Connect with us

Kerala

'ഏലാന്തികുഞ്ഞാപ്പയാകരുത്'; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

തിരൂര്‍ | കേസിന്റെ ഗുണദോഷത്തെക്കുറിച്ച് പരിശോധിക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍. നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കെ എം ഷാജി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍. പൊതുപ്രവര്‍ത്തകരുടെ അഴിമതി നിരോധന നിയമപ്രകാരം മന്ത്രിമാര്‍ക്കെതിരേ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം. എംല്‍എമാര്‍ക്കെതിരേ കേസെടുത്ത് മുന്നോട്ടു പോവണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. സ്പീക്കര്‍ അതല്ലാതെ എന്ത് ചെയ്യും. സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ച്കണ്ടെത്തി കേസുമായി മുന്നോട്ടുപോവണമെന്ന് പറഞ്ഞാല്‍ കേസെടുക്കാന്‍ പറ്റില്ല എന്ന് പറയാനാവുമോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്വിലങ്ങുതടിയായി നില്‍ക്കലല്ല സ്പീക്കറുടെ ജോലിയെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണ്. നേരത്തെ കോടതി ഒരംഗത്തിന്അയോഗ്യത കല്‍പിച്ചു. കോടതി അയോഗ്യത കല്‍പിച്ചാല്‍ അയാള്‍ അയോഗ്യനായി. അയോഗ്യത ഇല്ലാതാകണമെങ്കില്‍ പിന്നെ നടപടി സ്‌റ്റേ ചെയ്യണം. സ്‌റ്റേ ചെയ്യുന്ന കാലാവധിക്കുള്ളില്‍ സ്പീക്കര്‍ എടുക്കേണ്ടത് അദ്ദേഹം അംഗമായിരിക്കില്ല എന്ന നടപടി സ്വീകരിക്കലാണ്. ഭരണ പക്ഷത്തെ അംഗത്തോടും അങ്ങനെയുള്ള നടപടിയാണ് സ്വീകരിച്ചത്.

നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി ഞാന്‍ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കണ്ട. ഞാനാ സംസ്‌കാരം പഠിച്ചിട്ടില്ല. അതൊന്നും ശരിയായ കാര്യമല്ല. എന്തിനാണീ വിവാദം എന്നെനിക്ക് മനസ്സിലാവുന്നില്ല.

വിജിലന്‍സ് കേസെടുക്കുന്നത് സ്പീക്കര്‍ ഓഫീസ് പറഞ്ഞിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ എഫ്‌ഐആര്‍ തയ്യാറാക്കി. തുടര്‍നടപടിക്കായി അനുമതി സ്പീക്കര്‍ ഓഫീസിനോട് ചോദിച്ചു. നിയമോപദേശ പ്രകാരം മുന്നോട്ടു പോകാമെന്നാണെങ്കില്‍ അത് വെട്ടിയിട്ട് നടപടി സ്വീകരിക്കാന്‍ പാടില്ലാ എന്നാണോ സ്പീക്കര്‍ ചെയ്യേണ്ടത്.

കൊണ്ടോട്ടിയില്‍ ഏലാന്തികുഞ്ഞാപ്പ ഉണ്ടായിരുന്നു. തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നില്ല എന്നു തോന്നുകയാണെങ്കില്‍ അവിടെ ഏറ്റവും ആദരണീയനായ കൊണ്ടോട്ടി തങ്ങളെ ചീത്ത പറയും. പുളിച്ച തെറി പറയും. അപ്പോ ആളുകള്‍ തടിച്ചു കൂടും. ആ കഥയാണ് തനിക്കോര്‍മ്മ വരുന്നത്. അങ്ങനെ ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു

രാഷ്ട്രീയമായ ആരോപണം ആര്‍ക്കും ഉന്നയിക്കാം പക്ഷെ നിയമസഭയുടെ കര്‍ത്തവ്യങ്ങളെ അതിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു

Latest