Connect with us

Editorial

ഓപറേഷന്‍ സാഗര്‍ റാണി ശക്തമാക്കണം

Published

|

Last Updated

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച ഓപറേഷന്‍ സാഗര്‍ റാണി സംസ്ഥാനത്ത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചീഞ്ഞളിഞ്ഞതും മാരകമായ രാസവസ്തുക്കള്‍ ചേര്‍ന്നതുമായ മത്സ്യം സംഭരിക്കുന്നതും വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ഈ നിയമങ്ങള്‍ കാറ്റില്‍പറത്തി സംസ്ഥാനത്തെങ്ങും ഗുണനിലവാരമില്ലാത്ത മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യക്ഷാമം അനുഭവപ്പെട്ടപ്പോള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ വന്‍തോതില്‍ കൊണ്ടുവന്നിരുന്നു. ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന റെയ്ഡില്‍ ഇത്തരം ടണ്‍ കണക്കിനു മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ട്രോളിംഗ് നിരോധന കാലത്തും എത്താറുണ്ട് വിഷമയ മത്സ്യങ്ങള്‍ വന്‍തോതില്‍.

കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ ഉപയോഗ ശൂന്യമായ വന്‍തോതിലുള്ള മത്സ്യമാണ് ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് പിടിച്ചെടുത്തു നശിപ്പിച്ചത്. ഏപ്രില്‍ നാലിന് ആരംഭിച്ച ഓപറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2,866 കിലോഗ്രാം, ഏപ്രില്‍ ആറിന് 15,641 കിലോഗ്രാം, ഏപ്രില്‍ ഏഴിന് 17,018 കിലോഗ്രാം, ഏപ്രില്‍ എട്ടിന് 7,558 കിലോഗ്രാം, ഏപ്രില്‍ ഒമ്പതിന് 7,755 കിലോഗ്രാം, 10ന് 11,756 കിലോഗ്രാം, 11ന് 35,786 കിലോഗ്രാം, 12ന് 2,128 കിലോഗ്രാം, 13ന് 7,349 കിലോഗ്രാം, 14ന് 4,260 കിലോഗ്രാം, 15ന് 1,320 കിലോഗ്രാം, 16ന് 282 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത മത്സ്യത്തിന്റെ കണക്ക്. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ മത്സ്യങ്ങള്‍ ഏറെയും എത്തിയത്. ചെന്നൈയിലെ കാശിമേട്, എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് കൂടുതല്‍ മത്സ്യം വരുന്നത്. പരിശോധനകളില്‍ കണ്ടെത്താതിരിക്കാന്‍ പഴകിയ മത്സ്യത്തോടൊപ്പം അത്രകണ്ട് കേടുവരാത്ത മത്സ്യവും കൂട്ടിക്കലര്‍ത്തിയാണ് ഏജന്റുമാര്‍ കൊണ്ടുവരുന്നത്. മാര്‍ക്കറ്റുകളിലും വണ്ടിക്കച്ചവടക്കാരും ഇവ വില്‍ക്കുന്നത് ഫ്രഷ് മീന്‍ എന്ന ലേബലിലും. കേരളത്തിലെ ഒരു ദിവസത്തെ മത്സ്യത്തിന്റെ ഉപഭോഗം 2,500 ടണ്ണാണെന്നാണ് മൊത്തക്കച്ചവടക്കാരുടെ കണക്ക്. ഇതില്‍ 45 ശതമാനത്തിലേറെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയാണ്.

അമോണിയ, സോഡിയം ബെന്‍സോയറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളാണ് മത്സ്യങ്ങളില്‍ ചേര്‍ക്കുന്നത്. മത്സ്യം ചീഞ്ഞു പോകാതിരിക്കാനായി ഉപയോഗിക്കുന്ന ഐസിനോടൊപ്പമാണ് ഇവ ചേര്‍ക്കുന്നത്. ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്നതാണ് ഫോര്‍മാലിന്‍. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഇതുതന്നെയാണ്. മീനിന്റെ മാംസത്തില്‍ ഫോര്‍മാലിന്‍ പ്രവേശിച്ചാല്‍ അഴുകുകയോ ദുര്‍ഗന്ധം വമിക്കുകയോ ഇല്ല. മനുഷ്യ ശരീരത്തിലെത്തിയാല്‍ ഇത് വിഷമായി പ്രവര്‍ത്തിക്കും. മീനിലെ പ്രോ ട്ടീനിനെ വരെ ബാധിക്കുന്ന ഫോര്‍മാലിന്‍ കഴുകിയാലും വേവിച്ചാലും പുറത്തു പോകില്ല.

ഫോര്‍മാലിന്‍ അടങ്ങിയ മീന്‍ സ്ഥിരമായി കഴിക്കുന്നത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും വൃക്കരോഗത്തിനടക്കം സാധ്യത വര്‍ധിക്കുകയും ചെയ്യുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെന്‍ട്രല്‍ ഫിഷറീസ് ടെക്‌നോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സോഡിയം ബെന്‍സോയറ്റിന്റെ ഉപയോഗം ക്യാന്‍സര്‍ മുതല്‍ ജനിതക വൈകല്യത്തിനു വരെ കാരണമാകും. മീനില്‍ ചേര്‍ക്കുന്ന ഐസ് പെട്ടെന്ന് അലിഞ്ഞു തീരാതിരിക്കാനായി ചേര്‍ക്കുന്ന അമോണിയയും മനുഷ്യശരീരത്തിനു ഹാനികരമാണ്. കടലിലും ജലാശയങ്ങളിലും മാലിന്യങ്ങളിലൂടെ എത്തിച്ചേരുന്ന മൈക്രോബീഡുകള്‍ എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് കണങ്ങളും മത്സ്യങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നവരുടെ ദഹനവ്യൂഹത്തില്‍ പ്ലാസ്റ്റിക് കണങ്ങള്‍ എത്തിച്ചേരുകയും അത് മാരക ഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

മത്സ്യം കേടുവരാതിരിക്കാന്‍ രാസവസ്തു ചേര്‍ക്കുന്നതിനു പുറമെ വ്യാവസായികാടിസ്ഥാനത്തിലുള്ള മീന്‍ ഉത്പാദന കേന്ദ്രങ്ങളില്‍ മത്സ്യത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. മത്സ്യോത്പാദന കേന്ദ്രങ്ങളില്‍ തന്നെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന മീനുകളില്‍ പരിമിതമായ തോതിലേ ഇവ ഉപയോഗിക്കാറുള്ളൂ. മത്സ്യത്തില്‍ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യങ്ങള്‍ അവ തിരിച്ചയക്കുമെന്നതാണ് കാരണം. തങ്ങളുടെ ജനത ഭക്ഷിക്കുന്ന മത്സ്യങ്ങളില്‍ വിഷപദാര്‍ഥങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ മിക്ക രാജ്യങ്ങളും നിഷ്‌കര്‍ഷത പുലര്‍ത്തുന്നുണ്ട്. ഇതിനിടെ കേരളം വഴി കയറ്റുമതി ചെയ്ത ചെമ്മീന്‍ യൂറോപ്യന്‍ യൂനിയനില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുവിന്റെ തോത് കൂടിയതിനെ തുടര്‍ന്ന് തിരസ്‌കരിച്ചിരുന്നു. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇത്തരം മത്സ്യങ്ങള്‍ പ്രാദേശികതലത്തില്‍ വിതരണം ചെയ്യപ്പെടുമ്പോള്‍ മിക്കപ്പോഴും പരിശോധനക്ക് വിധേയമാക്കാറില്ല.

വൃത്താകൃതിയുള്ളതും തെളിച്ചമുള്ളതുമായ കണ്ണുകള്‍, ചെകിളപ്പൂവിനു നല്ല രക്തവര്‍ണം തുടങ്ങിയവ പഴകിയിട്ടില്ലാത്ത നല്ല മീനിന്റെ അടയാളമായാണ് പറയപ്പെടാറുള്ളത്. ഇന്ന് പക്ഷേ ചീഞ്ഞ മത്സ്യങ്ങള്‍ ചുവപ്പിച്ചു കാഴ്ചക്ക് ഫ്രഷ് ആണെന്നു തോന്നിപ്പിക്കാനും വഴികള്‍ കണ്ടെത്തിയിട്ടുണ്ട് മത്സ്യലോബി. കാര്‍ബണ്‍ മോണോക്‌സൈഡ് ചേര്‍ത്താല്‍ മത്സ്യം പുത്തനായി തോന്നിപ്പിക്കുമത്രെ.

കടലില്‍ നിന്നോ ജലാശയങ്ങളില്‍ നിന്നോ പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ അടുക്കിവെച്ച് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം നിറക്കുകയാണ് ചെയ്യുന്നത്. ഇതോടെ ദിവസങ്ങളോളം സൂക്ഷിക്കുമ്പോഴുണ്ടാകുന്ന നിറവ്യത്യാസവും വിളര്‍ച്ചയും ഇല്ലാതാകുമെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഓപറേഷന്‍ സാഗര്‍ റാണി കൂടുതല്‍ കാര്യക്ഷമമാക്കുകയും സംസ്ഥാനത്ത് വിഷമയ മത്സ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേരളീയ സമൂഹം മത്സ്യത്തിലൂടെ മാരകമായ രാസവസ്തുക്കള്‍ അകത്താക്കുകയും പലവിധ രോഗങ്ങള്‍ ഏറ്റുവാങ്ങുകയുമായിരിക്കും അനന്തരഫലം.

---- facebook comment plugin here -----

Latest