Connect with us

Gulf

ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ സ്ഥാനപതി അയച്ച സന്നദ്ധ പ്രവര്‍ത്തകരെ ഐ എസ് സി തിരിച്ചയച്ചു

Published

|

Last Updated

അബുദാബി | ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറിന്റെ അഭ്യര്‍ത്ഥന പ്രകാരം കോവിഡ് 19 കൊറോണ വൈറസ് വാര്‍ഡ് ഒരുക്കാന്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐ എസ് സി) എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ തിരിച്ചയച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് കീഴില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അബുദാബി ആരോഗ്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിലെ പ്രധാന സംഘടന ഭാരവാഹികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയ സ്ഥാനപതി ഐസുലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ അനുമതി ലഭിച്ചാല്‍ ആവശ്യമായ സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് സന്നദ്ധ സംഘടനകള്‍ സ്ഥാനപതിക്ക് ഉറപ്പ് നല്‍കിയതുമാണ്.

ഇതടിസ്ഥാനത്തിലാണ് ഐസുലേഷന്‍ വാര്‍ഡ് ഒരുക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ ഐ എസ് സി യിലേക്ക് അയച്ചത്. സ്ഥാനപതി കാര്യാലയത്തിന്റെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് സന്നദ്ധ പ്രവര്‍ത്തകരെ ഐ എസ് സി തിരിച്ചയച്ചത്. എന്നാല്‍, ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കുന്നതിന് ഐ എസ് സി വിട്ട് തരണമെന്ന് ബന്ധപ്പെട്ടവരോട് നിരവധി തവണ സ്ഥാനപതി അഭ്യര്‍ത്ഥിച്ചതും വേണ്ട സഹായം നല്‍കാമെന്ന് ഭാരവാഹികള്‍ വാഗ്ദാനം ചെയ്തതുമാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് അബുദാബി ഐ എസ് സി ജനറല്‍ സെക്രട്ടറി ജോജോ അമ്പുക്കന്‍ സിറാജിനോട് വ്യക്തമാക്കിയത്. ഐസൊലേഷന്‍ സൗകര്യം ഒരുക്കുന്നതിന് സ്ഥാപനത്തിനകത്ത് നിരവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തേണ്ടതുണ്ട്. വിവിധ ഘടകങ്ങളില്‍ ചര്‍ച്ച നടത്തിയാല്‍ മാത്രമേ ഐ എസ് സി ക്ക് തീരുമാനം അറിയിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ ഇടങ്ങളില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനത്തിലെത്താന്‍ കഴിയില്ല, എംബസിയുടെ ഔദ്യോഗിക അഭ്യര്‍ത്ഥന ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കഴികയുള്ളൂവെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.