്യാപനം ഏറെക്കുറെ നിലക്കുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിരന്തരം ആവശ്യപ്പെടുമ്പോള്‍, ഉത്തരവാദപ്പെട്ടവര്‍ തന്നെ അവ ലംഘിക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം രാമനഗറില്‍ നടന്നത് ലോക്ക്ഡൗണ്‍ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു. അടുത്ത ബന്ധുക്കളായ 30 പേര്‍ മാത്രമേ ചടങ്ങില്‍ സംബന്ധിക്കുകയുള്ളൂവെന്നായിരുന്നു കുമാരസ്വാമി പറഞ്ഞിരുന്നത്. എന്നാല്‍ നൂറോളം പേര്‍ പങ്കെടുത്തു. ഇവരാരും മാസ്‌കോ കൈയുറയോ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും ഭാര്യയും സംബന്ധിച്ചിരുന്നു ചടങ്ങില്‍. സംഭവം വിവാദമായതോടെ രാമനഗര്‍ ഡെപ്യൂട്ടി കമ്മീഷണറോട് വിശദീകരണം തേടിയിരിക്കുകയാണ് കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണ്‍.

ഒരുമാസം മുമ്പ് കര്‍ണാടകയിലെ തന്നെ ബി ജെ പി നേതാവും എം എല്‍ എയുമായ മഹേഷ് കുമതല്ലിന്റെ വിവാഹം നടന്നതും ആര്‍ഭാടപൂര്‍വവും ആയിരങ്ങളെ പങ്കെടുപ്പിച്ചുമായിരുന്നു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും എം എല്‍ എമാരും നിരവധി ബി ജെ പി നേതാക്കളും സംബന്ധിച്ച ഈ വിവാഹം, കര്‍ണാടകയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രോഗം ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്ത ശേഷമായിരുന്നു. വിവാഹങ്ങളും പാര്‍ട്ടികളും കണ്‍വെന്‍ഷനുകളുമെല്ലാം ഒഴിവാക്കാനും ജനസമ്പര്‍ക്കം തടയാനും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുമുണ്ടായിരുന്നു ആ ഘട്ടത്തില്‍. രണ്ടായിരം പേരാണ് ഇതില്‍ പങ്കെടുത്തത്. ആളുകള്‍ കൂട്ടത്തോടെ ചടങ്ങിലേക്ക് വരുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കര്‍ണാടക തുരുവക്കരെ മണ്ഡലത്തിലെ ബി ജെ പി. എം എല്‍ എ ജയറാമിന്റെയും മഹാരാഷ്ട്ര വാര്‍ധയിലെ ബി ജെ പി. എം എല്‍ എ ദാദാറാവു കീച്ചെയുടെയും പിറന്നാളാഘോഷങ്ങളും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാണ് നടന്നത്. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണെന്ന സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്.

വ്യാഴാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത രഥോത്സവം അരങ്ങേറിയതും കര്‍ണാടകയില്‍ തന്നെ. സംസ്ഥാനത്തെ പ്രധാന കൊവിഡ് ഹോട്ട് സ്‌പോട്ടും രാജ്യത്ത് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത പ്രദേശവുമായ കല്‍ബുര്‍ഗിയിലായിരുന്നു ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള രഥോത്സവം. ചടങ്ങില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. കല്‍ബുര്‍ഗിയില്‍ ഇതിനോടകം ഇരുപതിലേറെ പേര്‍ക്ക് കൊവിഡ് 19 ബാധിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിഷുവിന്റെ തലേദിവസം കേരളത്തിലെ വിപണികളിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ തടിച്ചു കൂടിയിരുന്നു.

ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗമാണ് കൊവിഡ്. ജനസമ്പര്‍ക്കം ഒഴിവാക്കുകയാണ് രോഗപ്പകര്‍ച്ച തടയാനുള്ള ഏകമാര്‍ഗമെന്ന് ആരോഗ്യവിദഗ്ധരും ഭരണാധികാരികളും അടിക്കടി ജനങ്ങളെ ബോധവത്കരിച്ചു കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോ ആധുനിക ചികിത്സാ സൗകര്യങ്ങളോ ഒന്നും ഈ മഹാമാരിയെ തടയിടാന്‍ പര്യാപ്തമല്ലെന്ന് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ രോഗ വ്യാപനം വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഇതടിസ്ഥാനത്തിലാണ് രാജ്യത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയത്. അപ്രതീക്ഷിതമായി കടന്നു വന്ന രോഗത്തിനെതിരെ തയ്യാറെടുപ്പുകള്‍ നടത്താനും സജ്ജീകരണങ്ങള്‍ ഒരുക്കാനും ഈ നിയന്ത്രണ കാലയളവ് ഭരണകൂടങ്ങള്‍ക്ക് അവസരം നല്‍കും. ലോക്ക്ഡൗണ്‍ ശരിയായി പാലിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് ഒരു ആഗോള ആരോഗ്യ സംഘടനയുടെ പഠനത്തെ ആസ്പദമാക്കി അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട വിശകലനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് വന്‍തോതിലുള്ള രോഗവ്യാപനം തടയാന്‍ കഴിഞ്ഞത് ലോക്ക്ഡൗണ്‍ നിയന്ത്രണം കൊണ്ടാണ്.

നിയന്ത്രണം ഏറെക്കുറെ കാര്യക്ഷമമായി നടപ്പാക്കിയ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ രോഗവ്യാപനം കുറവാണെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഇതിനകം രോഗം ഏറെക്കുറെ നിയന്ത്രണവിധേയമായിക്കഴിഞ്ഞു. അതേസമയം സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും വേണ്ടും വിധം പാലിക്കപ്പെടാത്ത മുംബൈയിലും ധാരാവിയിലും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മുംബൈയില്‍ രണ്ട് ദിവസം മുമ്പ് വരെ 2,073 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായി അറിയപ്പെടുന്ന ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം നൂറിലേറെയായി ഉയര്‍ന്നു. എട്ട് ലക്ഷത്തിലധികം പേര്‍ തിങ്ങിത്താമസിക്കുന്ന ഇവിടം സാമൂഹിക അകലം ഉറപ്പ് വരുത്തുക അധികൃതര്‍ക്ക് പ്രയാസമാണ്. കര്‍ണാടകയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ അനുഭവപാഠം മുന്നിലുണ്ടായിരിക്കെയാണ് ഉത്തരവാദപ്പെട്ടവര്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില പോലും കല്‍പ്പിക്കാതെ വിവാഹ മാമാങ്കങ്ങളും ജന്മദിന പരിപാടികളും ഉത്സവങ്ങളും നടത്തി വരുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെയോ ഏകാധിപത്യ ഭരണത്തിലെയോ പോലെ ജനങ്ങളെ അടിച്ചൊതുക്കി അനുസരിപ്പിക്കാന്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്കാകില്ല. പകര്‍ച്ചവ്യാധി നിയന്ത്രണം പോലുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ സ്വയം ബോധവാന്മാരായി സ്വമേധയാ അനുസരിക്കാന്‍ സന്നദ്ധമാകേണ്ടതുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരെ, അവരെത്ര ഉന്നതരായാലും, സമൂഹത്തിനു പാഠമാകുന്ന വിധം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം.