Connect with us

Covid19

ലോക്ക് ഡൗണ്‍ ഇളവുകള്‍; ജില്ലകളെ നാലു സോണുകളാക്കി ഉത്തരവിറങ്ങി

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് ബാധിത പ്രദേശങ്ങളെ നാല് സോണുകളാക്കി തിരിച്ച് ഇളവുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഓരോ പ്രദേശത്തുമുള്ള രോഗത്തിന്റെ തീവ്രത അനുസരിച്ച് ഹോട്ട്‌സ്‌പോട്ടുകളെ റെഡ് മേഖലയായും തീവ്രത കുറയുന്നതനുസരിച്ച് ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നീ മേഖലകളുമായാണ് തിരിച്ചിട്ടുള്ളത്.

റെഡ് സോണില്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്ന് വരെ പൂര്‍ണ രീതിയില്‍ ലോക്ഡൗണ്‍ ആയിരിക്കും. ഓറഞ്ച് എയില്‍പ്പെട്ട പത്തനംതിട്ട, എറണാകുളം,കൊല്ലം എന്നിവിടങ്ങളില്‍ ഈ മാസം 24 ന് ശേഷം ഭാഗികമായി ഇളവ് ലഭിക്കും. ഓറഞ്ച് ബിയില്‍പ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഈ മാസം 20 ന് ശേഷം ഭാഗികമായി ഇളവ് അനുവദിക്കും. ഗ്രീനില്‍ ഉള്‍പ്പെടുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ പൂര്‍ണമായ ഇളവ് 20 ന് ശേഷം ഉണ്ടാകും. ഓരോമേഖലക്കും പ്രത്യേകം ഇളവുകള്‍ ഉണ്ടെങ്കിലും കേന്ദ്രം പ്രഖ്യാപിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ഇവിടങ്ങളില്‍ പൂര്‍ണമായി നടപ്പിലാക്കും. റെഡ് മേഖലയായി തിരിച്ചിട്ടുള്ള പ്രദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കമുണ്ടാകാത്ത തരത്തില്‍ അടച്ചിടും.

വിമാനയാത്ര, ട്രെയിന്‍ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂര്‍ണ്ണമായി നിരോധിച്ചത് തുടരും. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്രകളും നിയന്ത്രിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിശീലന കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാശാലകള്‍, പൊതുസ്ഥലത്തെ ആള്‍ക്കൂട്ടം എന്നിവക്കുള്ള നിയന്ത്രണം സംസ്ഥാനത്ത് തുടരും.

കേന്ദ്ര പട്ടികയനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ രോഗവ്യാപനത്തിന്റേയും രോഗികളുടെ എണ്ണത്തിന്റേയും അടിസ്ഥാനത്തില്‍ മൊത്തം ജില്ലകളെ നാല് മേഖലകളാക്കി തിരിച്ച് ഇളവുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. സംസ്ഥാനത്തെ രോഗ വ്യാപന അവസ്ഥ കണക്കിലാക്കിയാണ് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്രത്തിന്റെ അനുമതിയോടെയാണ് സംസ്ഥാനം ജില്ലകളെ സോണുകളാക്കി തിരിച്ചത്.

Latest