Connect with us

Gulf

കോവിഡ് 19: അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് സഹായ ഹസ്തവുമായി സല്‍മാന്‍ രാജാവ്

Published

|

Last Updated

ദമാം | കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി അറേബ്യ അന്തരാഷ്ട്ര തലങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളെ പിന്തുണക്കുന്നതിന് 500 മില്യണ്‍ ഡോളര്‍ സഹായ ധനം നല്‍കും. കൂടുതല്‍ ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുതിയ ഡയഗ്‌നോസ്റ്റിക്‌സ്, ചികിത്സകള്‍, പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാല്‍, അന്താരാഷ്ട്ര നിരീക്ഷണത്തിനും ഏകോപനത്തിനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങളുടെ വിതരണം എന്നിവയാണ് ഇതുവഴി ഉറപ്പുവരുത്തുന്നത്.

കോവിഡ് 19 നെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കാന്‍ഡിഡേറ്റ് കോളിഷന്‍ ഫോര്‍ എപ്പിഡെമിക് -സിഇപിഐക്ക് 150 മില്യണ്‍ ഡോളറും, രോഗപ്രതിരോധവും ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ഇമ്യൂണൈസേഷണ് (ഗാവി)150 മില്യണ്‍ ഡോളറും ,മറ്റ് അന്താരാഷ്ട്ര, പ്രാദേശിക ആരോഗ്യ സംഘടനകള്‍ക്ക് 200 മില്യണ്‍ ഡോളറുമാണ് സഊദി നല്‍കുക.

കഴിഞ്ഞ മാസം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയില്‍ അന്താരാഷ്ട്ര സംഘടനകളുടെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും , ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഫണ്ട് സമാഹരിക്കാന്‍ നേതാക്കള്‍ സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സഹായ ഹസ്തവുമായി സഊദി അറേബ്യ രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ആഗോള ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ സഊദി അറേബ്യ എല്ലാ രാജ്യങ്ങളോടും സര്‍ക്കാരിതര സംഘടനകളോടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ആഹ്വാനം ചെയ്തു.